ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ (17) ലയണൽ മെസിക്ക് റെക്കോഡ്.

 
FIFA World Cup

അർജന്‍റീന vs ഓസ്ട്രിയ | മെസിക്ക് റെക്കോഡ് | Live Updates

ഫിഫ ലോകകപ്പ് ജെ ഗ്രൂപ്പിൽ അർജന്‍റീനയും ഓസ്ട്രിയയും തമ്മിലുള്ള മത്സരത്തിന്‍റെ തത്സമയ വിവരങ്ങൾ.

അർജന്‍റീനയ്ക്ക് അവസരം

87-ാം മിനിറ്റിൽ ഗോൺസാലസിന്‍റെ ഗോൾ ശ്രമം പെനൽറ്റി ഏരിയയിൽ തടസപ്പെടുന്നു.

ഓസ്ട്രിയയുടെ അവസാന സബ്സ്റ്റിറ്റ്യൂഷൻ

85-ാം മിനിറ്റിൽ ഓസ്ട്രിയ അഞ്ചാം സബ്സ്റ്റിറ്റ്യൂഷൻ നടത്തുന്നു. മൈക്കൽ ഗ്രിഗോറിഷിനു പകരം കാർനി ചുക്വുമേക.

അർജന്‍റീനയ്ക്ക് വീണ്ടും ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ

82-ാം മിനിറ്റിൽ ഫകുണ്ടോ മെദീനയും റോഡ്രിഗോ ഡീപോളും പുറത്തേക്ക്. പകരം നിക്കൊളാസ് താഗ്ലിയാഫിക്കോയും ലിയാൻഡ്രോ പരേഡേസും.

വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ

79-ാം മിനിറ്റിൽ ഓസ്ട്രിയയു‌ടെ നാലാം സബ്സ്റ്റിറ്റ്യൂഷൻ. റൊമാനോ ഷ്മിഡിനു പകരം പാട്രിക് വിമ്മർ.

ലെയ്മർക്കും മെദീനയ്ക്കും മഞ്ഞക്കാർഡ്

76-ാം മിനിറ്റിൽ അർജന്‍റീനയുടെ മെദീനയ്ക്കും ഓസ്ട്രിയയുടെ ലെയ്മർക്കും മഞ്ഞക്കാർഡ്. ലെയ്മറുടെ ഫൗളിനോട് മെദീന ശാരീരികമായി പ്രതികരിച്ചതിനാണ് ഇരുവർക്കും ശിക്ഷ.

അർജന്‍റീനയ്ക്ക് കോർണർ

73-ാം മിനിറ്റിൽ കിട്ടിയ കോർണർ മെസി മനോഹരമായി ബോക്സിലേക്ക് ലോബ് ചെയ്യുന്നു. കൃത്യമായി കണക്റ്റ് ചെയ്യാൻ ഗോൺസാലസിനു സാധിക്കുന്നില്ല. ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പുറത്തേക്ക്.

മൂന്ന് മാറ്റങ്ങളുമായി ഓസ്ട്രിയ

70-ാം മിനിറ്റിൽ ഓസ്ട്രിയ മൂന്ന് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തുന്നു.

സ്റ്റെഫാൻ പോഷ്, പോൾ വാനർ, ഡേവിഡ് ആൽബ പുറത്ത്.

മാർക്കോ അർനോട്ടോവിച്ച്, അലക്സാണ്ടർ പ്രാസ്, മാർക്കോ ഫ്രീഡിൽ കളത്തിൽ.

ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ

64-ാം മിനിറ്റിൽ അർജന്‍റീന നിക്കോ ഗോൺസാൽവസിനെയും ജൂലിയൻ അൽവാരസിനെയും കളത്തിലിറക്കുന്നു. പുറത്തു പോകുന്നത് തിയാഗോ അൽമാഡയും ലൗട്ടേരോ മാർട്ടിനസും. തൊട്ടടുത്ത മിനിറ്റിലെ മുന്നേറ്റത്തിനൊടുവിൽ മെസി ഗോളിലേക്ക് തൊടുക്കുന്ന ഷോട്ട് ലക്ഷ്യം കാണാതെ പോകുന്നു.

അർജന്‍റീനയുടെ സബ്സ്റ്റിറ്റ്യൂഷൻ

57-ാം മിനിറ്റിൽ അർജന്‍റൈൻ കോച്ച് ലയണൽ സ്കലോണി പ്രതിരോധ നിരയിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോയെ പിൻവലിച്ച് പരിചയസമ്പന്നനായ നിക്കൊളാസ് ഒറ്റമെൻഡിയെ കളത്തിലിറക്കുന്നു.

ഓസ്ട്രിയൻ ഫ്രീ കിക്ക്

56-ാം മിനിറ്റിൽ എമി മാർട്ടിനസ് ആദ്യമായി പരീക്ഷിക്കപ്പെടുന്നു. ഓസ്ട്രിയയുടെ സാബിറ്റ്സർ എടുത്ത ഫ്രീ കിക്ക് അർജന്‍റൈൻ ഗോളി ഡൈവ് ചെയ്ത് തട്ടിയകറ്റുന്നു.

മെസിയുടെ ഫ്രീ കിക്ക്

രണ്ട് ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറിയ മെസിയെ ഷ്ലാഗർ ഫൗൾ ചെയ്യുന്നു. 53-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് മെസി തന്നെ എടുക്കുന്ന ഫ്രീ കിക്ക് അപകടരഹിതം.

മെസി ഓഫ്സൈഡ്

51-ാം മിനിറ്റിൽ മെസി പന്തുമായി ഓസ്ട്രിയൻ ബോക്സിലേക്ക്, ക്ലിയർ ഓഫ് സൈഡ്.

രണ്ടാം പകുതിക്ക് തുടക്കം

47-ാം മിനിറ്റിൽ ഓസ്ട്രിയയുടെ മുന്നേറ്റം. അർജന്‍റൈൻ ബോക്സിന്‍റെ അതിരിൽ പന്ത് കണക്റ്റ് ചെയ്യാൻ സാബിറ്റ്സറിനു സാധിക്കുന്നില്ല.

ആദ്യ പകുതിയിൽ അർജന്‍റീന

7 മിനിറ്റ് ഇൻജുറി ടൈം സഹിതം ആദ്യ പകുതി പൂർത്തിയാകുമ്പോൾ, ലയണൽ മെസി നേടിയ ഒറ്റ ഗോളിന് അർജന്‍റീന ലീഡ് ചെയ്യുന്നു.

പറയാൻ ഒരു കഥ മാത്രം. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ലയണൽ മെസി സ്വന്തമാക്കിയിരിക്കുന്നു; ആകെ 17 ഗോളുകൾ.

ഈ റെക്കോർഡ് നേട്ടം നേരത്തെ തന്നെ സ്വന്തമാക്കാമായിരുന്നു, എന്നാൽ ആദ്യ പകുതിയിൽ മെസിക്ക് പെനാൽറ്റി പാഴാക്കി. എങ്കിലും, ആ പിഴവ് പരിഹരിക്കാൻ അർജന്‍റീനയുടെ മാന്ത്രികൻ വൈകിയില്ല; പെനാൽറ്റി ബോക്സിന് തൊട്ടരികിൽ നിന്ന് തന്‍റെ ട്രേഡ് മാർക്ക് ശൈലിയിലുള്ള മനോഹരമായൊരു ലെഫ്റ്റ് ഫുട്ടഡ് ഗോളിലൂടെ അദ്ദേഹം കണക്കുതീർത്തു.

ആദ്യ പകുതി അവസാനിക്കുമ്പോൾ മെസ്സിയുടെ ആ ഗോൾ തന്നെയാണ് ഇരു ടീമുകൾക്കുമിടയിലുള്ള വ്യത്യാസം. ഓസ്ട്രിയൻ നിര ആക്രമണങ്ങൾ മെനയുന്നുണ്ടെങ്കിലും, അർജന്‍റീനയുടെ പ്രതിരോധക്കോട്ട പതിവിലേറെ കെട്ടുറപ്പോടെ നിലകൊള്ളുന്നു.

ഓസ്ട്രിയക്ക് മഞ്ഞ കാർഡ്

ഫെർണാണ്ടസിന്‍റെ മുഖത്ത് തോൾ കൊണ്ട് ഇടിച്ച ഓസ്ട്രിയൻ ഡിഫൻഡർ പോഷിന് മഞ്ഞക്കാർഡ്. 42-ാം മിനിറ്റ്.

താടിയെല്ല് പൊട്ടിയ പോഷ് മുഖാവരണമണിഞ്ഞാണ് കളിക്കുന്നത്.

മെസിക്ക് റെക്കോഡ്

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോഡ് അർജന്‍റീനയുടെ ലയണൽ മെസിക്ക് സ്വന്തം. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുമായി 16 ഗോളിന്‍റെ റെക്കോഡ് പങ്കുവച്ചിരുന്ന മെസിയുടെ 17ാം ലോകകപ്പ് ഗോളാണ് ഓസ്ട്രിയക്കെതിരേ പിറന്നത്.

ആദ്യ ഗോൾ

അർജന്‍റീന 1 : 0 ഓസ്ട്രിയ

39-ാം മിനിറ്റിൽ മെസിയുടെ ഗോൾ. മെസി തുടങ്ങി വച്ച നീക്കം രണ്ടു കാൽ മറിഞ്ഞ് പെനൽറ്റി ബോക്സിന്‍റ അതിരിൽവച്ച് വീണ്ടും മെസിയിലേക്ക്. ഇടങ്കാലുകൊണ്ട് ഒരു ഉഗ്രൻ ഫസ്റ്റ് ടൈമർ വെടിയുണ്ട കണക്കെ ഓസ്ട്രിയൻ ഗോൾ വല തുളച്ചു കയറി.

അർജന്‍റീനയുടെ മുന്നേറ്റങ്ങൾ

31, 32 മിനിറ്റുകളിൽ അർജന്‍റീനയുടെ തുടർച്ചയായ രണ്ട് മുന്നേറ്റങ്ങൾ ലക്ഷ്യം കാണാതെ പോകുന്നു. രണ്ടാം വട്ടം ഗോളിയിൽനിന്നുള്ള റീബൗണ്ട് മെസി ഗോളിലേക്ക് തിരിക്കുന്നുണ്ടെങ്കിലും ഡിഫൻഡർ അലാബ ഒരിക്കൽക്കൂടി ഓസ്ട്രിയയുടെ രക്ഷകനാകുന്നു. 37ാം മിനിറ്റിൽ വീണ്ടും ആക്രമണം വിഫലം.

രണ്ടാം കോർണർ

29-ാം മിനിറ്റിൽ ഓസ്ട്രിയക്ക് വീണ്ടും കോർണർ. ഇടതു വിങ്ങിൽ നിന്നു തന്നെ. ലൗട്ടേരോ മാർട്ടിനസ് ഒരു സിസർ കട്ടിലൂടെ പന്ത് മൈതാന മധ്യത്തേക്ക് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നു.

ഓസ്ട്രിയക്ക് കോർണർ

23ാം മിനിറ്റിൽ ഓസ്ട്രിയക്ക് ലഭിക്കുന്ന കോർണർ കിക്ക്. അർജന്‍റൈൻ ബോക്സിൽ ഒരു ചലനവും സൃഷ്ടിക്കാനാവുന്നില്ല.

മെസിയുടെ വിഫലശ്രമം

19-ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നു ലഭിച്ച പരാസുമായി ബോക്സിനുള്ളിലേക്കു കുതിച്ച ലയണൽ മെസിയെ അലാബ പിന്നിൽ നിന്നു താളം തെറ്റിക്കുന്നു. ഇതോടെ ദുർബലമായിപ്പോയ ഷോട്ട് ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗർ തട്ടിയകറ്റി അപകടം ഒഴിവാക്കുന്നു.

ഓസ്ട്രിയക്ക് ബോക്സിനു വെളിയിൽ ഫ്രീ കിക്ക്

പതിനഞ്ചാം മിനിറ്റിൽ അർജന്‍റൈൻ പെനൽറ്റി ബോക്സിന്‍റെ ഇടതു പാർശ്വത്തിൽ കിട്ടുന്ന ഫ്രീ കിക്ക്. ഡിഫൻഡർമാർ അനായാസം അപകടം ഒഴിവാക്കുന്നു. എന്നാൽ, പെനൽറ്റി നഷ്ടത്തിനു ശേഷം അർജന്‍റീന ആക്രമണത്തിന്‍റെ മൂർച്ച കുറയുകയും ഓസ്ട്രിയ മത്സരത്തിലേക്ക് ഒരു പരിധി വരെ തിരിച്ചുവരുകയും ചെയ്യുന്നു. അർജന്‍റീനയുടെ ഡിഫൻഡർമാർ അധ്വാനിച്ചു തുടങ്ങുന്നു. എന്നാൽ, ഗോളി എമി മാർട്ടിനസ് ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല.

മെസി പെനൽറ്റി നഷ്ടപ്പെടുത്തി

പത്താം മിനിറ്റിൽ അർജന്‍റീനയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്ക് എടുക്കുന്നത് ലയണൽ മെസി. ഷോട്ട് വലത് പോസ്റ്റിനു പുറത്തേക്ക്. പെനൽറ്റി നഷ്ടം. ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനൽറ്റി എടുത്തതിന്‍റെയും (7) നഷ്ടപ്പെടുത്തിയതിന്‍റെയും (3) റെക്കോഡ് ഇപ്പോൾ ലയണൽ മെസിയുടെ പേരിൽ. ഏഴ് പെനൽറ്റി എടുത്തതിൽ നാലെണ്ണമാണ് ലക്ഷ്യം കണ്ടത്.

ഫിഫ ലോകകപ്പ് കരിയറിൽ ആകെ മെസി എടുത്ത പെനൽറ്റികൾ.

പെനൽറ്റി പരിശോധന

മൂന്നാം മിനിറ്റിൽ ലൗട്ടേരോ മാർട്ടിനസിനെ തടുക്കാൻ രണ്ട് ഓസ്ട്രിയൻ ഡിഫൻഡർമാരുടെ ഇടപെടൽ. മാർട്ടിനസ് പരുക്കേറ്റ് വീഴുന്നു. മുടന്തി പുറത്തേക്ക്. പെനൽറ്റി അനുവദിക്കണോ എന്നറിയാൻ വാർ പരിശോധന.

അർജന്‍റൈൻ ആക്രമണം

രണ്ടാം മിനിറ്റിൽ തിയാഗോ അൽമാഡ ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റം. തുടർന്ന് ഓസ്ട്രേലിയൻ ഗോൾമുഖത്തേക്ക് അർജന്‍റീനയുടെ നിരന്തര ആക്രമണം.

ദേശീയ ഗാനങ്ങൾ പൂർത്തിയായി

ഇരു ടീമുകളുടെയും ദേശീയഗാനങ്ങൾ പൂർത്തിയായി. ഇനി മത്സരച്ചൂടിലേക്ക്.

ഗ്രൂപ്പ് ചാംപ്യൻമാരെ നിർണയിക്കുന്ന മത്സരം

ജെ ഗ്രൂപ്പിൽ ഇപ്പോൾ അർജന്‍റീനയും ഓസ്ട്രിയയും ഓരോ ജയങ്ങളുമായി മൂന്ന് പോയിന്‍റ് വീതം നേടിയിട്ടുണ്ട്. അർജന്‍റീന ആദ്യ മത്സരത്തിൽ അൾജീരിയയെയും, ഓസ്ട്രിയ ജോർദാനെയും കീഴടക്കി. അതിനാൽ അർജന്‍റീന - ഓസ്ട്രിയ മത്സരത്തിലെ ജേതാക്കൾ ഗ്രൂപ്പ് ചാംപ്യൻമാരാകാൻ സാധ്യത ഏറെ. ഗോൾ വ്യത്യാസത്തിൽ ഇപ്പോൾ അർജന്‍റീന മുന്നിൽ.

ഓസ്ട്രിയ ടീം ലൈനപ്പ്

ഓസ്ട്രിയ ടീം ലൈനപ്പ്

4-2-3-1 ശൈലിയിലാണ് ഓസ്ട്രിയ ടീമിനെ അണിനിരത്തുന്നത്.

പ്ലെയിങ് ഇലവൻ: അലക്സാണ്ടർ ഷ്ലാഗർ, കോൺറാഡ് ലെയ്മർ, ഡേവിഡ് അലാബ, കെവിൻ ഡാൻസോ, സ്റ്റെഫാൻ പോഷ്, സേവ്യർ ഷ്ലാഗർ, നിക്കോളാസ് സീവാൾഡ്, മാഴ്സൽ സാബിറ്റ്സർ, പോൾ വാനർ, റൊമാനോ ഷ്മിഡ്, മൈക്കൽ ഗ്രെഗോറിഷ്.

അർജന്‍റീന ടീം ലൈനപ്പ്

അർജന്‍റീന ടീം ലൈനപ്പ്

4-4-2 ഫോർമേഷനിലാണ് അർജന്‍റീന ടീമിനെ അണിനിരത്തുന്നത്. ലയണൽ മെസിയും ലൗട്ടേരേ മാർട്ടിനസും ഫോർവേഡുകൾ. പരുക്കേറ്റ ഗോൺസാലോ മോണ്ടിയേലിനു പകരം നഹുവേൽ മോളിന പ്രതിരോധ നിരയിൽ റൈറ്റ് ബാക്കായി കളിക്കുന്നു.

പ്ലെയിങ് ഇലവൻ: എമി മാർട്ടിനസ്, ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ഫകുണ്ടോ മെദീന, നഹുവേൽ മൊളീന, റോഡ്രിഗോ ഡീപോൾ, അലക്സി മക്അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ലൗട്ടേരോ മാർട്ടിനസ്, ലയണൽ മെസി.

മത്സരം 10.30 മുതൽ

ഫിഫ ലോകകപ്പ് ഗ്രൂപ് ജെ മത്സരത്തിൽ അർജന്‍റീനയും ഓസ്ട്രേയയും ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി 10.30 മുതൽ. യുഎസിലെ ആർലിങ്ടണിലുള്ള ഡാളസ് സ്റ്റേഡിയമാണ് വേദി.

ദേശീയപാതകളിൽ ഉടനീളം വർക്ക്‌ഷോപ്പുകളും പഞ്ചർ റിപ്പയറും

യുഎസ്-ഇറാൻ ചർച്ചകളിൽ വൻ പുരോഗതി

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ