മുബൈ: വിഖ്യാതമായ മുംബൈ മാരത്തണിലെ എലൈറ്റ് മെൻസ് വിഭാഗത്തിൽ എറിത്രിയൻ താരം ബെർഹാനെ ടെസ്ഫേ ജേതാവായി. രണ്ട് മണിക്കൂർ 11 മിനിറ്റ് 44 സെക്കൻഡിലായിരുന്നു ഫിനിഷ്. എറിത്രിയയിൽനിന്നു തന്നെയുള്ള മെർഹാവി കെസെറ്റെ ആറ് സെക്കൻഡ് കൂടുതലെടുത്ത് രണ്ടാം സ്ഥാനം നേടി. ആറ് സെക്കൻഡ് കൂടി വ്യത്യാസത്തിൽ ഫിനിഷ് ചെയ്ത ടെസ്ഫയെ ഡെമെകെയാണ് മൂന്നാമതെത്തിയത്.
ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനം നേടിയത് അനീഷ് ഥാപ്പയാണ്. രണ്ട് മണിക്കൂർ 17 മിനിറ്റ് 23 സെക്കൻഡിലായിരുന്നു ഫിനിഷ്. ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനം മാൻ സിങ്ങും മൂന്നാം സ്ഥാനം ഗോപി തോനയ്ക്കലും നേടി.
എലൈറ്റ് വിമെൻ കാറ്റഗറിയിൽ ജോയ്സ് ചെപ്കെമോയ് ടെലെ ഒന്നാം സ്ഥാനത്തെത്തി. സമയം 2 മണിക്കൂർ 24 മിനിറ്റ് 56 സെക്കൻഡ്. ഷിറ്റായെ എഷെറ്റെ, മെഡിന ഡെമെ അർമിനോ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഹാഫ് മാരത്തൺ പുരുഷ വിഭാഗത്തിൽ സവാൻ ബാർവൽ ജേതാവായി. ഹർമൻജോത് സിങ് രണ്ടാം സ്ഥാനവും കാർത്തിക കർകെരെ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണിൽ സ്റ്റാൻസിൻ ഡോൽക്കറാണ് ഒന്നാമതെത്തിയത്. സ്കർമ ഇദോങ് ലാൻസെ രണ്ടാമതും താഷി ലാദോൻ മൂന്നാമതും ഫിനിഷ് ചെയ്തു.
ഡ്രീം റൺ കാറ്റഗറിയിൽ കാൽ ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഛഗൻ ഭുജ്ബൽ എംഎൽഎ, മുംബൈ പൊലീസിലെ സ്പെഷ്യൽ കമ്മിഷണർ ദേവൻ ഭാരതി, ബിഎംസി മുൻ കമ്മിഷണർ ഇഖ്ബാൽ സിങ് ചഹൽ, അമൃത ഫഡ്നാവിസ് എന്നിവർ റേസ് ഫ്ളാഗ് ഓഫ് ചെയ്തു. ബോളിവുഡ് താരങ്ങളായ നേഹ ധൂപിയ, രാഹുൽ ബോസ് തുടങ്ങിയവർ പങ്കെടുത്തു.
ആഗോളതലത്തിലുള്ള അത്ലറ്റുകളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും മൂന്നാമത്തെ ഞായറാഴ്ചയാണ് മുംബൈ മാരത്തൺ സംഘടിപ്പിക്കുന്നത്. ഛത്രപതി ശിവാജി ടെർമിനസിലാണ് ഇതിനു തുടക്കം കുറിക്കുക.