Representative image of an athletic track. 
Sports

ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിനു ട്രാക്ക് ഉണരുന്നു

വെള്ളിയാഴ്ച നടക്കാനുള്ളത് അഞ്ച് ഫൈനലുകൾ

MV Desk

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സ് പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച രാവിലെ തുടക്കമാകും. ഒക്ടോബര്‍ അഞ്ച് വരെ നീളുന്ന മത്സരങ്ങള്‍ ഹാങ്ചൗ ഒളിംപിക് സ്പോർട്ട്സ് സെന്‍റര്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

അത്‌ലറ്റിക്സില്‍ ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് ഹാങ്ചൗവില്‍ എത്തിയിരിക്കുന്നത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ അത്‌ലറ്റിക്സില്‍ ഇന്ത്യ കൊയ്തത് എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 20 മെഡലുകളാണ്. അത് മറികടക്കുകയാണ് ഇത്തവണ ലക്ഷ്യം.

അഞ്ച് ഫൈനലുകളാണ് വെള്ളിയാഴ്ച നടക്കാനുള്ളത്.

ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30 മുതല്‍ പുരുഷ, വനിതാ വിഭാഗങ്ങളിലെ 20 കിലോമീറ്റര്‍ റേസ് വാക്ക് നടക്കും. പുരുഷ വിഭാഗത്തില്‍ ഇന്ത്യക്കായി സന്ദീപ്കുമാറും അക്ഷ്ദീപ് സിങ്ങും മത്സരിക്കും. വനിതാ വിഭാഗത്തില്‍ പ്രിയങ്ക ഗോസ്വാമിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ചൈന, ജപ്പാന്‍, കസാക്കിസ്ഥാന്‍ താരങ്ങളുടെ അപ്രമാദിത്വമാണുള്ളത്. അതുകൊണ്ടുതന്നെ വലിയ മെഡല്‍ പ്രതീക്ഷ ഈയിനത്തില്‍ ഇല്ല.

വനിതകളുടെ ഹാമര്‍ ത്രോ ഫൈനലും വെള്ളിയാഴ്ചയാണ്. ഉച്ചകഴിഞ്ഞ് 3.30ന് യോഗ്യതാ റൗണ്ടും രാത്രി ഏഴിന് ഫൈനലും. ഇന്ത്യക്കായി ടാനിയ ചൗധരിയും രചന കുമാരിയും മത്സരിക്കും.

വനിതകളുടെ 10,000 മീറ്ററാണ് മറ്റൊരു ഫൈനല്‍. എന്നാൽ, ഈയിനത്തില്‍ ഇന്ത്യക്കായി ആരും മത്സരിക്കുന്നില്ല. വനിതകളുടെ ഷോട്ട്പുട്ട് ഫൈനലില്‍ ഇന്ത്യക്കായി കിരണ്‍ ബലിയാനും മന്‍പ്രീത് കൗറും മത്സരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് യോഗ്യതാ റൗണ്ടും രാത്രി ഏഴിന് ഫൈനലും. ചൈനീസ് താരങ്ങളാണ് ഈയിനത്തിലും ഏഷ്യയില്‍ മുന്‍പന്തിയിലുള്ളത്.

വനിതകളുടെ 400 മീറ്റര്‍, പുരുഷന്മാരുടെ 400 മീറ്റര്‍ റിലേ, പുരുഷന്മാരുടെ ലോങ് ജംപ് തുടങ്ങിയ ഇനങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളും വെള്ളിയാഴ്ചയാണ്.

അത്‌ലറ്റിക്സില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഒളിംപികസ്, ലോക ചാംപ്യന്‍ഷിപ്പുകളിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര തന്നെയാണ് ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷ. പാക്കിസ്ഥാൻ താരം അര്‍ഷാദ് നദിം ആയിരിക്കും ഇന്ത്യന്‍ താരത്തിനുള്ള ഏക വെല്ലുവിളി. കിഷോര്‍ ജനയ്ക്കും മെഡല്‍ പ്രതീക്ഷയുണ്ട്. ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടുമെന്നു പ്രതീക്ഷിക്കുന്നു. ലോങ് ജംപില്‍ തമിഴ്നാട് താരം ജസ്വിന്‍ ആല്‍ഡ്രിനും മലയാളി താരം എം. ശ്രീശങ്കറും തമ്മിലാകും ലോങ് ജംപിലെ പ്രധാന പോരാട്ടം. ഷോട്ട്പുട്ടില്‍ തർജീന്ദര്‍പാല്‍ സിങ് തൂര്‍, 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ, പാറുൽ ചൗധരി, പുരുഷന്മാരുടെ 4X400 മീറ്റര്‍ റിലേ, വനിതകളുടെ ലോങ് ജംപില്‍ ഷൈലി സിങ്, ഹെപ്റ്റാത്തലണില്‍ സപ്ന ബര്‍മന്‍ എന്നിവര്‍ക്കും സുവര്‍ണ പ്രതീക്ഷയാണുള്ളത്.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ