എഡിൻ സെക്കോ മത്സരശേഷം.

 
Sports

ഇറ്റലിയെ വീഴ്ത്തിയ ബോസ്നിയയുടെ പടനായകൻ, വയസ് 40

വയസ് നാൽപ്പതായെങ്കിലും എഡിൻ സെക്കോ എന്ന പടനായകനില്ലാതെ ലോകകപ്പിനിറങ്ങുന്നതിനെക്കുറിച്ച് ബോസ്നിയക്ക് ഇപ്പോൾ ചിന്തിക്കാനേ കഴിയില്ല

Sports Desk

സെനിക്ക (ബോസ്നിയ-ഹെർസഗോവിന): കരുത്തരായ ഇറ്റലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ബോസ്നിയ-ഹെർസഗോവിന 2026 ലോകകപ്പിന് യോഗ്യത നേടുമ്പോൾ, ശരീരത്തോടു ചേർത്തു കെട്ടിയ കൈയുമായി എഡിൻ സെക്കോ മൈതാനത്തു തന്നെയുണ്ടായിരുന്നു. മത്സരത്തിനിടെ തെറ്റിയ തോളെല്ല് പിടിച്ചിട്ട് വച്ചു കെട്ടിയിരിക്കുകയാണ്.

ലോകകപ്പ് വരും മുൻപ് പരുക്ക് ഭേദമാകണം. വയസ് നാൽപ്പതായെങ്കിലും എഡിൻ സെക്കോ എന്ന പടനായകനില്ലാതെ ലോകകപ്പിനിറങ്ങുന്നതിനെക്കുറിച്ച് ബോസ്നിയക്ക് ഇപ്പോൾ ചിന്തിക്കാനേ കഴിയില്ല.

യൂഗോസ്ലാവ്യയുമായി പിരിഞ്ഞ് സ്വതന്ത്ര രാജ്യമായ ശേഷം ബോസ്നിയ-ഹെർസഗോവിന യോഗ്യത നേടുന്ന രണ്ടാമത്തെ മാത്രം ലോകകപ്പാണിത്.

നാടകീയമായ പോരാട്ടം

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഇറ്റാലിയൻ താരം ഡേവിഡ് ഫ്രാറ്റേസിയുടെ ഫൗളിൽ സെക്കോയുടെ തോളിന് പരുക്കേറ്റിരുന്നു. വേദന വകവെക്കാതെ അധികസമയം മുഴുവൻ മൈതാനത്ത് തുടർന്ന സെക്കോയുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. എന്നാൽ പരുക്കു കാരണം അദ്ദേഹത്തിന് ഷൂട്ടൗട്ടിൽ പങ്കെടുക്കാനായില്ല.

ഷൂട്ടൗട്ടിൽ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ഡൊന്നരുമ്മയെ മറികടന്ന് ബോസ്നിയൻ താരങ്ങൾ ലക്ഷ്യം കണ്ടു. അമേരിക്കയിൽ നിന്ന് കളി മാറി വന്ന എസ്മിർ ബജ്‌രക്തറെവിച്ചും കൗമാര താരം കെറിം അലാജ്ബെഗോവിച്ചും നേടിയ ഗോളുകൾ ബോസ്നിയയുടെ വിജയം ഉറപ്പിച്ചു. ഇറ്റലിയുടെ രണ്ട് താരങ്ങൾ കിക്ക് പിഴപ്പിച്ചതോടെ ബോസ്നിയ 4-1ന് ഷൂട്ടൗട്ട് സ്വന്തമാക്കി.

സെക്കോയ്ക്ക് പരുക്കിനോടുള്ള പോരാട്ടം

ലോകകപ്പ് തുടങ്ങാൻ 10 ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സെക്കോയുടെ പരുക്ക് ബോസ്നിയൻ ക്യാമ്പിൽ ആശങ്ക പടർത്തുന്നുണ്ട്. "എഡിൻ സെക്കോയുടെ പരുക്ക് ഗുരുതരമല്ലെന്ന് കരുതുന്നു. ലോകകപ്പിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്," ബോസ്നിയൻ പരിശീലകൻ സെർജി ബാർബറസ് പറഞ്ഞു. 2007-ൽ അരങ്ങേറിയ സെക്കോ 20 വർഷമായി ദേശീയ ടീമിനായി ഗോളടിച്ചുകൊണ്ടിരിക്കുകയാണ്.

ലോകകപ്പ് ഗ്രൂപ്പ്

ഗ്രൂപ്പ് എച്ചിലാണ് ബോസ്നിയ മത്സരിക്കുക. ജൂൺ 12-ന് ടൊറന്‍റോയിൽ സഹ-ആതിഥേയരായ കാനഡയ്ക്കെതിരെയാണ് ആദ്യ മത്സരം. സ്വിറ്റ്സർലൻഡ്, ഖത്തർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 2014-ൽ ബ്രസീൽ ലോകകപ്പിലാണ് ഇതിന് മുൻപ് ബോസ്നിയ കളിച്ചത്.

സിപിഎം കലാപമുണ്ടാക്കാൻ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

നടി ട്വിഷ ശർമയുടെ മരണം; മുൻ ജഡ്ജി ഗിരിബാല സിങ് അറസ്റ്റിൽ

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

''തിരുവനന്തപുരം നഗരത്തിന് നാണക്കേട്''; ഇഡിയെ ആക്രമിച്ചതിൽ വി.വി. രാജേഷ്