ബെൽജിയം വെറ്ററന്‍ താരങ്ങൾ റൊമേലു ലുകാകുവും കെവിൻ ഡിബ്രുയ്നെയും ഈജിപ്റ്റിനെതിരായ മത്സരത്തിനിടെ.
സിയാറ്റിൽ: പഴയ ലോക ഒന്നാം നമ്പർ ടീമാണ് ബെൽജിയം, ഇപ്പോഴും മോശമല്ല, ഫിഫ റാങ്കിങ്ങിൽ ഒമ്പതാണ് സ്ഥാനം. ഈജ്പിറ്റ് ആകട്ടെ 29-ാം റാങ്കിൽ നിൽക്കുന്ന ടീം. പക്ഷേ, ഏഴു വട്ടം ആഫ്രിക്കൻ ചാംപ്യൻമാരായ ഈജിപ്റ്റിന് അവരുടെ ചരിത്രത്തിൽ ആദ്യത്തെ ലോകകപ്പ് വിജയം കാലെത്തും നേരത്ത് നഷ്ടമായി. മുഹമ്മദ് ഹനിയുടെ സെൽഫ് ഗോൾ ബെൽജിയത്തിനു രക്ഷയായി.
റാങ്കിങ്ങിലെ വ്യത്യാസം അപ്രസക്തമാക്കിക്കൊണ്ട് തുല്യശക്തികളുടെ പോരാട്ടം തന്നെയാണ് ഗ്രൗണ്ടിൽ കണ്ടത്. സൂപ്പർ താരം മുഹമ്മദ് സലാ സെന്‍റർ ഫോർവേഡിന്‍റെ സ്ഥാനത്തുനിന്നു പ്ലേമേക്കർ റോളിലേക്കു മാറിയപ്പോൾ ഈജിപ്റ്റ് നിരന്തരം ബെൽജിയൻ ഗോൾമുഖത്തേക്ക് റെയ്ഡുകൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു.
ഇരുപതാം മിനിറ്റിൽ അതിനു ഫലവും കണ്ടു. റൈറ്റ് വിങ്ങിൽ നിന്നു സലാ നൽകിയ ക്രോസ് ബോക്സിനു പുറത്തുവച്ചു സ്വീകരിച്ച ഇമാം അഷൗർ തൊടുത്ത ബുള്ളറ്റ് ഷോട്ട് തടുക്കാൻ ബെൽജിയത്തിന്‍റെ പ്രഗൽഭനായ ഗോളി തിബോ കർട്ടോയുടെ ആറടി ഏഴിഞ്ച് മുഴുനീള ഡൈവിനും സാധിച്ചില്ല. പന്ത് ഫസ്റ്റ് പോസ്റ്റിൽ തുളഞ്ഞു കയറി.
ലീഡ് നേടിയതോടെ ഈജിപ്റ്റ് അൽപ്പമൊന്ന് പ്രതിരോധത്തിലേക്കു വലിഞ്ഞു. കെവിൻ ഡിബ്രുയ്നെയുടെ കാലുകളിൽ വിരിഞ്ഞ പദ്ധതികൾ ഈജിപ്ഷ്യൻ ഗോൾമുഖത്ത് നിരന്തരം അപായം വിതച്ചു. പക്ഷേ, റൊമേലു ലുകാകുവിന്‍റെ അഭാവം ഫിനിഷിങ്ങളിൽ നിഴലിച്ചു നിന്നു. ജെറമി ഡോകുവിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഈജ്പിഷ്യൻ ഡിഫൻസിനും സാധിച്ചു.
ഈജിപ്റ്റും മെല്ലെ ആക്രമണ ഫുട്ബോളിലേക്കു തിരിച്ചു വന്നതോടെ യൂറോപ്പും ആഫ്രിക്കയും ഏറ്റുമുട്ടിയ ആക്രമണ ഫുട്ബോളിന്‍റെ മനോഹര ദൃശ്യങ്ങൾ. പക്ഷേ, ആദ്യ പകുതിയിൽ പിന്നെ ഗോൾ നില മാറിയതേയില്ല.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണം തുടർന്നു. പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലും ഈജിപ്റ്റ് അവരോട് കട്ടയ്ക്ക് പിടിച്ചുനിന്നു. സബ്സ്റ്റിറ്റ്യൂട്ടായി ലുകാകു എത്തിയതോടെ ബെൽജിയത്തിന്‍റെ ആക്രമണങ്ങൾ കൂടുതൽ ലക്ഷ്യബോധമുള്ളവയായി. എതിർ ബോക്സിലേക്കുള്ള ആദ്യ റണ്ണിൽ തന്നെ ലുകാകു ഈജിപ്ഷ്യൻ ഗോൾമുഖം വിറപ്പിച്ചു.
66-ാം മിനിറ്റിലാണ് ബെൽജിയം ആരാധാകർ കാത്തിരുന്ന ആ ഗോൾ പിറന്നത്. കോച്ച് റൂഡി ഗാർഷ്യയുടെ തീരുമാനത്തെ സാധൂകരിച്ചുകൊണ്ട് ലുകാകു ഈജിപ്ഷ്യൻ പോസ്റ്റിനു മുന്നിൽ. മ്യൂനിയറുടെ ക്ലോസ് റേഞ്ച് ക്രോസ് രണ്ട് ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ ലുകാകവിന്‍റെ കാലുകളിലേക്ക്. പന്ത് കാലിൽനിന്നു വഴുതി പക്ഷേ, ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹനിയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് ഉരുണ്ടു കയറുമ്പോൾ ഈജിപ്ഷ്യൻ ഗോളി മുസ്തഫ ഷൊബീർ നിസഹായനായി.