എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലെ കോട്ടയം-തൃശൂർ സെമി ഫൈനൽ മത്സരത്തിൽ നിന്ന്.
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യന്മാരായ കോട്ടയം ഫൈനൽ കാണാതെ പുറത്തായി. ഞായർ വൈകിട്ട് നടന്ന ആദ്യ സെമി ഫൈനലിൽ തൃശൂരാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തിയത്.
ആന്‍റണി പൗലോസ് ഇരട്ട ഗോളുകളുമായി തൃശൂരിനെ ഫൈനലിലേക്കു നയിച്ചു. മുപ്പത്തി ഒൻപതാം മിനിറ്റിലായിരുന്നു ആദ്യ പ്രഹരം. സമനിലയ്ക്കായി കോട്ടയം ആഞ്ഞു ശ്രമിക്കുന്നതിനിടെ എൺപതാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു.
പ്രീ ക്വാർട്ടറിൽ കൊല്ലത്തെയും, ക്വാർട്ടറിൽ മലപ്പുറത്തെയും തോൽപ്പിച്ചാണ് മുഹമ്മദ് ഷഫീഖ് പരിശീലകനായ തൃശൂർ സെമി ടിക്കറ്റ് നേടിയത്. നിലവിലുള്ള റണ്ണേഴ്സ് അപ്പായ തിരുവനന്തപുരം ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇടുക്കി ആലപ്പുഴയെ നേരിടും. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് കലാശക്കളി.