എർലിങ് ഹാലൻഡിന്‍റെ ഗോൾ ആഘോഷം.

 
Sports

ഹാലൻഡിന്‍റെ ഇരട്ട ഗോളിൽ സിറ്റി വിജയം

എർലിങ് ഹാലന്‍ഡ് ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 13 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും ഇതുവരെ നേടിക്കഴിഞ്ഞു.

Sports Desk

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എവർട്ടണെതിരേ ഏകപക്ഷീയമായ രണ്ടു ഗോളിന്‍റെ ആധികാരിക വിജയം. മത്സരത്തിൽ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ് ഇരട്ട ഗോൾ നേടി. രണ്ടാം പകുതിയിലെ അഞ്ച് മിനിറ്റിനുള്ളിലാണ് ഹാലൻഡിന്‍റെ രണ്ട് ഗോളും പിറന്നത്.

58-ാം മിനിറ്റിൽ നിക്കോ ഓറെയ്‌ലിയുടെ ക്രോസിൽ ഉയർന്നു ചാടി ഹാലൻഡ് തൻന്‍റെ ആദ്യ ഗോൾ നേടി. അഞ്ച് മിനിറ്റിനു ശേഷം സവിൻഹോ നൽകിയ പാസ് വലയിലെത്തിച്ച് സിറ്റിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.

ഈ സീസണിൽ എട്ട് ലീഗ് മത്സരങ്ങളിൽ നിന്ന് താരം നേടിയത് 11 ഗോളുകളാണ്. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 13 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും ഇതുവരെ നേടിക്കഴിഞ്ഞു.

വിജയത്തോടെ സിറ്റി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലീഗ് ലീഡർമാരായ ആഴ്‌സനലിനേക്കാൾ മൂന്ന് പോയിന്‍റ് മാത്രം പിന്നിലാണവർ.

ഇതിനിടെ, ചെൽസിയോട് 3-0ന് തോറ്റതിന് പിന്നാലെ നോട്ടിങ്ങാം ഫോറസ്റ്റ് പരിശീലകനായ ആഞ്ചെ പോസ്റ്റെകോഗ്ലുവിനെ പുറത്താക്കി. ചുമതലയേറ്റ് 39 ദിവസത്തിനുള്ളിലാണ് ഓസ്‌ട്രേലിയക്കാരന്‍റെ കസേര തെറിക്കുന്നത്. നൂനോ എസ്പിരിറ്റോ സാന്‍റോയ്ക്ക് പകരക്കാരനായി വന്ന പോസ്റ്റെകോഗ്ലുവിനു കീഴിൽ ഫോറസ്റ്റിന് ഒരു മത്സരത്തിൽ പോലും വിജയിക്കാനായില്ല. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോൽക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു.

മറ്റ് ഫലങ്ങൾ:

  • ഫുൾഹാമിനെതിരെ 1-0ന് ജയിച്ച ആഴ്‌സനൽ ലീഡ് നിലനിർത്തി. 58ാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്നാണ് ആഴ്‌സനലിന്‍റെ വിജയഗോൾ. ബുകായോ സാക്ക എടുത്ത കോർണർ, ഗബ്രിയേൽ മഗൽഹേസ് ഫ്ലിക്ക് ചെയ്യുകയും, ലിയാൻഡ്രോ ട്രോസാർഡ് വലയിലെത്തിക്കുകയും ചെയ്തു. 2023-24 സീസൺ ആരംഭിച്ചത് മുതൽ കോർണറുകളിൽ നിന്ന് ആഴ്‌സനൽ നേടുന്ന 37ാം ഗോളാണിത്.

  • ബ്രൈറ്റനോട് 2-1ന് ന്യൂകാസിൽ തോറ്റു.

  • ബോൺമൗത്തിനെതിരെ ജീൻ-ഫിലിപ്പ് മാറ്റെറ്റയുടെ ഹാട്രിക്ക് മികവിൽ ക്രിസ്റ്റൽ പാലസ് 3-3 സമനില നേടി

  • ബേൺലി, ലീഡ്‌സിനെ 2-0ന് തോൽപ്പിച്ചു.

  • സണ്ടർലാൻഡ് വോൾവർഹാംപ്റ്റണെ 2-0ന് മറികടന്നു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ