മുകുൾ ചൗധരി

 
IPL

മകനു വേണ്ടി വീട് വിറ്റു, വായ്പ അടയ്ക്കാത്തതിനു ജയിലിലായി; ഈഡനിലെ താരോദയത്തിന്‍റെ കഥ ഇങ്ങനെ

27 പന്തിൽ പുറത്താവാതെ മുകുൾ ചൗധരി നേടിയ 54 റൺസിന്‍റെ ബലത്തിലാണ് കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്നൗ വിജയിച്ചത്

Aswin AM

കഴിഞ്ഞ ദിവസം കോൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള ഐപിഎൽ മത്സരം പുതിയ ഒരു താരത്തിന്‍റെ ഉദയത്തിനാണ് സാക്ഷ്യം വഹിച്ചത്- 21 വയസുകാരനായ മുകുൾ ചൗധരി. ഈ പേര് ഇനി ഇന്ത‍്യൻ കുപ്പായത്തിൽ കാണാൻ അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്നു കരുതാം. അത്രത്തോളം മികവാർന്ന ബാറ്റിങ് പ്രകടനമാണു മുകുൾ കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ പുറത്തെടുത്തത്.

മത്സരത്തിന്‍റെ 16.4 ഓവറിൽ കോൽക്കത്ത പേസർ വൈഭവ് അറോറ എറിഞ്ഞ യോർക്കർ ലെങ്ത്ത് ഡെലിവറി ബാക്ക്ഫുട്ടിൽ‌ ആഞ്ഞ് ഒരു ഹെലികോപ്റ്റർ ഷോട്ടിന് ശ്രമിക്കുക‍യും അത് സിക്സറായി കാണികളുടെ ഇടയിലേക്ക് പറന്നിറങ്ങുകയും ചെയ്യുന്നു. അവിടെന്ന് തന്നെ ഏതാണ്ട് ഉറപ്പായിരുന്നു ലഖ്നൗവിന്‍റെ വിജയം.

18ാം ഓവറിൽ ഇതിഹാസ താരം ബ്രെറ്റ് ലീയെ അനുസ്മരിക്കും വിധം ബൗളിങ് റണ്ണപ്പുമായി പാഞ്ഞെത്തിയ കാർത്തിക് ത‍്യാഗിയുടെ ബൗൺസർ അടിച്ചുവിട്ടതും ഗ‍്യാലറിയിലേക്ക്. എന്നാൽ, അവസാന രണ്ട് ഓവറിൽ 30 റൺസ് വേണമായിരുന്നു ജയിക്കാൻ. 19ാം ഓവർ എറിഞ്ഞ ഓസ്ട്രേലിയയുടെ അഭിമാന താരം കാമറൂൺ ഗ്രീനിനെ രണ്ട് സിക്സും ഒരു ബൗണ്ടറിയും പറത്തി അവസാന ഓവറിലെ വിജയലക്ഷ്യം 14 റൺസായി ചുരുക്കി. അവസാന ഓവറിൽ വൈഭവ് അറോറയെ രണ്ട് സിക്സറിനും തൂക്കിയതോടെ ലഖ്നൗ വിജയവും കണ്ടു. മുകുൾ 27 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്നു.

എന്നാൽ, ഈ പ്രകടനത്തിനു പിന്നിൽ കഷ്ടപ്പാടിന്‍റെയും ത‍്യാഗത്തിന്‍റെയും വലിയൊരു കഥയുണ്ട്. മകനെ ക്രിക്കറ്റ് താരമാക്കണമെന്നായിരുന്നു മുകുളിന്‍റെ അച്ഛൻ ദലീപ് ചൗധരിയുടെ ആഗ്രഹം. സാമ്പത്തിക ഭദ്രതയ്ക്കായി രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കാൻ 6 വർഷം ചെലവഴിച്ചെങ്കിലും ദലിപ് ചൗധരിക്ക് വിജയിക്കാൻ സാധിച്ചില്ല. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞെങ്കിലും അവിടെയും സ്ഥിരമായ വരുമാനം ലഭിച്ചില്ല. തുടർന്ന് മകനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ സ്വന്തം വീട് 21 ലക്ഷം രൂപയ്ക്ക് വിറ്റു.

ഇതു കൂടാതെ, വലിയ തുക വായ്പ‍യുമെടുത്തു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ജയിലിലായി. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ദലിപ് ചൗധരിയെ പരിഹസിച്ചു. ഭ്രാന്തൻ എന്നു വിളിച്ച് അധിക്ഷേപിച്ചു. എന്നാൽ, ഇതൊന്നും വകവയ്ക്കാതെ അദ്ദേഹം മുന്നോട്ടു പോയി. 2016ൽ സിക്കറിലുള്ള ക്രിക്കറ്റ് അക്കാഡമിയിൽ മുകുൾ പരിശീലനം ആരംഭിച്ചു.

2025-26 അണ്ടർ 23 ലിസ്റ്റ് എ ട്രോഫിയിൽ 617 റൺസ് അടിച്ചെടുത്ത് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി. പിന്നീട് സയീദ് മുഷ്താഖ് അലി ട്രോഫിയിൽ രാജസ്ഥാൻ ടീമിൽ ഇടം നേടി. മിന്നും പ്രകടനം പുറത്തെടുത്തതോടെ ഐപിഎല്ലിലേക്ക് വിളിയെത്തി. 2.60 കോടി രൂപയ്ക്കായിരുന്നു ലഖ്നൗ മുകുളിനെ സ്വന്തമാക്കിയത്.

വരും മത്സരങ്ങളിലും മുകുൾ തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

ഹയർസെക്കൻഡറി പരീക്ഷാ ഫലം: 77.97% വിജയം

'ആലപ്പുഴയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ'; വെല്ലുവിളിയുമായി പി.എം. ആർഷോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

നടി ട്വിഷ ശർമയുടെ മരണം: സ്ത്രീധന, പീഡനാരോപണവുമായി സിബിഐ എഫ്ഐആർ