ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരേ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിങ്.
അഹമ്മദാബാദ്: ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണിൽ പുതിയൊരു ചാംപ്യനുണ്ടാകുമെന്ന് ഉറപ്പിച്ചുകൊണ്ട് പഞ്ചാബ് കിങ്സ് ഫൈനലിൽ. അവിടെ കാത്തിരിക്കുന്നത് പഞ്ചാബിനെ പോലെ തന്നെ കന്നിക്കിരീടം തേടുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഐപിഎൽ ചരിത്രത്തിലാദ്യമായി 200 റൺസിനു മുകളിൽ സ്കോർ ചെയ്ത ശേഷം മുംബൈ ഇന്ത്യൻസ് തോൽക്കുന്നതിനു സാക്ഷ്യം വഹിച്ച രണ്ടാം ക്വാളിഫയറിലാണ് പഞ്ചാബിന്‍റെ മുന്നേറ്റം.
മഴ കാരണം രണ്ടര മണിക്കൂറോളം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ ഇരുപതോവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് സ്കോർ ചെയ്തത്. 44 റൺസ് വീതം നേടിയ തിലക് വർമയും സൂര്യകുമാർ യാദവുമാണ് ടോപ് സ്കോറർമാർ. ജോണി ബെയർസ്റ്റോയും (38) നമൻ ധീറും (37) മുംബൈ ഇന്നിങ്സിനു കരുത്ത് പകർന്നു.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനു കിട്ടിയത് മോശം തുടക്കം. ഇൻഫോം ഓപ്പണർമാർ പ്രഭ്സിമ്രൻ സിങ്ങിനു (6) പിന്നാലെ സീസണിന്‍റെ കണ്ടെത്തലായ പ്രിയാംശ് ആര്യയും (20) മടങ്ങി. എന്നാൽ, അവിടെനിന്നങ്ങോട്ട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒറ്റയ്ക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ജോഷ് ഇംഗ്ലിസ് (38) കൂടി പുറത്തായിട്ടും പതറാതെ നിന്ന ശ്രേയസ്, ജസ്പ്രീത് ബുംറയുടെ മാരകമായ യോർക്കറുകളെ പോലും അനായാസം നേരിടുന്ന കാഴ്ച. 41 പന്തിൽ 87 റൺസെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് പുറത്തെടുത്തത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ഇന്നിങ്സുകളിൽ ഒന്ന്. അഞ്ച് ഫോറും എട്ട് കൂറ്റൻ സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ശ്രേയസിന്‍റെ പ്രകടനം.
മറുവശത്ത് യുവതാരം നെഹാൽ വധേരയുടെ ഉറച്ച പിന്തുണയും കൂടിയായതോടെ പുകഴ്‌പെറ്റ മുംബൈ ബൗളർമാർ നിസ്സഹായരായി. 29 പന്തിൽ 48 റൺസെടുത്ത വധേര പുറത്താകുമ്പോഴും പഞ്ചാബ് സ്കോർ 156 മാത്രമായിരുന്നു. അവിടെനിന്നങ്ങോട്ട് അക്ഷരാർഥത്തിൽ ഒറ്റയ്ക്കുള്ള മുന്നേറ്റമായിരുന്നു ശ്രേയസിന്‍റേത്. തുടർന്നു വന്ന ശശാങ്ക് സിങ്ങിനും (2) മാർക്കസ് സ്റ്റോയ്നിസിനും (2 നോട്ടൗട്ട്) കാഴ്ചക്കാരുടെ റോൾ മാത്രം, മുംബൈ ഫീൽഡർമാരെ പോലെ തന്നെ...!