സെനഗലിനെതിരേ ഗോളടിച്ച ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ ആഹ്ളാദം.

 
FIFA World Cup

എംബാപ്പെയ്ക്ക് ഗോൾ വേട്ടയിൽ റെക്കോഡ്; സെനഗലിനെ തകർത്ത് ഫ്രാൻസ്

കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളും മൈക്കൽ ഒലിസെയുടെ കളിമികവും ചേർന്നപ്പോൾ സെനഗലിനെ കീഴടക്കി ഫ്രാൻസ് ഗ്രൂപ്പ് ഐയിൽ മുന്നിലെത്തി

VK SANJU

ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തിൽ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെ ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. ഫ്രാൻസിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി എംബാപ്പെയ്ക്ക് സ്വന്തം.

രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഫ്രാൻസ്, സെനഗലിന്‍റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ മൂന്ന് പോയിന്‍റുകൾ അക്കൗണ്ടിലാക്കിയത്. ആദ്യ പകുതിയിൽ ഫ്രാൻസ് തികച്ചും സ്ലോ ആയ കളിയാണ് പുറത്തെടുത്തത്. ഈ സമയത്ത് സെനഗൽ മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. സെനഗൽ താരം നിക്കോളാസ് ജാക്സന്‍റെ ഒരു ഷോട്ട് പോസ്റ്റിലും ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാനിലും തട്ടിത്തെറിച്ചു. പിന്നീട് ജാക്സൺ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഇസ്മായില സാറിനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു.

എന്നാൽ, രണ്ടാം പകുതിയിൽ കോച്ച് ദിദിയർ ദെഷാംപ്സിന്‍റെ തന്ത്രപരമായ മാറ്റങ്ങൾ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസെ എന്നിവരുടെ പൊസിഷനുകളിൽ വരുത്തിയ മാറ്റം ഫ്രാൻസിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി.

ചരിത്രം കുറിച്ച് എംബാപ്പെ

66-ാം മിനിറ്റ് (1-0): മൈക്കൽ ഒലിസെയുടെ മനോഹരമായ പാസ് സ്വീകരിച്ച എംബാപ്പെ സെനഗൽ ഡിഫെൻഡർമാരെ വെട്ടിച്ച് ഗോളാക്കി മാറ്റി. ഈ ഗോളോടെ ഒലിവിയർ ജിറൂഡിന്‍റെ 57 ഗോളുകളെന്ന റെക്കോർഡിനൊപ്പം എംബാപ്പെ എത്തി.

82-ാം മിനിറ്റ് (2-0): പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള, അഡ്രിയാൻ റാബിയോട്ടിന്‍റെ പാസിൽ നിന്ന് ഫ്രാൻസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

90+5-ാം മിനിറ്റ് (2-1): 18-കാരനായ ഇബ്രാഹിം എംബായെയിലൂടെ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ സെനഗൽ ഒരു ഗോൾ മടക്കി കളിക്ക് വീണ്ടും ആവേശം പകർന്നു.

90+6-ാം മിനിറ്റ് (3-1): സെനഗലിന്‍റെ ആവേശം അടങ്ങും മുൻപ് തന്നെ എംബാപ്പെ ബോക്സിനു വെളിയിൽ നിന്നു തൊടുത്ത വെടിയുണ്ട പോലൊരു ലോങ് റേഞ്ചർ സെനഗൽ ഗോളി എഡ്വേർഡ് മെൻഡിയെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു.

ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. കൂടാതെ ലോകകപ്പുകളിൽ 14 ഗോളുകൾ തികച്ച എംബാപ്പെ, മെസ്സിയെയും പെലെയെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ടോപ്പ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്തെത്തി.

കോച്ച് ദിദിയർ ദെഷാംപ്സിനും റെക്കോഡ് ബുക്കിൽ ഇടം നേടിക്കൊടുത്ത മത്സരമായി. ഇത്. ഹെഡ് കോച്ച് എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഇരുപതാം ലോകകപ്പ് മത്സരമായിരുന്നു ഇത്. ബോറ മിലുട്ടിനോവിച്ച്, ഓസ്കർ ടബാരസ്, മരിയോ സഗാലോ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഇപ്പോൾ. മൂന്നു പേർ കൂടി ഇനി മുന്നിലുണ്ട്.

ഈ വിജയത്തോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഫ്രാൻസിന്‍റെ മൈക്കൽ ഒലിസെയെ പ്ലെയർ ഒഫ് ദി മാച്ചായി തെരഞ്ഞെടുത്തു. ഫ്രാൻസിന്‍റെ അടുത്ത മത്സരം തിങ്കളാഴ്ച ഫിലാഡൽഫിയയിൽ ഇറാഖിനെതിരേയാണ്. സെനഗൽ അന്നുതന്നെ നോർവേയെ നേരിടും.

ഹാലൻഡിന് അരങ്ങേറ്റം സ്വപ്നസമാനം; ഇറാഖിനെ തകർത്ത് നോർവേ

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ