ജോ റൂട്ടിന്‍റെ നിർണായക വിക്കറ്റ് സ്വന്തമാക്കിയ ഗ്ലെൻ ഫിലിപ്സിനെ അഭിനന്ദിക്കുന്ന ന്യൂസിലൻഡ് താരങ്ങൾ. 
Sports

നനഞ്ഞ പടക്കമായി ഇംഗ്ലണ്ട്; ലോകകപ്പിൽ ആദ്യ ജയം ന്യൂസിലൻഡിന്

ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു. ന്യൂസിലൻഡ് 36.2 ഓവറിൽ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി

MV Desk

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡിന്‍റെ തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണെടുത്തത്. ന്യൂസിലൻഡ് വെറും 36.2 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.

ഓപ്പണർ വിൽ യങ്ങിനെ (0) നഷ്ടപ്പെട്ട ശേഷം ഡെവൺ കോൺവെയ്ക്കൊപ്പം ചേർന്ന രചിൻ രവീന്ദ്രയാണ് കിവികളുടെ ജയം അനായാസമാക്കിയത്. കോൺവെ 121 പന്തിൽ 19 ഫോറും 3 സിക്സും സഹിതം 152 റൺസെടുത്ത് പുറത്താകാതെ നിന്നു. കന്നി ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ വംശജനായ രചിൻ 96 പന്തിൽ 11 ഫോറും 5 സിക്സും സഹിതം 123 റൺസോടെയും നോട്ടൗട്ടായി തുടർന്നു.

പന്തെറിയാനെത്തിയ ആറ് ഇംഗ്ലണ്ട് ബൗളർമാരും ഓവറിൽ ശരാശരി ആറു റൺസിലധികം വഴങ്ങി. ഫാസ്റ്റ് ബൗളർ മാർക്ക് വുഡിന്‍റെ അഞ്ചോവറിൽ 55 റൺസാണ് പിറന്നത്. വീണ ഏക വിക്കറ്റ് സാം കറൻ സ്വന്തമാക്കി.

നേരത്തെ, 118 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് മൂന്നാം നമ്പറിൽ ജോ റൂട്ട് (86 പന്തിൽ 77) നടത്തിയ ചെറുത്തുനിൽപ്പും വാലറ്റക്കാർ നടത്തിയെ വെടിക്കെട്ടും. വേഗം കുറഞ്ഞ ഇന്ത്യൻ വിക്കറ്റിൽ വിചാരിച്ച വേഗത്തിൽ സ്കോർ ചെയ്യാൻ ഇംഗ്ലിഷ് ടോപ് ഓർഡർ ബാറ്റർമാർക്കു സാധിച്ചില്ല. 24 പന്തിൽ 14 റൺസ് മാത്രം നേടിയ ദാവീദ് മലാന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടയമായത്. സഹ ഓപ്പണർ ജോണി ബെയർസ്റ്റോ മികച്ച സ്കോറിനുള്ള അടിത്തറയിട്ടെങ്കിലും 35 പന്തിൽ 33 റൺസുമായി മടങ്ങി.

ന്യൂസിലൻഡിനു വേണ്ടി സെഞ്ചുറി നേടിയ ഡെവൺ കോൺവെയും രചിൻ രവീന്ദ്രയും.

16 പന്തിൽ 25 റൺസെടുത്ത ഹാരി ബ്രൂക്ക്, 42 പന്തിൽ 43 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ട്ലർ എന്നിവർ റൺ നിരക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും, അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവി ബൗളിങ് നിര മധ്യ ഓവറുകളിൽ കളി നിയന്ത്രിച്ചു.

ഇടങ്കയ്യൻ സ്പിന്നർ മിച്ചൽ സാന്‍റ്നർ പത്തോവറിൽ 37 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. മൂന്നോവർ മാത്രം പന്തെറിഞ്ഞ പാർട്ട് ടൈം സ്പിന്നർ ഗ്ലെൻ ഫിലിപ്സും 17 റൺസിനു രണ്ട് വിക്കറ്റെടുത്തു. ടീമിലെ മറ്റൊരു സ്പിന്നറായ രചിൻ രവീന്ദ്രയ്ക്കും ഒരു വിക്കറ്റ് കിട്ടിയെങ്കിലും പത്തോവറിൽ 76 റൺസ് വഴങ്ങി.

48 റൺസിന് മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെൻറി, ഒരു വിക്കറ്റ് നേടിയ ട്രെന്‍റ് ബോൾട്ട് എന്നിവരും മോശമാക്കിയില്ല.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം