മത്സരത്തിൽ നിന്ന്
ചെന്നൈ: ഐപിഎല്ലിൽ ഡൽഹി ക‍്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 23 റൺസ് ജയം. 2026 ഐപിഎൽ സീസണിലെ ആദ‍്യ ജയമാണ് ചെന്നൈ ഡൽഹിക്കെതിരേ നേടിയത്. നിശ്ചിത 20 ഓവറിൽ ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ‍്യം ഡൽഹിക്ക് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 189 റൺസിന് ഓൾഔട്ടായി.
24 പന്തിൽ നിന്നും 41 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ പതും നിസങ്കയും ട്രിസ്റ്റ്ൻ സ്റ്റബ്സും ( 38 പന്തിൽ 60) മാത്രമാണ് ഡൽഹിയുടെ ബാറ്റിങ് നിരയിൽ തിളങ്ങിയ താരങ്ങൾ. കെ.എൽ. രാഹുൽ (18), സമീർ റിസ്‌വി (6), അക്ഷർ പട്ടേൽ (1) അടക്കമുള്ളവർ നിരാശപ്പെടുത്തി.
ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ അഷുതോഷ് ശർമ 10 പന്തിൽ നിന്നും 19 റൺസ് നേടിയെങ്കിലും നൂർ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങി. ഡേവിഡ് മില്ലർക്കും (14 പന്തിൽ 17) കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ചെന്നൈയ്ക്കു വേണ്ടി ജാമി ഓവർടൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ അൻഷുൽ കാംബോജ് മൂന്നും ഖലീൽ അഹമ്മദ്, ഗുർജപ്നീത് സിങ്, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജുവിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഡൽഹിക്കെതിരേ കൂറ്റൻ സ്കോർ ഉയർത്തിയത്. ഡൽഹി ക‍്യാപ്പിറ്റൽസിനെതിരേ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 52 പന്തിലാണ് സഞ്ജു (115 നോട്ടൗട്ട്) സെഞ്ചുറി നേടിയത്.
സെഞ്ചുറി നേടിയ സഞ്ജു സാംസണിന്‍റെ ആഹ്ലാദ പ്രകടനം
15 ബൗണ്ടറിയും 4 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ഇതോടെ ഫോമില്ലായ്മയെന്ന് വിമർശിച്ചവർക്കുള്ള മറുപടിയായി. കഴിഞ്ഞ 3 മത്സരങ്ങളിലും താരത്തിന് രണ്ടക്കം കടക്കാൻ സാധിച്ചിരുന്നില്ല. സഞ്ജുവിന്‍റെ ചിറകിലേറി ചെന്നൈ ഡൽഹിക്കെതിരേ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസടിച്ചു. സഞ്ജുവിനു പുറമെ ആയുഷ് മാത്രെ 31 പന്തിൽ 54 റൺസെടുത്തു. ക‍്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ (15) വിക്കറ്റാണ് ടീമിന് നഷ്ടമായത്. മത്സരത്തിന്‍റെ തുടക്കം ആക്രമണ ശൈലിയിൽ ബാറ്റേന്തിയ സഞ്ജു ഡൽഹിയുടെ ബൗളർമാർക്ക് പിടികൊടുക്കാതെ മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.
പവർപ്ലേ പൂർത്തിയാവുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസുണ്ടായിരുന്നു ടീമിന്. ഒന്നാം വിക്കറ്റിൽ 62 റൺസിന്‍റെ കൂട്ടുകെട്ടുണ്ടായി. ഡൽഹി ക‍്യാപ്റ്റൻ അക്ഷർ പട്ടേലാണ് ഗെയ്ക്‌വാദിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. മുകേഷ് കുമാറും ലുങ്കി എൻഗിഡിയും രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി ഐപിഎല്ലിലേക്കെത്തിയ ആക്വിബ് നബിയും ടീമിലുണ്ടായിട്ടും സഞ്ജുവിനെ പിടിച്ചുകെട്ടാനായില്ല. ബൗളർമാരെ മാറി മാറി സഞ്ജു മർദിച്ചു. ഒപ്പം ആയുഷും പിന്തുണ നൽകിയതോടെ ടീമിന്‍റെ സ്കോർ ഉയർന്നു. അവസാന ഓവറിൽ ഓൾറൗണ്ടർ ശിവം ദുബെയും (10 പന്തിൽ 20 നോട്ടൗട്ട്) റൺസ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്കോറിലെത്തി.