സ്റ്റീവ് സ്മിത്ത്
സിഡ്നി: 2025 -2026 സീസണിലെ ആഷസ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഓസീസിനെ സ്റ്റീവ് സ്മിത്ത് നയിക്കും. സ്മിത്ത് നയിക്കുന്ന ടീമിൽ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസിന് ഇടം നേടാൻ സാധിച്ചില്ല.
ഉസ്മാൻ ഖവാജയോടൊപ്പം പുതുമുഖം ജെയ്ക് വെതാൾഡായിരിക്കും ഓപ്പണിങ്ങിറങ്ങുക. കഴിഞ്ഞ ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിലെ താരത്തിന്‍റെ മിന്നും പ്രകടനമാണ് ഓസീസ് ടീമിലേക്കുള്ള വഴി തെളിഞ്ഞത്.
18 ഇന്നിങ്സുകളിൽ നിന്നും 50.33 ശരാശരിയിൽ 906 റൺസാണ് താരം ടാസ്മാനിയയ്ക്കു വേണ്ടി അടിച്ചെടുത്തത്. അതേസമയം, സ്റ്റാർ ബാറ്റർ മാർനസ് ലബുഷെയ്നെയും ടീമിലേക്ക് തിരിച്ചു വിളിച്ചു. പാറ്റ് കമ്മിൻസിന് പരുക്ക് ഭേദമാകാത്തതിനാലാണ് സ്റ്റീവ് സ്മിത്തിനെ തേടി ക‍്യാപ്റ്റൻ സ്ഥാനമെത്തിയത്.
രണ്ടാം ടെസ്റ്റ് മുതൽ കമ്മിൻസ് കളിച്ചേക്കുമെന്നാണ് സൂചന. സാം കോൺസ്റ്റാസിനു പുറമെ മിച്ചൽ മാർഷ്, മാത‍്യു റെൻഷോ എന്നിവരെയും ആദ‍്യ മത്സരത്തിനുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല. നവംബർ 21ന് പെർത്തിലാണ് ആഷസ് പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്.
ആദ‍്യ മത്സരത്തിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക‍്യാപ്റ്റൻ), സീൻ അബോട്ട്, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, ബ്രെൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, നേഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ