സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ വിജയശിൽപ്പികളായ ഹെൻറിച്ച് ക്ലാസനും ഇഷാൻ കിഷനും ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിനിടെ.
ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേഓഫിൽ ഇടമുറപ്പിച്ചു. ആവേശകരമായ മത്സരത്തിൽ പരാജയം അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് ടൂർണമെന്‍റിൽ നിന്ന് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യം ബാറ്റ് ചെയ്ത ചെന്നെെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് എടുത്തത്. ഹൈദരാബാദ് 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ സഞ്ജു സാംസൺ മോശമല്ലാത്ത തുടക്കവും ടീമിനു നൽകി. എന്നാൽ, 13 പന്തിൽ 27 റൺസെടുത്ത സഞ്ജുവും 8 പന്തിൽ 13 റൺസെടുത്ത ഉർവിൽ പട്ടേലും പുറത്തായതോടെ ഗെയ്ക്ക്വാദ് പ്രതിരോധത്തിലേക്കു വലിഞ്ഞു.
കാർത്തിക് ശർമയും (19 പന്തിൽ 32) ഡിവാൾഡ് ബ്രീവിസും (27 പന്തിൽ 44) ശിവം ദുബെയും (23 പന്തിൽ 26) പരമാവധി ശ്രമിച്ചപ്പോൾ ക്യാപ്റ്റന് 21 പന്തിൽ 15 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഹൈദരാബാദിനു വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ട്രാവിസ് ഹെഡ്ഡിനെ (6) വേഗത്തിൽ നഷ്ടമായെങ്കിലും അഭിഷേക് ശർമയും (21 പന്തിൽ 26) ഇഷാൻ കിഷനും പതിവില്ലാത്ത ക്ഷമയോടെ ബാറ്റ് ചെയ്തു. അഭിഷേക് മടങ്ങിയ ശേഷം വന്ന ഹെൻറിച്ച് ക്ലാസനാണ് സൺറൈസേഴ്സിന്‍റെ റൺ റേറ്റ് ഉയർത്തിയത്.
26 പന്തിൽ 47 റൺസെടുത്ത ക്ലാസൻ, ടീമിനു വിജയ പ്രതീക്ഷ പകർന്ന ശേഷമാണ് മടങ്ങിയത്. 47 പന്തിൽ 70 റൺസെടുത്ത കിഷൻ തുടർന്നും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തു. വിജയലക്ഷ്യം ആറ് റൺസ് മാത്രം അകലെ നിൽക്കെയാണ് കിഷന്‍ പുറത്താകുന്നത്. എന്നാൽ, സലിൽ അറോറയും (10*) രവിചന്ദ്രൻ സ്മരണും (5) ചേർന്ന് ഏഴ് പന്ത് ശേഷിക്കെ തന്നെ ജയം ഉറപ്പാക്കുകയായിരുന്നു.