ഡൽഹി ക്യാപ്പിറ്റൽസിന് രാഹുലിനെ കൂടാതെ ഒരു ക്യാപ്റ്റൻ കൂടി 
Sports

ഡൽഹി ക്യാപ്പിറ്റൽസിന് രാഹുലിനെ കൂടാതെ ഒരു ക്യാപ്റ്റൻ കൂടി

അടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് ഇരട്ട ക്യാപ്റ്റൻസി നടപ്പാക്കുമെന്ന് സൂചന

VK SANJU

ജിദ്ദ: അടുത്ത ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് ഇരട്ട ക്യാപ്റ്റൻസി നടപ്പാക്കുമെന്ന് സൂചന. ഋഷഭ് പന്തിനെ കൈവിട്ട ടീം, കെ.എൽ. രാഹുലിനെ 14 കോടി രൂപ മുടക്കി ലേലം വിളിച്ചെടുത്തത് ക്യാപ്റ്റനാക്കാൻ തന്നെയെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

അതേസമയം, രാഹുലിനെ കൂടാതെ ഒരാളെ കൂടി ക്യാപ്റ്റൻസി ഏൽപ്പിക്കാനാണ് ആലോചന. അത് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ആയിരിക്കുമെന്ന സൂചന പുറത്തുവന്നിരുന്നെങ്കിലും, ടീമിന്‍റെ സഹ ഉടമ പാർഥ് ജിൻഡാൽ പുറത്തുവിട്ട പേര് മറ്റൊരാളുടേതാണ്.

ലേലത്തിനു മുൻപ് തന്നെ ടീമിൽ നിലനിർത്തിയ അക്ഷർ പട്ടേലുമായി രാഹുൽ ക്യാപ്റ്റൻസി പങ്കിടുമെന്ന സൂചനയാണ് ജിൻഡാൽ നൽകുന്നത്. രാഹുലിനെ ലേലത്തിൽ സ്വന്തമാക്കിയതിനെക്കാൾ കൂടിയ തുകയ്ക്കാണ് (16.5 കോടി) അക്ഷർ പട്ടേലിനെ ഡൽഹി നിലനിർത്തിയിരിക്കുന്നത്.

എല്ലാ സീസണിലും ടോപ് ഓർഡറിൽ 400 റൺസിൽ കുറയാതെ സ്കോർ ചെയ്യുന്ന രാഹുലിന്‍റെ സ്ഥിരതയാണ് തങ്ങളെ ആകർഷിച്ചതെന്ന് ജിൻഡാൽ പറഞ്ഞു. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലെ വിക്കറ്റ് അദ്ദേഹത്തിന്‍റെ ഗെയിമിനു യോജിച്ചതായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

''ചെറുപ്പക്കാർ ഏറെയുള്ള ബാറ്റിങ് ലൈനപ്പാണ് ഞങ്ങളുടേത്. രാഹുലും അക്ഷറും ആയിരിക്കും അവരെ നയിക്കുന്നതും മാർഗനിർദേശങ്ങൾ നൽകുന്നത്'', ജിൻഡാൽ വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ജേക്ക് ഫ്രേസർ മക്ഗുർക്ക് ആയിരിക്കും രാഹുലിന്‍റെ ഓപ്പണിങ് പങ്കാളി. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കും ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്സും മധ്യനിരയ്ക്ക് കരുത്താകുമെന്നും പ്രതീക്ഷിക്കുന്നു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്