Sports

ഇറ്റലിയില്‍ ഇന്‍ററിന് 20-ാം കിരീടം

മിലാന്‍ ഡെര്‍ബിയില്‍ ഇന്‍ററിന്‍റെ തുടര്‍ച്ചയായ ആറാം ജയംകൂടിയായിരുന്നു ഇതെന്നത് ജയത്തിന്‍റെ മധുരമിരട്ടിപ്പിക്കുന്നു

Renjith Krishna

മിലാന്‍: അഞ്ചു മത്സരങ്ങള്‍ ശേഷിക്കേ, ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി ഇന്‍റര്‍ മിലാന്‍. മിലാന്‍ ഡെര്‍ബിയില്‍ ചിരവൈരികളായ എസി മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെചുത്തിയതോടെയാണ് ഇന്‍റര്‍ കിരീടമുറപ്പിച്ചത്. സീരി എയില്‍ ഇന്‍ററിന്‍റെ 20-ാം കിരീടമാണിത്. മിലാന്‍ ഡെര്‍ബിയില്‍ ഇന്‍ററിന്‍റെ തുടര്‍ച്ചയായ ആറാം ജയംകൂടിയായിരുന്നു ഇതെന്നത് ജയത്തിന്‍റെ മധുരമിരട്ടിപ്പിക്കുന്നു.

33 മത്സരങ്ങളില്‍ നിന്ന് 27 ജയവും അഞ്ച് സമനിലകളുമടക്കം 86 പോയന്‍റോടെയാണ് ഇന്‍റര്‍ കിരീടത്തിലെത്തിയത്. ലീഗില്‍ ഒരു മത്സരം മാത്രമാണവര്‍ പരാജയപ്പെട്ടത്. രണ്ടാമതുള്ള എസി മിലാനേക്കാള്‍ 17 പോയന്‍റ് ലീഡോടെയാണ് ഇന്‍റര്‍ കിരീടം ഉറപ്പിച്ചത്. 33 കളികളില്‍ നിന്ന് 69 പോയന്‍റ് മാത്രമുള്ള എസി മിലാന് ഇനി ഇന്‍ററിനെ മറികടക്കാനാകില്ല. മൂന്നാം സ്ഥാനത്താണ് ഒരുകാലത്ത് ഇറ്റലിയിലെ വമ്പന്മാരായിരുന്ന യുവന്‍റസ്. അവര്‍ക്ക് 33 കളികളില്‍നിന്ന് 18 ജയത്തോടെ 64 പോയിന്‍റാണുള്ളത്. അതേസമയം, രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം യുവെയ്ക്കുണ്ട്. 62 പോയിന്‍റുമായി ബൊളോഗ്നയാണ് നാലാമത്.

ഇന്‍ററിന്‍റെ തട്ടകമായ സാന്‍സിറോയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ 18-ാം മിനിറ്റില്‍ ഫ്രാന്‍സെസ്കോ അസെര്‍ബിയും 49-ാം മിനിറ്റില്‍ മാര്‍ക്കസ് തുറാമുമാണ് ഇന്‍ററിനായി സ്കോര്‍ ചെയ്തത്. 80-ാം മിനിറ്റില്‍ ഫികായോ തൊമോരിയുടെ വകയായിരുന്നു മിലാന്‍റെ ആശ്വാസ ഗോള്‍.

അവസാന നിമിഷങ്ങളില്‍ മത്സരം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മിലാന്‍ താരങ്ങളായ തിയോ ഹെര്‍ണാണ്ടസ്, ഡേവിഡ് കലാബ്രിയ എന്നിവരും ഇന്‍റര്‍മിലാന്‍ താരം ഡെന്‍സെല്‍ ഡംഫ്രീസും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. മൂവരും പുറത്തായത് രണ്ടാം പകുതിയിലെ പരുക്കു സമയത്തായിരുന്നു.

1967-72 കാലയളവിനുശേഷം ഇതാദ്യമായാണ് ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ച്ചയായ ആറ് സീസണുകളില്‍ വ്യത്യസ്തമായ പരിശീലകര്‍ക്ക് കീഴില്‍ ടീമുകള്‍ കിരീടം നേടുന്നത്. 2019-ല്‍ മാസ്സിമിലാനോ അല്ലെഗ്രിക്കും 2020-ല്‍ മൗറീസിയോ സാറിക്കും കീഴില്‍ യുവെന്‍റസ് കിരീടം നേടി. 2021-ല്‍ ആന്‍റോണിയോ കോണ്ടെയിലൂടെ ഇന്‍റര്‍ കിരീടമണിഞ്ഞു.

2022-ല്‍ സ്റ്റെഫാനോ പിയോലിയായിരുന്നു എസി മിലാന്‍ കിരീടം നേടുമ്പോഴുള്ള പരിശീലകന്‍. 2023-ല്‍ ലൂസിയാനോ സ്പെല്ലെറ്റിയുടെ നാപ്പോളി കിരീടജേതാക്കളായി. ഇപ്പോഴിതാ സിമോണെ ഇന്‍സാഗിയിലൂടെ ഇന്‍റര്‍ വീണ്ടും കിരീടമണിഞ്ഞിരിക്കുന്നു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം യുവന്‍റസാണ് 36 തവണ.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍