നെഹാൽ വധേര, ശശാങ്ക് സിങ് എന്നിവരുടെ മികച്ച ബാറ്റിങ്ങും ഇടംകൈയൻ സ്പിന്നർ ഹർപ്രീത് ബ്രാറിന്‍റെ ഉജ്വല സ്പെല്ലുമാണ് പഞ്ചാബിന് ജയം ഒരുക്കിയത്
ജയ്പുർ: ഐപിഎല്ലിലെ അതിസുപ്രധാന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ പത്ത് റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് (17 പോയിന്‍റ്) പ്ലേ ഓഫിലേക്ക് അടുത്തു. നെഹാൽ വധേര, ശശാങ്ക് സിങ് എന്നിവരുടെ മികച്ച ബാറ്റിങ്ങും ഇടംകൈയൻ സ്പിന്നർ ഹർപ്രീത് ബ്രാറിന്‍റെ ഉജ്വല സ്പെല്ലുമാണ് പഞ്ചാബിന് ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 5 വിക്കറ്റിന് 219 റൺസ് അടിച്ചുകൂട്ടി. റോയൽസിന്‍റെ മറുപടി 7ന് 209ൽ ഒതുങ്ങി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സിന് തുടക്കത്തിൽ തന്നെ ഓപ്പണർ പ്രിയാംശ് ആര്യയെ(9) നഷ്ടമായി. തുഷാർ ദേശ്പാണ്ഡെയാണ് പ്രിയാംശിനെ മടക്കിയത്. പ്രഭ്സിമ്രൻ സിങ് ക്വെന മഫാക്കയെ സിക്സിനും ഫോറിനും പറത്തി താളം കാക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബിന്‍റെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മിച്ചൽ ഓവനെ (0) മഫാക്കെയും പ്രഭ്സിമ്രാനെ (21) തുഷാറും തിരിച്ചയച്ചു. നായകൻ ശ്രേയസ് അയ്യരും (30) വധേരയും ചേർന്ന് അതിവേഗം നേടിയ 67 റൺസാണ് പഞ്ചാബിനെ താങ്ങിനിർത്തിയത്.
അനായാസം ബാറ്റ് ചെയ്ത അയ്യർ നിലയുറപ്പിച്ചെന്നു തോന്നിച്ചെങ്കിലും റയാൻ പരാഗിന്‍റെ പന്തിൽ യശ്വസി ജയ്സ്വാളിന് പിടിനൽകി മടങ്ങി. അർധ സെഞ്ചുറിയിലേക്ക് അടുത്ത വധേരയെ വാനിന്ദു ഹസരങ്ക സ്വന്തം പന്തിൽ ഡ്രോപ്പ് ചെയ്തു. അവസരം മുതലെടുത്ത 25 പന്തിൽ ഹാഫ് സെഞ്ചുറിയിലെത്തി. അഞ്ച് ബൗണ്ടറിയും അത്ര തന്നെ സിക്സും ഉൾപ്പെടെ 70 റൺസ് വാരിയാണ് വധേര മടങ്ങിയത്. ശശാങ്ക് സിങ്ങും അപാര ഫോമിലായിരുന്നു. 30 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സം സഹിതം 59 റൺസുമായി ശശാങ്ക് പുറത്താകാതെ നിന്നു. 9 പന്തിൽ 21 റൺസ് കൊയ്ത അസ്മത്തുള്ള ഒമർ സായിയും പഞ്ചാബ് സ്കോറിന് അവസാന കുതിപ്പേകി.
ചേസ് ചെയ്ത റോയൽസിന് ലഭിച്ചത് മിന്നൽ തുടക്കം. ആദ്യ ഓവറുകളിൽ കൗമാര താരം വൈഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും കത്തിക്കയറി. അഞ്ച് ഓവറിൽ 76 റൺസ് വന്നു. എന്നാൽ ബ്രാർ പന്തെടുത്തതോടെ കളിയുടെ ഗതിമാറി. പതിനഞ്ച് പന്തിൽ 40 റൺസുമായി നിന്ന സൂര്യവംശിയെ ബ്രാർ ഡഗ്ഔട്ടിലെത്തിച്ചു. നാലു ഫോറും നാലു സിക്സും പറത്തി സൂര്യവംശിയുടെ മടക്കം.
റോയൽസ് സ്കോർ നൂറ് കടന്നപ്പോൾ അർധ സെഞ്ചുറിക്കാരൻ ജയ്സ്വാളും (50, ഒമ്പത് ഫോർ, ഒരു സിക്സ്) ബ്രാറിനെ നമിച്ചു. പരുക്കിൽ നിന്ന് മുക്തനായി ഒരിടവേളയ്ക്കുശേഷം കളത്തിൽ തിരിച്ചെത്തിയ റോയൽസ് നായകൻ സഞ്ജു സാംസനെ (20) പുറത്താക്കി ഒമർസായി എതിരാളിയെ വീണ്ടും ഞെട്ടിച്ചു.
റിയാൻ പരാഗും (13) ബ്രാറിനെ വണങ്ങിയ നേരം റോയൽസ് തീർത്തും പ്രതിസന്ധിയിലായി. ഷിമ്രോൺ ഹെറ്റ്മയർ (11) ഒമർസായിയുടെ രണ്ടാം ഇരയായനേരം റോയൽസ് പരാജയം ഉറപ്പിച്ചു. ഒരറ്റത്ത് ധ്രുവ് ജുറെൽ (53) പൊരുതിയെങ്കിലും മാർക്കോ യാൻസന്‍റെ മൂർച്ചയെ മറികടക്കാൻ സാധിച്ചില്ല. പഞ്ചാബിനുവേണ്ടി ബ്രാർ മൂന്നും യാൻസനും ഒമർസായിയും രണ്ടും വിക്കറ്റു വീതവും പിഴുതു.