ശാർദൂൽ ഠാക്കൂർ
ധരംശാല: പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത‍്യൻസിന് 201 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 200 റൺസ് അടിച്ചെടുത്തു. 32 പന്തിൽ 6 ബൗണ്ടറിയും 4 സിക്സും അടക്കം 57 റൺസ് അടിച്ചെടുത്ത പ്രഭ്‌സിമ്രാൻ സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ.
പ്രഭ്‌സിമ്രാനു പുറമെ ഓപ്പണിങ് ബാറ്റർ പ്രിയാംശ് ആര‍്യയും (17 പന്തിൽ 22) കൂപ്പർ കോണോലിയും (21 പന്തിൽ 22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.
മുംബൈയ്ക്ക് വേണ്ടി ശാർദൂൽ ഠാക്കൂർ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചാഹർ രണ്ടും, കോർബിൻ ബോഷ്, രാജ് ഭാവ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ പ്രിയാംശ് ആര‍്യയും പ്രഭ്‌സിമ്രാൻ സിങ്ങും സമ്മാനിച്ചത്.
ഒന്നാം വിക്കറ്റിൽ തന്നെ 50 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലായിരുന്നു ടീം. ദീപക് ചാഹർ എറിഞ്ഞ ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി പറത്തികൊണ്ട് പ്രിയാംശ് ആര‍്യയാണ് പഞ്ചാബിന്‍റെ വെടിക്കെട്ടിന് തുടക്കമിട്ടത്.
രണ്ടാം ഓവർ എറിഞ്ഞ ക‍്യാപ്റ്റൻ ജസ്പ്രീത് ബുംറയെ രണ്ട് ബൗണ്ടറി പറത്തി പ്രഭ്സിമ്രാനും റൺസ് കണ്ടെത്തി. ഒടുവിൽ 5.3 ഓവറിൽ ദീപക് ചാഹർ എറിഞ്ഞ ഇൻസ്വിങ്ങറിലാണ് പ്രിയാംശ് ആര‍്യ പുറത്താകുന്നത്. എന്നാൽ രണ്ടാം വിക്കറ്റിൽ കൂപ്പർ കോണോലി പ്രഭ്സിമ്രാനൊപ്പം ചേർന്ന് സഖ‍്യമുണ്ടാക്കി സ്കോർബോർഡ് ചലിപ്പിച്ചു.
33 പന്തിൽ 50 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. പക്ഷേ 11.2 ഓവറിൽ പ്രഭ്സിമ്രാനെ പുറത്താക്കി ശാർദൂൽ ഠാക്കൂർ കൂട്ടുകെട്ട് പൊളിച്ചത് തിരിച്ചടിയായി. പിന്നാലെയെത്തിയ പഞ്ചാബ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യരെയും (4) സൂര‍്യാംശ് ഷെഡ്ഗെയെയും (8) ശാർദൂൽ ഠാക്കൂർ പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. പിന്നാലെയെത്തിയവരിൽ അസ്മത്തുള്ള ഒമർസായി (17 പന്തിൽ 38), ഇംപാക്റ്റ് പ്ലെയറായി ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് (8 പന്തിൽ 15), സേവ‍്യർ ബാർട്‌ലെറ്റ് (7 പന്തിൽ 18 റൺസ്) എന്നിവർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചതോടെ 200 റൺസിലെത്തുകയായിരുന്നു പഞ്ചാബ്.