ഐപിഎൽ ഫൈനൽ പ്രിവ്യൂ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
MV Graphics
അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഐപിഎൽ 2026 കലാശപ്പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിൽ അരങ്ങുണരും. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും 2022-ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. രണ്ട് വ്യത്യസ്ത ശൈലികൾ പിന്തുടരുന്ന ടീമുകളുടെ തന്ത്രപരമായ പോരാട്ടത്തിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഈ ടൂർണമെന്‍റിലുടനീളം കടുത്ത ആക്രമണോത്സുകവും അപകടസാധ്യത നിറഞ്ഞതുമായ ഗെയിം പ്ലാൻ പുറത്തെടുത്ത റോയൽ ചലഞ്ചേഴ്സിനാണ് കടലാസിൽ വ്യക്തമായ മുൻതൂക്കം. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് ശേഷം ഐപിഎല്ലിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന ടീമെന്ന റെക്കോർഡിലേക്ക് എത്താനാണ് ആർസിബിയുടെ ശ്രമം.
ബാറ്റിങ് കരുത്തിൽ ആർസിബി
വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ്, ക്യാപ്റ്റൻ രജത് പാട്ടിദാർ, വെങ്കിടേഷ് അയ്യർ എന്നിവരടങ്ങുന്ന ആർസിബിയുടെ ബാറ്റിങ് നിര ഏത് ബൗളിങ് ആക്രമണത്തെയും തകർക്കാൻ പോന്നതാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ 200 റൺസ് കടന്നത് ആർസിബിയാണ്. മുൻ നായകന്മാരായ കോലിയെപ്പോലെയോ ഫാഫ് ഡു പ്ലെസിസിനെപ്പോലെയോ കാഴ്ചയിൽ ആക്രമണോത്സുക പ്രകടിപ്പിക്കാറില്ലെങ്കിലും, മുതിർന്ന താരങ്ങളെയും യുവതാരങ്ങളെയും ഒരുപോലെ ശാന്തമായി നയിക്കാൻ നായകൻ രജത് പാട്ടിദാറിനു കഴിഞ്ഞിട്ടുണ്ട്.
ഭുവനേശ്വർ കുമാർ (26 വിക്കറ്റ്) നയിക്കുന്ന ആർസിബി ബൗളിങ് നിര പവർപ്ലേകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ കടുത്ത പിശുക്കുള്ള കൂട്ടത്തിലാണ്. ജോഷ് ഹേസൽവുഡ് (13 വിക്കറ്റ്), രസിഖ് സലാം (16 വിക്കറ്റ്), ക്രുനാൽ പാണ്ഡ്യ (13 വിക്കറ്റ്) എന്നിവരും മികച്ച ഫോമിൽ.
സ്ഥിരതയുള്ള ടൈറ്റൻസ്
മറുവശത്ത്, ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ പരമ്പരാഗതമായ ശൈലിയിലാണ് മുന്നേറുന്നത്. പവർപ്ലേകളിൽ വൻ അടിച്ചുതകർക്കലുകൾക്കു മുതിരാതെ നായകൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചേർന്ന് ഇന്നിങ്സ് പടുത്തുയർത്താനാണ് ശ്രമിക്കാറുള്ളത്. മിഡിൽ ഓർഡർ അല്പം ദുർബലമായതിനാൽ ടോപ്പ് ത്രീ സഖ്യമായ ഗില്ലും (722 റൺസ്), സായ് സുദർശനും (710 റൺസ്), ജോസ് ബട്‌ലറും (507 റൺസ്) തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സ്വന്തം തട്ടകത്തിൽ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിക്കാനായെന്നത് ഗുജറാത്തിന് ആത്മവിശ്വാസം നൽകുന്നു.
ബൗളിങ്ങിലാണ് ഗുജറാത്തിനു നേരിയ മേൽക്കൈ ഉള്ളത്. പർപ്പിൾ ക്യാപ് പട്ടികയിൽ 28 വിക്കറ്റുകളുമായി ഒന്നാമതുള്ള കാഗിസോ റബാദയും മുഹമ്മദ് സിറാജും ചേരുന്ന ന്യൂബോൾ സഖ്യവും വിക്കറ്റ് വേട്ടയിൽ മുന്നിലാണ്. ഇരുവരും യഥാക്രമം 165-ഉം 162-ഉം ഡോട്ട് ബോളുകൾ എറിഞ്ഞ് ബാറ്റർമാരെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. റാഷിദ് ഖാൻ, ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മികച്ച പിന്തുണ നൽകുന്നു.
വെള്ളിയാഴ്ച മുല്ലാൻപുരിൽ രാജസ്ഥാൻ റോയൽസിനെതിരായ ക്വാളിഫയർ 2 മത്സരത്തിനിടെ തോളിനു പരിക്കേറ്റ മുഹമ്മദ് സിറാജിന്‍റെ ഫിറ്റ്നസ് ഗുജറാത്ത് ക്യാംപ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മത്സരത്തിൽ നാലോവർ പൂർത്തിയാക്കിയെങ്കിലും താരം അസ്വസ്ഥനായിരുന്നു.
എല്ലാ കണക്കുകളിലും ആർസിബിക്കാണ് ആരാധകരും വിദഗ്ധരും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ, കടുത്ത സമ്മർദഘട്ടങ്ങളിലും തളരാത്ത ഗുജറാത്തിന്‍റെ പോരാട്ടവീര്യം ഫൈനലിനെ ആവേശകരമാക്കുമെന്നും പ്രതീക്ഷിക്കാം. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്.