കേബ്ബ് വെർദെ ഗോൾ കീപ്പർ വോസീന്യ സൗദി അറേബ്യക്കെതിരായ ഫിഫ ലോകകപ്പ് മത്സരത്തിനിടെ.

 
FIFA World Cup

സൗദിയെ തളച്ച് കേപ്പ് വെർദെ; അടുത്ത എതിരാളികൾ അർജന്‍റീന

സ്പെയിനും ഉറുഗ്വെയും ഉൾപ്പെട്ട ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി കേപ്പ് വെർദെ, സൗദി അറേബ്യയെ പുറത്താക്കി അർജന്റീനയ്‌ക്കെതിരായ നോക്കൗട്ട് പോരാട്ടം ഉറപ്പിച്ചു

Sports Desk

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വീരേതിഹാസങ്ങളിലൊന്ന് എഴുതിച്ചേർത്ത് ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ്പ് വെർദെ നോക്കൗട്ടിൽ. ഗ്രൂപ്പ് എച്ചിലെ നിർണായകമായ അവസാന പോരാട്ടത്തിൽ കരുത്തരായ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ്പ് വെർദെ ചരിത്രപ്രവേശം നടത്തിയത്. സ്പെയിന് തൊട്ടുപിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് അവർ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ലോകകപ്പ് ചരിത്രത്തിൽ കളിക്കുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യം കൂടിയായ കേപ്പ് വെർദെ, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിപ്പിച്ചാണ് ഈ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയത്. തോൽവിയോടെ സൗദി അറേബ്യ ടൂർണമെന്‍റിൽ നിന്നു പുറത്തായി.

മത്സരത്തിന്‍റെ ഒന്നാം പകുതിയിൽ ഇരുടീമുകളും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ഏറെ ബുദ്ധിമുട്ടി. കേപ്പ് വെർദെയുടെ ജാമിറോ മൊന്‍റേറോ സൗദി ഡിഫെൻഡർ സൗദ് അബ്ദുൽഹമീദിനെ വെട്ടിയൊഴിഞ്ഞ് തൊടുത്ത ഒരു ലോങ് ഷോട്ട് സൗദി കീപ്പർ മുഹമ്മദ് അൽ-ഒവൈസ് തട്ടിയകറ്റിയതാണ് ആദ്യ പകുതിയിലെ മികച്ച നീക്കം.

എന്നാൽ, രണ്ടാം പകുതിയിൽ കേപ്പ് വെർദെ കളി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. സൗദി ബോക്സിലേക്ക് അവർ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. മത്സരത്തിന്‍റെ മധ്യഘട്ടത്തിൽ കേപ്പ് വെർദെയുടെ നൂനോ ഡാ കോസ്റ്റ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ബോക്സിലേക്ക് ഇരച്ചുകയറിയ ലാറോസ് ഡുവാർട്ടെയുടെ ഷോട്ട് സൗദി കീപ്പർ അൽ-ഒവൈസ് അതിസാഹസികമായി തടഞ്ഞു.

കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഗാരി റോഡ്രിഗസ് വലത് വിങ്ങിൽ നിന്നു നൽകിയ മനോഹരമായ ക്രോസ് നൂനോ ഡാ കോസ്റ്റയ്ക്ക് ലഭിക്കുമ്പോൾ മുന്നിൽ ഗോൾകീപ്പർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, താരം തൊടുത്ത ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയത് ആരാധകരെ നിരാശരാക്കി.

ഇനി അർജന്‍റീന

ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളി സമനിലയിലായതോടെ കേപ്പ് വെർദെ ക്യാംപ് ചരിത്ര വിജയത്തിന്‍റെ ആഹ്ളാദത്തിൽ ആറാടി. ആദ്യ മത്സരത്തിൽ മുൻ ചാംപ്യന്മാരായ സ്പെയിനെയും, രണ്ടാം മത്സരത്തിൽ ഉറുഗ്വെയെയും (2-2) സമനിലയിൽ തളച്ച കേപ്പ് വെർദെയുടെ പോരാട്ടവീര്യത്തിനുള്ള സമ്മാനമാണ് ഈ നോക്കൗട്ട് ടിക്കറ്റ്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിപ്പിച്ച് ലോകകപ്പിന്‍റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി കേപ്പ് വെർദെ മാറി. 1998 ഫ്രാൻസ് ലോകകപ്പിൽ ചിലി ഈ രീതിയിൽ യോഗ്യത നേടിയ ശേഷം ആദ്യമായാണ് ഒരു രാജ്യം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കുന്നത്.

ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ കേപ്പ് വെർദെയെ നോക്കൗട്ട് റൗണ്ടിൽ കാത്തിരിക്കുന്നത് ഫുട്ബോളിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണ്. ജൂലൈ 3-ന് മയാമിയിൽ നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നിലവിലുള്ള ലോക ചാംപ്യന്മാരായ അർജന്‍റീന ആണ് കേപ്പ് വെർദെയുടെ എതിരാളികൾ.

നടന്‍ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി; പിന്നില്‍ പൊലീസുകാരനെന്ന് സംശയം

ഇറാന്റെ ഡ്രോണ്‍ ആക്രമണം; തിരിച്ചടിച്ച് അമെരിക്ക

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു