വുകമാനോവിച്ച്, ലെസ്കോവിച്ച്, ലൂണ എന്നിവർ കലൂർ സ്റ്റേഡിയത്തിൽ.  
Sports

ലൂണ പ്ലേ ഓഫ് കളിക്കും

Ardra Gopakumar

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇത്രയും കാലം പരുക്കിന്‍റെ പിടിയിലായിരുന്ന ഉറുഗ്വെന്‍ താരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഏറ്റവും വിശ്വസ്തനായ മധ്യനിര താരം അഡ്രിയന്‍ ലൂണ വീണ്ടും കളിക്കളത്തിലേക്ക്. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയാല്‍, പ്ലേ ഓഫില്‍ കളിക്കാന്‍ ലൂണയുമുണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവിരം. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലുള്ള ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. അഡ്രിയാന്‍ ലൂണ ഈ സീസണില്‍ കേവലം ഒമ്പത് മത്സരങ്ങളാണ് ഈ സീസണില്‍ കളിച്ചിട്ടുള്ളത്. അതില്‍ അഞ്ച് ജയം സ്വന്തമാക്കി. രണ്ട് എണ്ണത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ട് എണ്ണം സമനിലയില്‍ കലാശിച്ചു. അതേസമയം, ലൂണ ഇല്ലാതെ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് തോല്‍വി കൊച്ചി ക്ലബ് വഴങ്ങി. നാല് ജയം നേടി. ലൂണയുടെ സാന്നിധ്യത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയ ശതമാനം 55.6 ആണ്. ലൂണയുടെ അഭാവത്തില്‍ 44.4 ഉം. ലൂണ തിരിച്ചെത്തിയാല്‍ കിരീടം പോലും ബ്ലാസ്റ്റേഴ്‌സിന് നേടാനാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. 2023 ഡിസംബര്‍ മൂന്നിന് എഫ് സി ഗോവയ്ക്ക് എതിരായ എവേ പോരാട്ടത്തിലാണ് അഡ്രിയാന്‍ ലൂണ അവസാനമായി കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞത്. ആ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 0-1ന് തോറ്റിരുന്നു.

ദിമി കൂടു മാറുന്നു?

ലൂണ വരുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തേക്ക്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും മുന്നേറ്റനിരയിലെ കരുത്തനുമായ ദിമിത്രിയോസ് ഡയമന്‍റക്കോസ് ടീം വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആരാധകരുടെ പ്രിയ ദിമിയെ സ്വന്തമാക്കാനുള്ള ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന്‍റെ ശ്രമം വിജയത്തിലേക്കെന്നാണ് ലഭ്യമാകുന്ന സചനകള്‍. അങ്ങനെയെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. നേരത്തെ ഈസ്റ്റ് ബംഗാള്‍ നല്‍കിയ ഓഫര്‍ ദിമി നിരസിച്ചതായി വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, നിലവിലെ ഓഫര്‍ ദിമി അംഗീകരിച്ചതായാണ് വിവരം. ഉടനെ തന്നെ ദിമിയുമായി ഈസ്റ്റ് ബംഗാള്‍ കരാറിറിലെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ സീസണോടെ ദിമിയുമായി ബ്ലാസ്‌റ്റേഴ്‌സിനുള്ള കരാര്‍ അവസാനിക്കും. താരത്തിന്‍റെ കരാര്‍ ഉയര്‍ന്ന തുകയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് പുതുക്കിയാല്‍ അദ്ദേഹം ഇവിടെ തുടര്‍ന്നേക്കും. അല്ലാത്ത പക്ഷം കൂടുമാറുമെന്നുറപ്പ്.

ഈ സിസണില്‍ ഇതുവരെ 12 ഗോളുകള്‍ അടിച്ച് ബ്ലാസ്റ്റേഴ്‌സിന്‍റെയും ലീഗിലെയും ടോപ് സ്‌കോറര്‍ ആണ് ദിമി.മൂന്ന് അസിസ്റ്റും ദിമിയുടെ പേരിലുണ്ട്. രണ്ടു സീസണുകളിലായി ദിമിയുടെ സമ്പാദ്യം 22 ഗോളും ആറ് അസിസ്റ്റും. ഈ സീസണില്‍ ഓസ്ട്രേലിയന്‍ മുന്നേറ്റനിര താരം ജോഷ്വ സൊറ്റിരിയൊയെ ടീമിലെത്തിച്ചുവെങ്കിലും പരുക്കിനെ തുടര്‍ന്ന് ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. സീസണിന്‍റെ തുടക്കത്തില്‍ത്തന്നെ ഓസ്‌ട്രേലിയന്‍ താരത്തിന് പരുക്കേറ്റിരുന്നു. കരാര്‍ ഒപ്പുവച്ചതല്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിയാന്‍ താരത്തിന് ഇതുവരെ സാധിച്ചില്ല.

ഇനി രണ്ട് പോയിന്‍റ് കൂടി

ഇന്ത്യന്‍ സപ്പര്‍ ലീഗ് പ്ലേ ഓഫ് എലിമിനേറ്റര്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് പോയിന്‍റ് കൂടി വേണം. ശേഷിക്കുന്നതാവടട്ടെ, നാല് മത്സരങ്ങളും. രണ്ട് പോയിന്‍റ് ശേഷിക്കുന്ന മത്സരങ്ങളില്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍, മറ്റ് ടീമുകളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് എലിമിനേറ്ററില്‍ കടക്കാന്‍ സാധിക്കൂ. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് എലിമിനേറ്റര്‍ ബെര്‍ത്തിന് വെല്ലുവിളിയായുള്ള പഞ്ചാബ് എഫ് സിയും ബംഗളൂരു എഫ് സിയും അവര്‍ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു എണ്ണത്തില്‍ സമനില വഴങ്ങിയാലും കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ലഭിക്കും. നാല് മത്സരങ്ങളില്‍നിന്ന് രണ്ട് പോയിന്‍റ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനാകുമെന്നാണ് വിലയിരുത്തല്‍. പോയിന്‍റ് നിലയില്‍ മുന്നിലെത്തുന്ന ആറ് ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി