ഐപിഎൽ പുനരാരംഭിക്കുമ്പോൾ പ്രതിസന്ധികൾ പലത്

 

File

IPL

ഐപിഎൽ പുനരാരംഭിക്കുമ്പോൾ പ്രതിസന്ധികൾ പലത്

13 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും പൂർത്തിയാക്കാനുണ്ട്. ശനിയാഴ്ച പുനരാരംഭിക്കുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ ജൂൺ മൂന്നിനാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്

ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും. പുതുക്കിയ മത്സരക്രമം അനുസരിച്ച് ജൂൺ മൂന്നിനായിരിക്കും ഫൈനൽ. ശേഷിക്കുന്ന പതിനേഴു മത്സരങ്ങൾ ആറു വേദികളിലായാണ് പുനക്രമീകരിച്ചിരിക്കുന്നത്.

ബംഗളൂരു, ജയ്പുർ, ഡൽഹി, ലഖ്നൗ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ മാത്രമായിരിക്കും ഇനി മത്സരങ്ങൾ. പ്ലേ ഓഫ് വേദികൾ പ്രഖ്യാപിച്ചിട്ടില്ല. ഒന്നാം ക്വാളിഫയർ മേയ് 29, എലിമിനേറ്റർ മേയ് 30, രണ്ടാം ക്വാളിഫയർ ജൂൺ 1, ഫൈനൽ ജൂൺ 3 എന്നീ തിയതികളിൽ നടത്തും.

മേയ് എട്ടിന് പഞ്ചാബ് കിങ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന മത്സരം മേയ് 24നു ജയ്പുരിൽ വീണ്ടും നടത്തും. പഞ്ചാബ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് ഇനി ഹോം മത്സരങ്ങൾ ലഭിക്കില്ല.

പ്രതിസന്ധികൾ പലത്

ജോസ് ബട്ലർ

ആദ്യ മത്സരക്രമം അനുസരിച്ച് മേയ് 25നാണ് ഐപിഎൽ പൂർത്തിയാകേണ്ടിയിരുന്നത്. ഇതു നീളുമ്പോൾ ഇംഗ്ലണ്ട് - വെസ്റ്റീൻഡീസ് ഏകദിന പരമ്പരയിൽ കളിക്കാനുള്ള താരങ്ങൾ മടങ്ങിപ്പോകും. റൊമാരിയോ ഷെപ്പേഡ് (RCB), ഷമർ ജോസഫ് (LSG), ഷെർഫെയ്ൻ റുഥർഫോർഡ് (GT) എന്നിവർ വിൻഡീസ് ടീമിലുണ്ട്. ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജോസ് ബട്ലർ (GT), ജേക്കബ് ബഥേൽ (RCB), ലിയാം ലിവിങ്സ്റ്റൺ (RCB), വിൽ ജാക്സ് (MI), റീസ് ടോപ്ലി (MI) എന്നിവർ ടീമിലുണ്ടാകാനാണ് സാധ്യത.

പുതുക്കിയ ഐപിഎൽ ഫൈനൽ തീയതിയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലും തമ്മിൽ ഏഴു ദിവസം മാത്രമാണ് വ്യത്യാസം. അതിനാൽ, ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ടെസ്റ്റ് താരങ്ങൾ പ്ലേഓഫ് കളിക്കാതെ മടങ്ങാൻ സാധ്യത ഏറെയാണ്. പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്, ട്രിസ്റ്റൻ സ്റ്റബ്സ്, ജോഷ് ഹേസൽവുഡ്, മാർക്കോ യാൻസൻ, ജോഷ് ഇംഗ്ലിസ്, എയ്ഡൻ മാർക്രം, കാഗിസോ റബാദ, റിയാൻ റിക്കിൾടൺ, ക്വേന മഫാക എന്നിവർ അതത് ദേശീയ ടീമുകളിൽ ഉൾപ്പെടാൻ ഇടയുള്ളവരാണ്.

ഇന്ത്യ എ ടീമിൽ പ്രമുഖർ ഉണ്ടാകില്ല

ഐപിഎൽ മത്സരങ്ങൾ നീളുന്നതു കാരണം ശ്രേയസ് അയ്യരെപ്പോലുള്ളവർക്ക് ഇന്ത്യ എ ടീമിൽ അവസരം നഷ്ടപ്പെട്ടേക്കും.

ഇതിനു പുറമേ, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഇന്ത്യ എ ടീം നടത്തുന്ന പര്യടനവും പ്രതിസന്ധിയിലാകും. മേയ് 30ന് ആരംഭിക്കുന്ന പര്യടനത്തിൽ ഉൾപ്പെടുത്താതെ പല പ്രമുഖ താരങ്ങളെയും ഐപിഎൽ കളിക്കാനായിരിക്കും നിയോഗിക്കുക.

ഗുജറാത്തിനും മുംബൈക്കും എളുപ്പം

മുംബൈ ഇന്ത്യൻസിനു ടീം പുനഃസംഘടിപ്പിക്കാൻ കൂടുതൽ സമയം കിട്ടും

സംഘർഷാവസ്ഥ കണക്കിലെടുത്ത് നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ മത്സരസജ്ജരായി തിരിച്ചെത്തിക്കുക എന്നതായിരിക്കും വിവിധ ഐപിഎൽ ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. പോയിന്‍റ് പട്ടികയിൽ മുന്നിലുള്ള ഗുജറാത്ത് ടൈറ്റൻസിനു മാത്രം കാര്യങ്ങൾ താരതമ്യേന എളുപ്പമായിരിക്കും. അവരുടെ വിദേശ താരങ്ങളിൽ ജോസ് ബട്ലറും ജെറാൾഡ് കോറ്റ്സിയും മാത്രമാണ് നാട്ടിലേക്കു മടങ്ങിയത്. ശേഷിച്ച ടീമംഗങ്ങൾ എല്ലാവരും അഹമ്മദാബാദിൽ പരിശീലനം തുടരുകയായിരുന്നു. പുതിയ മത്സരക്രമത്തിൽ മേയ് 21നു മാത്രം ആദ്യ മത്സരം കളിക്കുന്ന മുംബൈ ഇന്ത്യൻസിനു ടീം പുനഃസംഘടിപ്പിക്കാൻ കൂടുതൽ സമയം കിട്ടും.

പുതുക്കിയ ഐപിഎൽ മത്സരക്രമം

  • മേയ് 17: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു-കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാത്രി 7.30

  • 18 : രാജസ്ഥാൻ റോയൽസ്- പഞ്ചാബ് കിങ്സ്, വൈകിട്ട് 3.30

  • 18 : ഡൽഹി ക്യാപ്പിറ്റൽസ്- ഗുജറാത്ത് ടൈറ്റൻസ്, രാത്രി 7.30

  • 19 : ലഖ്നൗ സൂപ്പർ ജയന്‍റ്സ്- സൺറൈസേഴ്സ് ഹൈദരാബാദ്, രാത്രി 7.30

  • 20 : ചെന്നൈ സൂപ്പർ കിങ്സ്- രാജസ്ഥാൻ റോയൽസ്, രാത്രി 7.30

  • 21 : മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപ്പിറ്റൽസ്, രാത്രി 7.30

  • 22 : ഗുജറാത്ത് ടൈറ്റൻസ്- ലഖ്നൗ സൂപ്പർ ജയന്‍റ്സ്, രാത്രി 7.30

  • 23 : റോയൽ ചലഞ്ചേഴ്സ്- സൺറൈസേഴ്സ്, രാത്രി 7.30

  • 24 : പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപ്പിറ്റൽസ്, രാത്രി 7.30

  • 25 : ഗുജറാത്ത് ടൈറ്റൻസ്- സൂപ്പർ കിങ്സ്, വൈകിട്ട് 3.30

  • 18 : സൺറൈസേഴ്സ്- നൈറ്റ് റൈഡേഴ്സ്, രാത്രി 7.30

  • 26 : പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ്, രാത്രി 7.30

  • 27 : സൂപ്പർ ജയന്‍റ്സ്-റോയൽ ചലഞ്ചേഴ്സ്, രാത്രി 7.30

  • പ്ലേ ഓഫ്

  • മേയ് 29: ക്വാളിഫയർ 1

  • 30 : എലിമിനേറ്റർ

  • ജൂൺ 1 : ക്വാളിഫയർ 2

  • 3 : ഫൈനൽ

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ