ഡിയൊഗോ ജോട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ

 
Sports

ജോട്ടയെ ഒരുനോക്കു കാണാത്തതിന് കാരണം പറഞ്ഞ് ക്രിസ്റ്റ്യാനോ

ഗൗരവമുള്ള ഒരു സന്ദർഭം അലങ്കോലമാകാതിരിക്കാൻ‌ കൂടിയാണു താൻ വിട്ടുനിന്നതെന്നും പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റോണോ വ്യക്തമാക്കി

Aswin AM

ലണ്ടൻ: കാറപകടത്തിൽ മരിച്ച സഹതാരം ഡിയൊഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിനു കാരണം വെളിപ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പിതാവിന്‍റെ വിയോഗത്തോടെ ഇനിയൊരിക്കലും സെമിത്തേരിയിൽ പോകില്ലെന്നു താൻ പ്രതിജ്ഞ ചെയ്തിരുന്നതായും അതിനാലാണ് അവസാനമായി ജോട്ടയെ ഒരുനോക്കു കാണാൻ പോകാത്തതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

ഗൗരവമുള്ള ഒരു സന്ദർഭം അലങ്കോലമാകാതിരിക്കാൻ‌ കൂടിയാണു താൻ വിട്ടുനിന്നതെന്നും പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റോണോ വ്യക്തമാക്കി. ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതെ അവധി ആഘോഷിക്കാൻ പോയ സിആർ7 വ്യാപക വിമർശനത്തിനു വിധേയനായിരുന്നു.

ആളുകൾ എന്നെ ഒരുപാടു വിമർശിക്കും. ഞാൻ അതു കാര്യമാക്കുന്നില്ല. ചെയ്തതു ശരിയാണെന്നു മനഃസാക്ഷിക്കു തോന്നിയാൽ പിന്നെ മറ്റുള്ളവർ പറയുന്നത് എന്തിന് കാര്യമാക്കണം- ക്രിസ്റ്റ്യാനോ ചോദിച്ചു.

അച്ഛൻ മരിച്ചശേഷം ഇതുവരെ ഞാൻ സെമിത്തേരിയിൽ കയറിയിട്ടില്ല. അതു ഞാൻ ചെയ്യില്ല. മറ്റൊരു കാര്യം, നിങ്ങൾക്ക് എന്‍റെ പ്രശസ്തി അറിയാം. ഞാൻ എവിടെപ്പോയാലും അവിടെ ആൾക്കൂട്ടം എത്തും. അതുകൊണ്ടുകൂടിയാണു ജോട്ടയെ കാണാൻ പോകാത്തത്. ഞാൻ അവിടെ പോയെങ്കിൽ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കു തിരിയുമായിരുന്നു. അത്തരമൊരു ശ്രദ്ധ നേടിയെടുക്കൽ ഞാൻ ആഗ്രഹിക്കുന്നില്ല. തീരുമാനം ശരിയായിരുന്നെന്നാണു വിശ്വാസമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

ജൂലൈ മൂന്നിനു സ്പെയ്നിൽ ഉണ്ടായ കാറപകടത്തിലാണ് ഇംഗ്ലിഷ് ക്ലബ്ബ് ലിവർപൂളിന്‍റെ താരംകൂടിയായ ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും മരിച്ചത്. ബാല്യകാല സഖിയെ വിവാഹം ചെയ്ത് ഏതാനും ദിവസങ്ങൾക്കുശേഷമായിരുന്നു ജോട്ടയുടെ ദാരുണാന്ത്യം. ക്രിസ്റ്റ്യാനോയ്ക്കൊപ്പം പോർച്ചുഗലിനായി ജോട്ട നേഷൻസ് ലീഗ് കിരീടം നേടിയിട്ടും അധിക നാളായിരുന്നില്ല. പോർച്ചുഗലിൽ നടന്ന സംസ്കാര ചടങ്ങിൽ വിർജിൽ വാൻ ഡൈക്ക്, ആൻഡി റോബർട്ട്സൺ, റൂബെൻ നെവസ് എന്നിവരടക്കം ദേശീയ ടീമിലെയും ക്ലബ്ബിലെയും ജോട്ടയുടെ നിരവധി സഹകളിക്കാർ പങ്കെടുത്തിരുന്നു. സംസ്കാര ചടങ്ങ് നടന്ന ദിവസം മയോർക്കയിൽ ഉല്ലാസനൗകയിൽ ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതു വിവാദത്തിനു വഴിവെക്കുകയും ചെയ്തു.

ഗ്രീൻഫീൽ‌ഡിൽ തകർത്താടി ഷഫാലി; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത‍്യക്ക് അനായാസ ജയം

"പഹൽഗാം ഭീകരാക്രമണത്തിലും ചെങ്കോട്ട സ്ഫോടനത്തിലും ദേശീയ അന്വേഷണ ഏജൻസികൾ വിജയകരമായ അന്വേഷണം നടത്തി": അമിത് ഷാ

സിറിയയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളിൽ ആ‍ശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം

"തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാക്കും": വി.വി. രാജേഷ്| Video