ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റു മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.
ഗോഹട്ടി: കഴുത്തിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്ന് റിലീസ് ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ അദ്ദേഹം കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി. പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ആയിരിക്കും ടീമിനെ നയിക്കുക. ശനിയാഴ്ച ഗോഹട്ടിയിലാണ് മത്സരം തുടങ്ങുന്നത്.
ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് കഴുത്തിൽ ഞരമ്പ് വലിവ് അനുഭവപ്പെട്ടത്. നാല് റൺസെടുത്തു നിന്നിരുന്ന അദ്ദേഹം തുടർന്ന് ബാറ്റ് ചെയ്തില്ല. ഇന്ത്യ 30 റൺസിനു തോറ്റ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിലും ഗിൽ ബാറ്റ് ചെയ്തിരുന്നില്ല.
ടീമിൽ നിന്നു റിലീസ് ചെയ്ത ഗിൽ പരുക്ക് പൂർണമായി ഭേദപ്പെടാനുള്ള ചികിത്സയിലായിരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. യാത്ര പാടില്ലെന്ന് ഡോക്റ്റർമാർ നിർദേശിച്ചിരുന്നെങ്കിലും കോൽക്കത്ത ടെസ്റ്റിനു ശേഷം ഗിൽ ഗോഹട്ടിയിലെത്തി ടീമിനൊപ്പം ചേർന്നിരുന്നു. രണ്ടു മത്സരങ്ങൾ മാത്രമുള്ള ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 എന്ന നിലയിൽ മുന്നിലാണ്.
എന്നാൽ, പുതിയ സാഹചര്യത്തിൽ ഗില്ലിന് ഏകദിന പരമ്പര കളിക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.