ജപ്പാനും ബ്രസീലും തമ്മിലുള്ള ഫിഫ ലോകകപ്പ് റൗണ്ട് ഒഫ് 32 മത്സരത്തിൽ നിന്ന്.
ലോകകപ്പ് നോക്കൗട്ടിൽ ബ്രസീൽ–ജപ്പാൻ പോരാട്ടം അവസാന നിമിഷം വരെ ഉണർവോടെ നീണ്ട ത്രില്ലറായിരുന്നു. കൈഷു സനോയുടെ ഗോളിലൂടെ ജപ്പാൻ മുന്നിലെത്തിയെങ്കിലും, കാസെമിറോയുടെ ഹെഡറിലൂടെ ബ്രസീൽ സമനില നേടി. ആഞ്ചലോട്ടിയുടെ തന്ത്രപരമായ മാറ്റങ്ങൾ, എൻഡ്രിക്കും മാർട്ടിനെല്ലിയും നൽകിയ ഊർജം, സ്റ്റോപ്പെജ് ടൈമിലെ മാർട്ടിനെല്ലിയുടെ വിജയഗോൾ എന്നിവയാണ് മത്സരത്തിന്‍റെ നിർണായക നാഴികക്കല്ലുകൾ.
ഇ. രുദ്രൻ
സ്റ്റോപ്പെജ് ടൈമിന്‍റെ അവസാന നിമിഷത്തിലാണ് ഏഷ്യൻ പ്രതീക്ഷകളുടെ അവസാന തുരുത്തും മുങ്ങുന്നത്. പ്രതിരോധത്തിന്‍റെ വന്മതിൽ തീർത്തും അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങൾ അഴിച്ചുവിട്ടും എതിരാളികളെ അതിശയിപ്പിക്കാനിറങ്ങിയ ജപ്പാൻ ഒത്തിണക്കവും അച്ചടക്കവുമുള്ള ഫുട്ബോൾ കാഴ്ചവച്ചപ്പോൾ സാംബാ താളം ഒന്നിടറി. ലാറ്റിനമെരിക്കൻ ഫുട്ബോളിന്‍റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുക്കാനാവാതെ കാനറികൾ വലഞ്ഞ ഒന്നാം പകുതിയിൽ മിഡ് ഫീൽഡർ കൈഷു സനോയുടെ ലോങ് റേഞ്ച് ഗോളിലൂടെ ജപ്പാൻ മുന്നിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള ബ്രസീലിയൻ ആരാധകർ നിരാശയോടെ തലതാഴ്ത്തിയിരുന്നു. ലോകകപ്പ് ഫുട്ബോളിന്‍റെ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവിയറിയാതെ നോക്കൗട്ടിലേക്കു വന്ന ടീമുകളിൽ ആരു തോൽക്കണം എന്ന ചോദ്യത്തിനുത്തരം ബ്രസീൽ എന്നാവുമോയെന്ന ശങ്ക ജാപ്പനീസ് ഗോളി സിയോൺ സുസുക്കിയുടെ ചില മാസ്റ്റർ ക്ലാസ് സേവുകളും ജനിച്ചിച്ചു. പക്ഷേ, ബ്രസീലിയൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ തന്ത്രപരമായ നീക്കങ്ങൾ മത്സരഗതി മാറ്റിമറിച്ചു എന്നു പറയാം.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൂക്കാസ് പക്വെറ്റയ്ക്കു പകരം യുവതാരം എൻഡ്രിക്കിനെ ഇറക്കിയതും അറുപത്താറാം മിനിറ്റിൽ മത്തേവൂസ് കൂന്യക്കു പകരം ഗബ്രിയേൽ മാർട്ടിനെല്ലിയെ കൊണ്ടുവന്നതും ബ്രസീൽ നിരയിലെ ചലനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. ജാപ്പനീസ് ബോക്സിൽ ആശയക്കുഴപ്പമുണ്ടാക്കാൻ എൻഡ്രിക്കിന്‍റെ ചടുല നീക്കങ്ങൾക്കു കഴിഞ്ഞു. അമ്പത്താറാം മിനിറ്റിലെ കാസെമിറോയുടെ ഹെഡർ മത്സരം സമനിലയിലെത്തിച്ച ശേഷം ഏതു നിമിഷവും ബ്രസീലിന്‍റെ വിജയഗോൾ പ്രതീക്ഷിച്ചാണ് ആരാധകർ ഇരുന്നത്. ഓരോ മുന്നേറ്റത്തിലും അതൊഴിഞ്ഞുകൊണ്ടിരുന്നപ്പോൾ അധിക സമയം മുന്നിൽകണ്ടവരുടെ കണക്കുകൾ തെറ്റിക്കുകയായിരുന്നു വിസ്മയ ഗോളിലൂടെ മാർട്ടിനെല്ലി. അവസാന നിമിഷങ്ങളിൽ ആഞ്ചലോട്ടി ഇറക്കിയ ബ്രൂണോ ഗ്വിമാരസ് നൽകിയ പാസിൽ നിന്നാണ് മാർട്ടിനെല്ലിയുടെ വിന്നർ എന്നതും ഓർക്കണം.
എന്തായാലും അവസാനം വരെ പൊരുതിനിന്നാണ് ഏഷ്യൻ ഫുട്ബോളിലെ കരുത്തരായ ജപ്പാൻ കളിക്കളം വിടുന്നത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളായി ജപ്പാനെ കണ്ട പലരുമുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ മാന്ത്രികൻ ഡേവിഡ് ബെക്കാം തന്നെ ജപ്പാനെ ഈ ഗണത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ, നോക്കൗട്ടിൽ ജാപ്പനീസ് ചരിത്രം ആവർത്തിച്ചു. ഇതിനു മുൻപ് നാലു തവണ നോക്കൗട്ട് റൗണ്ടിൽ കടന്നിട്ടുള്ള ജപ്പാന് ഇതുവരെയും അവിടെ നിന്നു മുന്നേറാനായിട്ടില്ല. ഇത്തവണ നെതർലൻഡ്സിനെ 2-2 സമനിലയിൽ തളച്ച് ഗ്രൂപ്പ് മത്സരങ്ങൾക്കു തുടക്കമിട്ട അവർ ടുണീഷ്യയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണു കീഴടക്കിയത്. സ്വീഡനെ 1-1 സമനിലയിലും പിടിച്ചു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ജപ്പാൻ ബ്രസീലിയൻ ഫുട്ബോളിന്‍റെ പെരുമയ്ക്കു മുന്നിൽ പകച്ചുനിന്നില്ല. ജപ്പാനെതിരായ പോരാട്ടം തങ്ങൾക്കു ഫൈനൽ പോലെയെന്ന് ആഞ്ചലോട്ടി പറഞ്ഞതും വെറുതെയല്ല.
നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ക്യാനഡ ദക്ഷിണാഫ്രിക്കയെ മറികടന്നത് സ്റ്റോപ്പെജ് ടൈമിലെ ഏക ഗോളിനാണ്. അധിക സമയത്തേക്കു നീങ്ങുമെന്നു കരുതിയ മത്സരത്തിൽ തൊണ്ണൂറ്റിരണ്ടാം മിനിറ്റിൽ (90+2) ആയിരുന്നു സ്റ്റീഫൻ എസ്തക്യോയുടെ ഗോൾ. ജർമനിയെ പരാഗ്വേ അട്ടിമറിച്ചത് പെനൽറ്റി ഷൂട്ടൗട്ടിനു ശേഷമുള്ള സഡൻ ഡെത്തിൽ. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില കണ്ടതിനെത്തുടർന്നായിരുന്നു ഷൂട്ടൗട്ട്. മൊറോക്കോ നെതർലൻഡ്സിനെ തള്ളിപ്പുറത്താക്കിയത് പെനൽറ്റി ഷൂട്ടൗട്ടിലാണ്. നിശ്ചിത സമയത്ത് 1-1 സമനിലയായതിനെത്തുടർന്നായിരുന്നു അധിക സമയവും ഷൂട്ടൗട്ടും. എഴുപത്തിരണ്ടാം മിനിറ്റിൽ കോഡി ഗാക്പോയുടെ ഗോളിലൂടെ ലീഡെടുത്ത ഡച്ച് പട വിജയം ഉറപ്പിച്ചിരിക്കെ സ്റ്റോപ്പെജ് ടൈമിലാണ് (90+1) ഇസ ഡിയോപ്പിന്‍റെ ഹെഡറിലൂടെ മൊറോക്കോ അധിക സമയത്തേക്കു മത്സരം നീട്ടിയത് എന്നതും ശ്രദ്ധേയമാണ്. അതായത് നോക്കൗട്ട് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും സ്റ്റോപ്പെജ് ടൈം നിർണായകമായി. നാലിൽ രണ്ടു മത്സരങ്ങൾ ഷൂട്ടൗട്ടിലേക്കും നീങ്ങി. ആരും എളുപ്പം വിട്ടുകൊടുക്കുന്നില്ല എന്നു സാരം.