സഞ്ജു സാംസൺ, എം.എസ്. ധോണി, ചെന്നൈ സൂപ്പർ കിങ്സ് പരിശീലനത്തിനിടെ.
File 2025
ന്യൂഡൽഹി: ഐപിഎല്ലിൽ ഇംപാക്റ്റ് സബ് ആയി ഇനി കളിക്കില്ലെന്ന് മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. കളിക്കുന്നെങ്കിൽ ഫുൾ ടൈം വിക്കറ്റ് കീപ്പറായി മാത്രം എന്നാണ് തീരുമാനം. ധോണി ഇക്കാര്യം തന്നോടു നേരിട്ടു പറഞ്ഞതാണെന്ന് സിഎസ്കെയിലെ മുൻ സഹതാരം എസ്. ബദരിനാഥാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ചെന്നൈ സൂപ്പർ കിങ്സിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ റോളിൽ മാറ്റം വരാൻ സാധ്യത വർധിച്ചിരിക്കുകയാണ്. ധോണി അടുത്ത സീസണിൽ കളിക്കാനിറങ്ങിയാൽ സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റർ മാത്രമായാകും ടീമിലുണ്ടാകുക. ഓപ്പണർ റോളിൽ തത്കാലം സഞ്ജുവിനു ഭീഷണിയില്ലെങ്കിലും, വിക്കറ്റിനു പിന്നിലെ സ്ഥാനം പോകുന്നത് ടീമിലെ പ്രാധാന്യം കുറയ്ക്കും.
അതേസമയം, കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ ഋതുരാജ് ഗെയ്ക്ക്വാദിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കിടയിൽ ശക്തമാണ്. ഇതിനിടെയാണ് ധോണിയുടെ പുതിയ നീക്കത്തെക്കുറിച്ചുള്ള ബദരിനാഥിന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
എന്നാൽ, ധോണി ഇംപാക്റ്റ് പ്ലെയറായി തുടരുന്നതു തന്നെയാണു നല്ലതെന്നാണു തന്‍റെ അഭിപ്രായമെന്നും ബദരിനാഥ് കൂട്ടിച്ചേർത്തു. അദ്ദേഹം 16 ഓവറിനു ശേഷം മാത്രം ബാറ്റ് ചെയ്യാനിറങ്ങുന്നത് ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണ്. അതിനൊപ്പം 20 ഓവർ വിക്കറ്റ് കീപ്പിങ് കൂടി ചെയ്യുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ബദരിനാഥ് അഭിപ്രായപ്പെടുന്നു.
നിലവിൽ 45 വയസുള്ള ധോണി ഐപിഎല്ലിലെ തന്‍റെ ഭാവിയെക്കുറിച്ച് ഇനിയും പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സ്റ്റീഫൻ ഫ്ളെമിങ് ഒഴിഞ്ഞ സാഹചര്യത്തിൽ പരിശീലക സ്ഥാനത്തേക്കോ കോച്ച്-കം-പ്ലെയർ റോളിലേക്കോ അദ്ദേഹത്തെ പരിഗണിക്കാനും സാധ്യത ഏറെയാണ്. ചെന്നൈയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് ധോണി. 2024 സീസണിനു മുൻപ് ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം പരിമിതമായി മാത്രമാണ് കളിക്കുന്നത്.