അറ്റ്ലാന്‍റ: തെക്കേ അമേരിക്കൻ വൻകരയുടെ ഫുട്ബോൾ മാമാങ്കമായ കോപ്പ അമേരിക്കയുടെ ഉദ്ഘടാന മത്സരവും ഫൈനൽ മത്സരവും ഇത്തവണ വടക്കേ അമേരിക്കയിൽ നടത്തും. അറ്റ്ലാന്‍റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയമാണ് ഉദ്ഘാടനവേദി. സൗത്ത് ഫ്ളോറിഡയിലെ മയാമിയിലുള്ള ഹാർഡ് റോക്ക് സ്റ്റേഡിയതിൽ ഫൈനലും നടത്തും. ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് കോപ്പ അമേരിക്ക ഫൈനൽ ലാറ്റിനമേരിക്കയ്ക്കു പുറത്തു നടത്തുന്നത്.
പതിനാറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിന്‍റെ മറ്റു വേദികളോ മത്സരക്രമമോ സംഘാടകർ പുറത്തുവിട്ടിട്ടില്ല. സാധാരണഗതിയിൽ ലാറ്റിനമേരിക്കയിൽനിന്നുള്ള പത്ത് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഇത്തവണ വടക്കേ അമേരിക്കയിൽനിന്നുള്ള ആറ് ടീമുകളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
2014 ജൂൺ 20നാണ് ഉദ്ഘാടന മത്സരം. ഇതിൽ പങ്കെടുക്കുന്ന ഒരു ടീം നിലവിലുള്ള ചാംപ്യൻമാരായ അർജന്‍റീനയായിരിക്കും. അറ്റ്ലാന്‍റ സ്റ്റേഡിയത്തിൽ ഇപ്പോൾ കൃത്രിമ പ്രതലമാണുള്ളത്. കോപ്പ അമേരിക്കയ്ക്കു വേണ്ടി ഇതിനു മുകളിൽ പുൽ കോർട്ട് നിർമിക്കും. മയാമിയിലെ സ്റ്റേഡിയത്തിൽ ഇപ്പോൾ തന്നെ ബർമുഡ ഗ്രാസ് പ്രതലമാണുള്ളത്. ഇവിടെ ജൂലൈ 14നാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. 2026ലെ ഫുട്ബോൾ ലോകകപ്പിനും ഈ രണ്ടു സ്റ്റേഡിയങ്ങളും വേദികളാണ്.