സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിനിടെ ആയുഷ് മാത്രെയെ പരിശോധിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ടീം ഫിസിയോ.
ചെന്നൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ സ്ഥിരതയില്ലാതെ തുടരുന്ന ചെന്നൈ സൂപ്പർ കിങ്സിൽ സ്ഥിരത പുലർത്തുന്ന ഏക ബാറ്ററായിരുന്നു ആയുഷ് മാത്രെ. അതുകൊണ്ടുതന്നെ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പരുക്കുമായി കളിച്ച മാത്രെ പുറത്തായതോടെ ചെന്നൈ നേരിടുന്നത് കനത്ത തിരിച്ചടി.
പരുക്കുമായാണ് കഴിഞ്ഞ മത്സരങ്ങളിലും മാത്രെയെ കളിപ്പിച്ചതെന്നും, ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്‍റ് ചെയ്തത് ശരിയായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഏതാനും മത്സരങ്ങളിലായി ഇംപാക്റ്റ് സബ്ബായി മാത്രമാണ് മാത്രെ കളിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരേയും അങ്ങനെ തന്നെയായിരുന്നു. സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ താരം 12 പന്തിൽ 30 റൺസെടുത്ത് മികച്ച ഫോമിലുമായിരുന്നു.
എന്നാൽ, രണ്ട് റൺസിനായി ഓടുന്നതിനിടെ ഹാംസ്ട്രിങ് പേശിവലിവ് അനുഭവപ്പെട്ടു. വേദനകൊണ്ട് ഹെൽമറ്റ് ഊരിമാറ്റിയ താരത്തെ ഫിസിയോതെറാപ്പിസ്റ്റ് പരിശോധിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കളി തുടരാൻ ശ്രമിച്ചെങ്കിലും ഓടാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വൈകാതെ പുറത്താവുകയും ചെയ്തു.
വരുന്ന ഏതാനും മത്സരങ്ങളെങ്കിലും പതിനെട്ടുകാരനു നഷ്ടമാകുമെന്ന് ഉറപ്പാണ്. മാത്രെയുടെ അഭാവം ടീമിന് വലിയ നഷ്ടമാണെന്ന് സിഎസ്കെ ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു. "ഹാംസ്ട്രിങ് പരുക്ക് ഗൗരവകരമാണെന്നാണ് തോന്നുന്നത്. സ്കാനിങ്ങിന് ശേഷമേ കൂടുതൽ വ്യക്തത വരൂ," ഹസി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
177.87 സ്ട്രൈക്ക് റേറ്റിൽ 201 റൺസ് താരം ഇതുവരെ നേടിയിട്ടുണ്ട്. മാത്രെയുടെ അഭാവത്തിൽ ഗുജറാത്തിൽനിന്നുള്ള ബിഗ് ഹിറ്റർ ഉർവിൽ പട്ടേൽ ടീമിലെത്തിയേക്കും. ഒരു യുവതാരത്തെ നഷ്ടമാകുന്നതിൽ സങ്കടമുണ്ടെങ്കിലും മറ്റൊരാൾക്ക് ഇതൊരു അവസരമാകുമെന്നും ഹസി കൂട്ടിച്ചേർത്തു. സാധാരണഗതിയിൽ ഹാംസ്ട്രിങ് ടിയർ ഭേദമാകാൻ മാസങ്ങൾ എടുക്കാറുണ്ട്.
അതേസമയം, കാലിൽ സ്ട്രാപ്പ് ഇട്ടാണ് മാത്രെ ബാറ്റിങ്ങിനിറങ്ങിയതെന്നും, കഴിഞ്ഞ മത്സരങ്ങളിൽ ഇംപാക്റ്റ് സബ്ബായി മാത്രം കളിക്കുന്നത് പരുക്കിന്‍റെ സൂചനയായിരുന്നുവെന്നും മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ ചൂണ്ടിക്കാട്ടുന്നു.
"ഫീൽഡിങ്ങിന് ഇറങ്ങാത്ത ഒരാൾക്ക് ക്രാമ്പ് വരാൻ സാധ്യത കുറവാണ്. അഥവാ പരുക്കേറ്റതാണെങ്കിൽ പോലും, മുടന്തി നിൽക്കുന്ന താരത്തെക്കൊണ്ട് വീണ്ടും കളിപ്പിക്കുകയും ഓടിക്കുകയും ചെയ്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. റിട്ടയേർഡ് ഔട്ട് ആകണമായിരുന്നു. മാത്രെയെ ഇത്ര അശ്രദ്ധമായി കൈകാര്യം ചെയ്തത് ഞെട്ടിച്ചു," അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഹൈദരാബാദിനെതിരായ മത്സരം പത്ത് റൺസിന് തോറ്റ സിഎസ്കെ പോയിന്‍റ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീം ജയിച്ചത്.