അർജന്‍റീനയുടെ വിജയം ഉറപ്പിച്ച ഗോൾ നേടിയ ജൂലിയൻ അൽവാരസ് (മധ്യത്തിൽ).

 
FIFA World Cup

എക്‌സ്ട്രാ ടൈമിൽ കളിമാറി; സ്വിസ് കോട്ട പൊളിച്ച് അർജന്‍റീന, ഇനി 'സെമി ക്ലാസിക്'

മത്സരം 1-1ന് സമനിലയിൽ കലാശിച്ചതോടെ എക്സ്ട്രാ ടൈമിലാണ് സ്വിസ് പടയെ അർജന്‍റീന തകർത്തത്

Sports Desk

വെറുപ്പിന്‍റെ വൻമതിലുകൾക്കു മീതേ മക്അലിസ്റ്ററുടെ ഹെഡ്ഡർ, ആരോപണങ്ങളുടെ ആർത്തനാദങ്ങൾക്കു മുന്നിൽ എമി മാർട്ടിനസിന്‍റെ ബ്രില്യൻസ്, വൺമാൻ ആർമിയെന്ന വിമർശനത്തിന്‍റെ മുനയൊടിച്ച് ജൂലിയൻ അൽവാരസിന്‍റെ വണ്ടർ ഗോൾ....

ഈ ലോകകപ്പിൽ ലയണൽ മെസി ഗോളടിക്കാതെ അർജന്‍റീന ആദ്യമായൊരു മത്സരം പൂർത്തിയാക്കി. ഉരുക്കുകോട്ടയെന്നറിയപ്പെട്ട സ്വിസ് പ്രതിരോധം ഒന്നിനെതിരേ മൂന്നു ഗോളിന് സ്വിസ് ചീസ് പോലെ നിലംപൊത്തിയപ്പോൾ, അർജന്‍റീന യഥാർഥ ചിരവൈരികളെ നേരിടാൻ യോഗ്യത നേടി: ഇനി അർജന്‍റീന - ഇഗ്ലണ്ട് സെമിഫൈനൽ.

ആദ്യപകുതിയിലെ മക്അലിസ്റ്റർ വസന്തം

പതിവില്ലാത്ത വിധം അർജന്‍റീനയ്ക്ക് ബോൾ പൊസഷൻ സ്വന്തമാക്കാനാവാതെ തുടങ്ങിയ മത്സരം. എന്നാൽ, വെറും പത്ത് മിനിറ്റേ അത് നീണ്ടുനിന്നുള്ളൂ. തുടർച്ചയായി ലഭിച്ച രണ്ട് കോർണർ കിക്കുകളിൽ രണ്ടമാത്തേത് ലയണൽ മെസിയുടെ മാന്ത്രികക്കാൽ അളന്നുതൂക്കിയെത്തിയത് അലക്സി മക്അലിസ്റ്ററെ ലക്ഷ്യമിട്ട്. ബ്രീൽ എംബോളോയെയും ജിബ്രിൽ സോവിനെയും വായുവിൽ വെട്ടിച്ച്, ആകാശത്തേക്ക് ഉയർന്ന ചാട്ടത്തിനൊടുവിൽ മക്അലിസ്റ്റർ തൊടുത്ത ഉശിരൻ ഹെഡ്ഡർ സ്വിസ് കാവൽക്കാരൻ ഗ്രെഗർ കോബെലിനെ കാഴ്ചക്കാരനാക്കി വലയുടെ ഫാർ കോർണറിലേക്ക് തുളച്ചുകയറി (1-0).

തുടർന്നങ്ങോട്ടും സ്വിറ്റ്സർലൻഡ് ആക്രമണം തുടർന്നു, അർജന്‍റീന പ്രതിരോധവും. താഗ്ലിയാഫിക്കോയും ലിയാൻഡ്രോ പരെഡെസും പലവട്ടം സ്വിസ് ആക്രമണങ്ങളെ ഒറ്റയ്ക്കു തടുത്തു. എമി മാർട്ടിനസിന്‍റെ ഗോൾ കീപ്പിങ് സ്കിൽസ് ഈ ലോകകപ്പിൽ ഏറ്റവുമധികം പരീക്ഷിക്കപ്പെട്ട മിനിറ്റുകൾ. ലിസാൻഡ്രോ മാർട്ടിനസും ക്രിസ്റ്റ്യൻ റൊമേറോയും യഥാർഥ ക്ലാസിലേക്കുയർന്നു. ലക്ഷ്യബോധമില്ലാതെ വലഞ്ഞ സ്വിസ് മുന്നേറ്റങ്ങളെ അർജന്‍റൈൻ ഗോൾവലയിലേക്ക് ആവാഹിച്ചു കയറ്റാൻ ഗ്രാനിറ്റ് ഷാക്കയുടെ പ്രതാപമസ്തമിച്ച കാലം പോരാതെ വന്നു.

സ്വിസ് തിരിച്ചടി

രണ്ടാം പകുതിയിലും മട്ടുമാറാത്ത കളി. തോൽക്കാൻ മനസില്ലാത്ത സ്വിസ് താരങ്ങൾ വിങ്ങുകളിലൂടെ അർജന്‍റീനയുടെ പ്രതിരോധത്തിലേക്ക് തീയുണ്ടകൾ വർഷിച്ചു. 67-ാം മിനിറ്റിൽ ഡാൻ എൻഡോയിയും റിക്കാർഡോ റോഡ്രിഗസും ചേർന്നു നടത്തിയ വൺ-ടു-വൺ മുന്നേറ്റത്തിനൊടുവിൽ എമി മാർട്ടിനസ് കീഴടങ്ങി, സ്വിറ്റ്സർലൻഡ് അർജന്‍റീനക്കൊപ്പം (1-1).

ആൽബിസെലസ്റ്റെകളുടെ നെഞ്ചകം പിടഞ്ഞ നിമിഷം! സ്വിസ് പട ഈ ടൂർണമെന്‍റിൽ ചരിത്രത്തിലാദ്യമായി തങ്ങൾ പിന്നിലായ ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പ് ആഘോഷിച്ചു.

എംബോളോയ്ക്ക് കിട്ടിയ ഓസ്കർ

സ്വിസ് ആരാധകരുടെ ആഹ്ളാദത്തിന് അഞ്ച് മിനിറ്റേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ഫ്രീ കിക്ക് ലക്ഷ്യമിട്ട് ഫൗൾ അഭിനയിച്ച് ഡൈവ് ചെയ്ത സ്വിസ് സ്ട്രൈക്കർ ബ്രീൽ എംബോളോയുടെ വ്യാജ തന്ത്രം; തൊട്ടു പിന്നിലുണ്ടായിരുന്ന ലിയാൻഡ്രോ പരെഡെസ് ടാക്കിൾ ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. റഫറി ആദ്യം പരെഡെസിനു മഞ്ഞക്കാർഡ് വിധിക്കുകയും ചെയ്തു.

പക്ഷേ, വാർ പരിശോധനയിൽ കഥ മാറി. പരെഡെസിന്‍റെ ശ്വാസം പോലും എംബോളോയുടെ ദേഹത്തു തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ റഫറി പരെഡെസിനു കൊടുത്ത മഞ്ഞക്കാർഡ് പിൻവലിച്ചു. പകരം, അഭിനയത്തിനുള്ള ശിക്ഷയായി അത് എംബോളോയ്ക്കു നേരേ നീണ്ടു. മത്സരത്തിൽ നേരത്തെ തന്നെ ഒരു മഞ്ഞക്കാർഡ് കണ്ടിരുന്ന എംബോളോ ഇതോടെ ഓട്ടമാറ്റിക് റെഡ് കാർഡും വാങ്ങി!

സ്വന്തം ടീമിന്‍റെ കുഴി തോണ്ടിയ മണ്ടത്തരത്തിന്‍റെ ഓർണയിൽ കണ്ണീരൊഴുക്കിക്കൊണ്ടാണ്, ഈ ലോകകപ്പിൽ സ്വിറ്റ്സർലൻഡിന്‍റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്ന എംബോളോ കളം വിട്ടത്.

അൽമാഡയും അൽവാരസും

എംബോളോയുടെ മടക്കം സ്വിസ് പ്രതിരോധത്തെ ബാധിച്ചില്ല, പക്ഷേ, അവരുടെ ആക്രമണങ്ങൾ പൂർണമായി നിലച്ചു. പത്തു പേരായി ചുരുങ്ങിയതോടെ ബസ് പാർക്കിങ് ഡിഫൻസിലേക്കു മാറിയ സ്വിസ് പട, അതുവരെ പന്തിനു മേലുണ്ടായിരുന്ന ആധിപത്യം അർജന്‍റീനയ്ക്കു വിട്ടുകൊടുത്തതു പോലെയായി.

കളി പൂർണമായും സ്വിസ് പെനൽറ്റി ബോക്സിലേക്ക് ഒതുങ്ങിയെങ്കിലും, നിശ്ചിത 90 മിനിറ്റിൽ കളി 1-1 എന്ന നിലയിൽ തന്നെ അവസാനിച്ചു.

ഷൂട്ടൗട്ട് ലക്ഷ്യമിട്ടു തന്നെ സമനില നീട്ടിക്കൊണ്ടു പോകാനാണ് സ്വിറ്റ്സർലൻഡിന്‍റെ തീരുമാനമെന്ന് എക്സ്ട്രാ ടൈമിന്‍റെ തുടക്കത്തിൽ തന്നെ വ്യക്തമായി. എന്നാൽ 112-ാം മിനിറ്റിൽ കാൻസാസ് സിറ്റിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ജൂലിയൻ അൽവാരസിന്‍റെ വലങ്കാലിൽ നിന്ന് ആ മഹാദ്ഭുതം പിറന്നു.

ബോക്സിന് 25 വാര അകലെനിന്ന് പന്ത് സ്വീകരിച്ച്, പ്രതിരോധ താരം ഇസ ഡിയോപ്പിനെ കബളിപ്പിച്ച്, വലതുകാലിലേക്ക് പാകപ്പെടുത്തി അൽവാരസ് തൊടുത്ത ആ മനോഹരമായ കേളിങ് ഷോട്ട് ഒരു മിന്നൽപ്പിണർ പോലെ കോബെലിന്‍റെ ആകാശക്കുതിപ്പിനെയും ഭേദിച്ച് പോസ്റ്റിന്‍റെ ടോപ്പ് കോർണറിലേക്ക് പറന്നു കയറി (2-1). അതുവരെ മെസിയുടെ തണലിൽ മാത്രം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്ന അർജന്‍റീനയുടെ വിജയമുറപ്പിച്ച അൽവാരസിന്‍റെ മാസ്റ്റർപീസ്, ഈ ടൂർണമെന്‍റിൽ യുവ സ്ട്രൈക്കറുടെ ആദ്യ ഗോൾ.

അവസാന ആണിയടിച്ച് മാർട്ടിനസ്

ഇനി കോട്ട കാത്തിട്ട് കാര്യമില്ലെന്നു തിരിച്ചറിഞ്ഞതോടെ, എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ ലക്ഷ്യമിട്ട് കൈയ്-മെയ് മറന്ന് പൊരുതി. അർജന്‍റീനയുടെ ആക്രമണങ്ങൾ കൗണ്ടർ അറ്റാക്കുകളിലേക്ക് ചുരുങ്ങി. ഇങ്ങനെ നടത്തിയ ഒരു അതിവേഗ മുന്നേറ്റത്തിനൊടുവിൽ സ്വിറ്റ്സർലൻഡിന്‍റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറഞ്ഞു.

എക്സ്ട്രാ ടൈമിന്‍റെ ഇഞ്ചുറി ടൈമിൽ (121-ാം മിനിറ്റ്) അൽവാരസിന്‍റെ മരണപ്പാച്ചിൽ. സബ്സ്റ്റിറ്റ്യൂട്ടായെത്തി അധ്വാനിച്ചു കളിച്ച് അതിനകം സ്വിസ് ഗോൾമുഖം പലവട്ടം വിറപ്പിച്ചു കഴിഞ്ഞിരുന്ന തിയാഗോ അൽമാഡയുടെ ഫിനിഷ് ശ്രമം. സ്വിസ് ഗോളി അതു തടുത്തെങ്കിലും കൈപ്പിടിയിൽ ഒതുങ്ങിയില്ല. റീബൗണ്ട് മെല്ലെ വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമാണ് അവിടെ ശേഷിച്ചിരുന്നു, ലൗട്ടേരോ മാർട്ടിനസ് അത് വൃത്തിയായി പൂർത്തിയാക്കുകയും ചെയ്തു (3-1).

ചരിത്രം കാത്തിരിക്കുന്ന സെമിഫൈനൽ ക്ളാസിക്

ലയണൽ മെസി ഈ ലോകകപ്പിൽ ആദ്യമായി ഗോളടിക്കാത്ത മത്സരമായിരുന്നിട്ടും സഹതാരങ്ങളുടെ അസാധാരണമായ കരുത്തിൽ അർജന്‍റിന സെമിയിലേക്ക് മാർച്ച് ചെയ്തു. 1986-ലെ ഡീഗോ മാറഡോണയുടെ 'ദൈവത്തിന്‍റെ കൈ' (Hand of God) വിവാദത്തിന് കൃത്യം 40 വർഷങ്ങൾക്ക് ശേഷം, ലോകകപ്പിന്‍റെ വലിയൊരു സെമി ഫൈനൽ വേദിയിൽ മെസിയും സംഘവും തങ്ങളുടെ ചിരവൈരികളായ ഇംഗ്ലണ്ടിനെ നേരിടാൻ അറ്റ്‌ലാന്‍റിയിലേക്ക് വണ്ടി കയറുകയാണ്. ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ ക്ലാസിക് പോരാട്ടത്തിന് ബുധനാഴ്ച വരെ കാത്തിരിക്കാം!

പുതിയ കെപിസിസി പ്രസിഡന്‍റിനെ ഉടൻ അറിയാം; ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം

സംസ്ഥാനങ്ങളിലെ സാഹചര‍്യം വിലയിരുത്താൻ സാധിക്കുന്നില്ല; സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം

പുനെയിൽ‌ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

ക‍്യാനഡയിൽ വെടിവയ്പ്പ്: 2 പേർ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് റിപ്പോർട്ട്