ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർമാർ ശുഭ്മൻ ഗില്ലും സായ് സുദർശനും.
ന്യൂഡൽഹി: ഡൽഹി ക്യാപ്പിറ്റൽസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടന്ന് ഗുജറാത്ത് ടൈറ്റൻസ്. ഐപിഎൽ ചരിത്രത്തിൽ തന്നെ രണ്ടാം വട്ടം മാത്രമാണ് ഇരുനൂറോ അതിലധികമോ റൺസ് ചെയ്സ് ചെയ്യുന്ന ടീം പത്ത് വിക്കറ്റ് ജയം കുറിക്കുന്നത്.
ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തപ്പോൾ, ഗുജറാത്ത് 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 205 റൺസിലെത്തുകയായിരുന്നു. കെ.എൽ. രാഹുലിന്‍റെ അപരാജിത സെഞ്ചുറിയാണ് (112) ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചതെങ്കിൽ, ഓപ്പണർ സായ് സുദർശനും (108) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (93) ചേർന്ന് ഗുജറാത്തിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഓപ്പണർ ഫാഫ് ഡു പ്ലെസിയെ (10 പന്തിൽ 5) പെട്ടെന്നു നഷ്ടമായി. അവിടെനിന്ന് അഭിഷേക് പോറലിനെ കൂട്ടുപിടിച്ച് സ്കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു രാഹുൽ. 19 പന്തിൽ 30 റൺസുമായി അഭിഷേക് മടങ്ങിയ ശേഷം, ക്യാപ്റ്റൻ അക്ഷർ പട്ടേലും (16 പന്തിൽ 25) ട്രിസ്റ്റൻ സ്റ്റബ്സും (10 പന്തിൽ 21) രാഹുലിനു പിന്തുണ നൽകി.
65 പന്തിൽ 14 ഫോറും നാല് സിക്സും ഉൾപ്പെടെ 112 റൺസെടുത്ത് പുറത്താകാതെ നിന്ന കെ.എൽ. രാഹുൽ, ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി.
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും ഗുജറാത്ത് ഓപ്പണർമാരെ വെല്ലുവിളിക്കാൻ ഡൽഹി ബൗളർമാർക്കു സാധിച്ചില്ല. സുദർശൻ 61 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 108 റൺസുമായി തന്‍റെ രണ്ടാം ഐപിഎൽ സെഞ്ചുറി കണ്ടെത്തി. മെല്ല തുടങ്ങിയ ഗിൽ പിന്നീട് ഗിയർ മാറ്റി, 52 പന്തിൽ 93 റൺസും നേടി. ഏഴു സിക്സർ നേടിയ ഗിൽ മൂന്നു ഫോർ മാത്രമാണ് നേടിയത്.