"സായി'യുടെ അന്താരാഷ്‌ട്ര സിമ്പോസിയത്തിന് തുടക്കമായി

 

file image

Sports

"സായി'യുടെ അന്താരാഷ്‌ട്ര സിമ്പോസിയത്തിന് തുടക്കമായി

2047ൽ കായികരംഗത്തും നേട്ടം സാധ്യമാകണമെന്ന് കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ

MV Desk

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലെ തിരുവനന്തപുരത്തെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) ലക്ഷ്‌മിഭായ് നാഷണൽ കോളെജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കായിക സിമ്പോസിയത്തിന് തുടക്കമായി.

കായിക പരിശീലന രംഗത്തെ അത്യാധുനിക ശാസ്ത്രീയ രീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി "സ്പോർട്‌സ് സ്പെസിഫിക് സ്ട്രെങ്‌ത് ആൻഡ് കണ്ടീഷനിങ് - 2026' എന്ന വിഷയത്തിൽ നടക്കുന്ന നാലു ദിവസത്തെ സിമ്പോസിയം, തിരുവനന്തപുരം "ഒ' ബൈ താമര ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

2047ൽ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ കായിക രംഗത്തും ആ നേട്ടം സാധ്യമാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അത്‌ലറ്റിക്സിൽ മെഡൽ നേടുക എന്ന ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ യുവജനതയുള്ള രാജ്യമെന്ന നിലയിൽ കായികരംഗത്ത് ഇന്ത്യയ്ക്ക് മുന്നേറാനാകും. കഴിഞ്ഞ 10 വർഷം കൊണ്ട് കായിക മേഖലയിൽ രാജ്യം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക, പ്രതിരോധ രംഗങ്ങളിലും, സ്റ്റാർട്ടപ്പ് മേഖലയിലും രാജ്യത്തുണ്ടായ പുരോഗതി കായികരംഗത്തും സാധ്യമാകണം. സവിശേഷമായ പരിശീലനം ഇതിനാവശ്യമാണെന്നും ഇത്തരം അന്താരാഷ്‌ട്ര സിമ്പോസിയങ്ങൾ അതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

2030 ഒളിംപിക്സ് ലക്ഷ്യമിട്ട് നമ്മുടെ യുവ കായികതാരങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് വളർത്തുന്നതിൽ പരിശീലകർക്ക് നിർണായക പങ്കാണുള്ളതെന്ന് ചടങ്ങിൽ ആശംസ അർപ്പിച്ച ഒളിംപിക് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷ് പറഞ്ഞു. കായികരംഗം അനുദിനം മാറുന്നതനനുസരിച്ച് ഈ മേഖലയിലെ പുത്തൻ അറിവുകളും സാങ്കേതിക ജ്ഞാനവും പരിശീലകർ സ്വായത്തമാക്കണം. ഭാവി കായികതാരങ്ങളോടും രാജ്യത്തിന്‍റെ കായിക രംഗത്തോടും പരിശീലകർക്ക്‌ വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. പ്രദീപ് ദത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ശ്യാം സുന്ദർ രഥ്, കേരള ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്റ്റർ എസ്.എൻ. രഘുചന്ദ്രൻ നായർ, പിഇഎഫ്ഐ സെക്രട്ടറി ജനറൽ ഡോ. പിയൂഷ് ജെയിൻ, എൻഎസ്എൻഐ എസ് ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ വിനീത് കുമാർ, ഗ്വാളിയർ എൽഎൻഐപിഇ വൈസ് ചാൻസലർ പ്രൊഫ. കൽപ്പന ശർമ തുടങ്ങിവർ ആശംസാ പ്രസംഗം നടത്തി. ഇന്‍റർനാഷണൽ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ പ്രൊഫ. കാർലോ എ. ബുസിചെല്ലി ചടങ്ങിനെ അഭിസംബോധന ചെയ്തു.

കായിക താരങ്ങളുടെ കരുത്തും ശാരീരികക്ഷമതയും വർധിപ്പിക്കുന്നതിനുള്ള പുതിയ രീതികൾ പരിശീലകർക്ക് പരിചയപ്പെടുത്തുകയാണ് മാർച്ച് ഒന്നു വരെ നീണ്ടു നിൽകുന്ന പരിപാടിയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തരായ വിദഗ്‌ധരും ദേശീയ തലത്തിലെ പ്രമുഖ പരിശീലകരും പങ്കെടുക്കുന്ന പരിപാടിയിൽ ഓട്ടം (സ്പ്രിന്‍റ്സ്), ചാട്ടം (ജംപ്സ്) എന്നീ ഇനങ്ങളിൽ പ്രത്യേക ശിൽപ്പശാലകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് റെയ്ൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയ്നുകൾ വൈകിയോടുന്നു

ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

കേറ്റടാ പ്രിയദർശിനി എന്‍റെ നെഞ്ചത്തോട്ട്! ഇടുക്കിയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ നാടകീയ പ്രതിഷേധം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ