ഫിഫ ലോകകപ്പിൽ സെനഗലിനെതിരേ ഇരട്ട ഗോൾ നേടിയ നോർവേ സൂപ്പർ താരം എർലിങ് ഹാലൻഡ്.
ന്യൂയോർക്ക്: ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി മതിവരാതെ നോർവീജിയൻ ഗോൾ മെഷീൻ ഏർലിങ് ഹാലൻഡ്. ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) തകർത്ത് നോർവെ ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) യോഗ്യത ഉറപ്പാക്കി. ഇരട്ട ഗോളുകളുമായി ഹാലൻഡ് മുന്നിൽ നിന്ന് നയിച്ചപ്പോൾ മാർക്കസ് ഹോംഗ്രെൻ പെഡേഴ്സനും നോർവെക്കായി ലക്ഷ്യം കണ്ടു. സെനഗലിനായി ഇസ്മായില സാർ ഇരട്ട ഗോളുകൾ നേടി.
ഈ വിജയത്തോടെ ഫ്രാൻസിന് പിന്നാലെ ഗ്രൂപ്പ് ഐയിൽ നിന്നും നോക്കൗട്ടിൽ കടക്കുന്ന രണ്ടാമത്തെ ടീമായി നോർവെ മാറി. ടൂർണമെന്‍റിൽ നാല് ഗോളുകളുമായി കിലിയൻ എംബാപ്പെയ്ക്കൊപ്പം ടോപ് സ്കോറർ പട്ടികയിൽ ഹാലൻഡ് രണ്ടാം സ്ഥാനം പങ്കുവയ്ക്കുന്നു. അഞ്ച് ഗോളുമായി ലയണൽ മെസിയാണ് മുന്നിൽ.
ആദ്യ പകുതിയിൽ നോർവേയും സെനഗലും കടുത്ത പ്രതിരോധം തീർത്തതിനാൽ ഗോളവസരങ്ങൾ കുറവായിരുന്നു. എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ നോർവെ കളിയിൽ മുന്നിലെത്തി. 43-ാം മിനിറ്റിൽ, സെനഗലിന്‍റെ പരിചയസമ്പന്നനായ ഡിഫെൻഡർ കലിദൂ കൗലിബാലി വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്ത് മാർക്കസ് ഹോംഗ്രെൻ പെഡേഴ്സൻ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ ഹാലൻഡ് തന്‍റെ ആദ്യ ഗോൾ നേടി. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിന്‍റെ അളന്നുമുറിച്ച പാസ് സ്വീകരിച്ച് വളരെ ശാന്തനായി ഹാലൻഡ് ഫിനിഷ് ചെയ്യുകയായിരുന്നു. നോർവെക്കായി കളിച്ച അവസാന 12 മത്സരങ്ങളിലും ഹാലൻഡ് ഗോൾ നേടിയിട്ടുണ്ടെന്നത് അദ്ദേഹത്തിന്‍റെ അസാധ്യ ഫോമിനെ അടിവരയിടുന്നു.
രണ്ട് ഗോൾ വഴങ്ങിയതോടെ സെനഗൽ ശക്തമായി തിരിച്ചടിച്ചു. 53-ാം മിനിറ്റിൽ ഇസ്മായില സാറിലൂടെ ഒരു ഗോൾ മടക്കി അവർ കളിയിലേക്ക് തിരിച്ചെത്തി. എന്നാൽ, സെനഗലിന്‍റെ ആവേശം നീണ്ടുനിന്നില്ല. അഞ്ച് മിനിറ്റിനുള്ളിൽ ബോക്സിനുള്ളിലെ ക്ലോസ് റേഞ്ച് അവസരത്തിൽ നിന്നു പന്ത് വലയിലേക്ക് തള്ളിവിട്ട് ഹാലൻഡ് നോർവെയുടെ ലീഡ് വീണ്ടും ഉയർത്തി. ദേശീയ ജേഴ്സിയിൽ ഹാലൻഡിന്‍റെ 52-ാം മത്സരത്തിലെ 59-ാം ഗോളാണിത്.
ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ ഇസ്മായില സാർ സെനഗലിനായി വീണ്ടും ലക്ഷ്യം കണ്ടതോടെ നോർവെ ക്യാംപിൽ നേരിയ ആശങ്ക പടർന്നെങ്കിലും സ്റ്റാലെ സോൽബാക്കന്‍റെ ടീം വിജയം ഉറപ്പിച്ചു നിർത്തി. ഹാലൻഡ് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു അപൂർവ്വ റെക്കോർഡും നോർവെ സ്വന്തമാക്കി. ലോകകപ്പിൽ നോർവെ നേടിയ നാല് വിജയങ്ങളും നാല് വ്യത്യസ്ത ഫുട്ബോൾ കോൺഫെഡറേഷനുകളിൽപ്പെട്ട ടീമുകൾക്കെതിരെയാണ്: 1994-ൽ മെക്സിക്കോ (CONCACAF), 1998-ൽ ബ്രസീൽ (CONMEBOL), 2026-ൽ ഇറാഖ് (AFC), ഇപ്പോൾ സെനഗൽ (CAF).
തുടർച്ചയായ രണ്ട് തോൽവികളോടെ സെനഗലും ഇറാഖും ടൂർണമെന്‍റിൽ നിന്നും പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കാൻ ഫ്രാൻസും നോർവെയും തമ്മിൽ ഏറ്റുമുട്ടും. എംബാപ്പെ-ഹാലൻഡ് നേർക്കുനേർ പോരാട്ടം കൂടിയാകും ആ മത്സരം.