തഹ്സിൻ മുഹമ്മദ് ജംഷിദ്, സർപ്രീത് സിങ്, നിഷാൻ വേലുപ്പിള്ള

 
FIFA World Cup

ഫിഫ ലോകകപ്പിൽ ഇന്ത്യക്കാർ കളിക്കുന്നുണ്ട്; താരങ്ങളെ അറിയാം

മറ്റു രാജ്യങ്ങളുടെ ടീമിൽ ഇടം പിടിച്ച മൂന്ന് ഇന്ത്യക്കാരാണ് ഫിഫയിൽ കളിക്കാനൊരുങ്ങുന്നത്.

നീതു ചന്ദ്രൻ

ഫിഫ ലോകകപ്പിന്‍റെ ആവേശം തുടങ്ങിക്കഴിഞ്ഞു. ഇത്തവണയും ഇന്ത്യൻ ടീമിന് ലോകകപ്പിന്‍റെ പടി കടക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ത്യക്കാർ ലോകകപ്പിൽ കളിക്കുമെന്ന കാര്യം ഉറപ്പാണ്. മറ്റു രാജ്യങ്ങളുടെ ടീമിൽ ഇടം പിടിച്ച മൂന്ന് ഇന്ത്യക്കാരാണ് ഫിഫയിൽ കളിക്കാനൊരുങ്ങുന്നത്. ഖത്തറിനു വേണ്ടി തഹ്സിൻ മുഹമ്മദ് ജംഷിദും ന്യൂസിലൻഡിനു വേണ്ടി സർപ്രീത് സിങ്ങും ഓസ്ട്രേലിയയ്ക്കു വേണ്ടി നിഷാൻ വേലുപ്പിള്ളയുമാണ് ഇത്തവണ ഫിഫയിൽ കളിക്കാനൊരുങ്ങുന്നത്.

യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂൺ 11നാണ് ഇത്തവണത്തെ ലോകകപ്പ് ആരംഭിക്കുന്നത്.

തഹ്സിൻ മുഹമ്മദ് ജംഷിദ്

ഇരുപതു വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ നിന്നും ഖത്തറിലേക്ക് കുടിയേറിപ്പാർത്തവരുടെ മകനാണ് 19കാരനായ തഹ്സിൻ മുഹമ്മദ് ജംഷിദ്. ചെറുപ്പത്തിൽ തന്നെ തഹ്സിൻ ഫുട്ബോളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഖത്തർ സ്റ്റാഴ്സ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് തഹ്സിൻ. എഎഫ്സി ഏഷ്യൻ കപ്പ് തുടർച്ചയായി നേടിയ ടീമാണ് ഖത്തറിന്‍റേത്.

സർപ്രീത് സിങ്

പഞ്ചാബിലെ ജലന്ധറിൽ നിന്നും ന്യൂസിലൻഡിലേക്ക് കുടിയേറിയ കുടുംബത്തിലാണ് സർപ്രീത് സിങ്ങിന്‍റെ ജനനം. വെല്ലിങ്ടൺ ഫീനിക്സിലൂടെയാണ് ഫുട്ബോളിൽ സജീവമായത്. ആക്രമണകാരിയ മിഡ്ഫീൽഡറായാണ് സർപ്രീതിനെ വിശേഷിപ്പിക്കുന്നത്. 2019ൽ ബയേൺ മ്യൂനിച്ചിൽ ഇടം നേടിയതോടെയാണ് സർപ്രീത് ലോകശ്രദ്ധയാകർഷിച്ചത്. ബുണ്ടേസ്‌ലിഗയിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് സർപ്രീത്.

നിഷാൻ വേലുപ്പിള്ള

മെൽബണിൽ ജനിച്ച നിഷാൻ വേലുപ്പിള്ളയുടെ അച്ഛൻ ശശിനാഥ് വേലുപ്പിള്ള ശ്രീലങ്കൻ പാരമ്പര്യമുള്ള മലേഷ്യൻ വംശജനും അമ്മ ഗില്ലിയൻ ആംഗ്ലോ ഇന്ത്യനുമാണ്. ഡിഫൻഡർമാരെ തകർക്കാനുള്ള നിഷാനിന്‍റെ വൈദഗ്ധ്യം ആണ് ഓസ്ട്രേലിയൻ ടീമിലേക്കുള്ള വഴി തെളിച്ചത്. 25കാരനായ നിഷാൻ 2024ൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ചിരുന്നു. എൺപത്തിമൂന്നാം മിനിറ്റിൽ കളത്തിലിറങ്ങിയ നിഷാൻ വെറും 7 മിനിറ്റുകൾക്കുള്ളിൽ ഗോളുതിർത്ത് ഓസ്ട്രേലിയയുടെ വിജയം ഉറപ്പാക്കി. ചൈനയ്ക്കെതിരേ 3 ഗോളുകൾ നേടിയാണ് ഓസ്ട്രേലിയ വിജയിച്ചത്.

അതിതീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെലോ അലർട്ട്

വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

പരിശീലകനായി സിനദിൻ സിദാൻ; ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗം

നീറ്റ് വിവാദം; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

വൈഭവിനും ബ്രാഡ്മാനും ഒരേ ബാറ്റിങ് ശൈലി! താരതമ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ‌ താരം