സ്വീഡനെതിരേ നെതർലൻഡ്സിനു വേണ്ടി ആദ്യ രണ്ട് ഗോളുകൾ നേടിയ ബ്രയാൻ ബ്രോബിയുടെ ആഘോഷം.

 
FIFA World Cup

ഡച്ച് പടയുടെ ഗോൾമഴ; സ്വീഡൻ തകർന്നു

ബ്രയാൻ ബ്രോബി, കോഡി ഗാക്പോ എന്നിവരുടെ ഇരട്ടഗോളുകളും ക്രിസെൻസിയോ സമ്മർവില്ലിയുടെ മിന്നൽ ഷോട്ടും നെതർലൻഡ്സിന് 5-1ന്‍റെ ഭീമൻ ജയം ഉറപ്പാക്കി

VK SANJU

1974-ലെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് പോരാട്ടം; അതായിരുന്നു ഫുട്ബോൾ ലോകം ആദ്യമായി 'ക്രൈഫ് ടേൺ' കണ്ട മത്സരം. ആദ്യമായി ഒരു ലോകകപ്പ് വേദിയിൽ നെതർലൻഡ്സും സ്വീഡനും നേർക്കുനേർ വന്നപ്പോൾ ഡച്ച് പടയ്ക്കായിരുന്നു അവിസ്മരണീയ വിജയം. അതിനു ശേഷം ആദ്യമായി ഇതേ ടീമുകൾ ഏറ്റുമുട്ടുന്നത് ഈ ലോകകപ്പിൽ. ഇക്കുറിയും ജയം നെതർലൻഡ്സിനൊപ്പം നിന്നു. സ്ട്രൈക്കർ ബ്രയാൻ ബ്രോബി, കോഡി ഗാക്പോ എന്നിവരുടെ ഇരട്ട ഗോൾ മികവിലാണ് നെതർലൻഡ്സ് 5-1 എന്ന സ്കോറിന് സ്വീഡനെ തകർത്തുവിട്ടത്. പകരക്കാരനായി ഇറങ്ങിയ ക്രിസെൻസിയോ സമ്മർവില്ലും ഡച്ച് നിരയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ ആന്‍റണി എലാംഗ സ്വീഡന്‍റെ ആശ്വാസ ഗോൾ നേടി.

മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. അഞ്ചാം മിനിറ്റിൽ തന്നെ ആദ്യ ഗോളും വീണു. കോഡി ഗാക്പോ നൽകിയ മനോഹരമായ ക്രോസ് സ്വീകരിച്ച് ബ്രയാൻ ബ്രോബി പന്ത് വലയുടെ മധ്യത്തിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

ഡച്ച് ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി ബ്രോബി പതിനാറാം മിനിറ്റിൽ തന്‍റെ ഇരട്ട ഗോൾ തികച്ചു. ഇത്തവണ ഡെൻസൽ ഡംഫ്രിസ് നൽകിയ കൃത്യതയാർന്ന ക്രോസാണ് വളരെ അടുത്തുനിന്ന് ബ്രോബി വലയിലാക്കിയത്.

രണ്ട് ഗോൾ വഴങ്ങിയതോടെ സ്വീഡൻ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചു. വിക്ടർ ഗ്യോക്കറസ്, യാസിൻ അയാരി, ബെഞ്ചമിൻ നിഗ്രെൻ എന്നിവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഡച്ച് പ്രതിരോധവും ഗോളി വെർബ്രഗ്ഗനും ഉറച്ചുനിന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അയാരി തൊടുത്ത ഷോട്ട് വെർബ്രഗ്ഗൻ രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി 2-0 ന് അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ഡംഫ്രിസിന്‍റെ പാസിൽ നിന്ന് വളരെ ക്ലോസ് റേഞ്ചിൽ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ കോഡി ഗാക്പോ നെതർലൻഡ്സിന്‍റെ മൂന്നാം ഗോൾ നേടി. 54-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ പകരക്കാരൻ സമ്മർവില്ലിന്‍റെ അസിസ്റ്റിൽ നിന്നു ഗാക്പോ ബോക്സിന്‍റെ ഇടതുഭാഗത്ത് നിന്ന് തന്‍റെ രണ്ടാം ഗോൾ നേടി ഡച്ച് ലീഡ് നാലാക്കി ഉയർത്തി.

നാല് ഗോൾ വഴങ്ങിയതോടെ സ്വീഡൻ മൂന്ന് മാറ്റങ്ങൾ വരുത്തി. ലൂക്കാസ് ബെർഗ്വാൽ, ആന്‍റണി എലാംഗ എന്നിവർ കളത്തിലെത്തി. 59-ാം മിനിറ്റിൽ അവർ ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്തു. അലക്സാണ്ടർ ഇസാക്ക് നൽകിയ ത്രൂ ബോൾ സ്വീകരിച്ച് ആന്‍റണി എലാംഗ സ്കോർ ചെയ്തു. തുടർന്ന് സ്വീഡന്‍റെ ഇസാക്ക്, ബെസ്ഫോർട്ട് സെനലി എന്നിവർ മികച്ച ശ്രമങ്ങൾ നടത്തിയെങ്കിലും ഡച്ച് കീപ്പർ വെർബ്രഗ്ഗൻ അതൊക്കെയും തട്ടിയകറ്റി.

71-ാം മിനിറ്റിലാണ് ബ്രോബിക്ക് പകരം ഡച്ച് സൂപ്പർ താരം മെംഫിസ് ഡീപേ കളത്തിലെത്തുന്നത്. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ ഡീപേയുടെ പാസ് സ്വീകരിച്ച്, ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത ഒരു തകർപ്പൻ റൈറ്റ് ഫൂട്ടഡ് ഷോട്ടിലൂടെ ക്രിസെൻസിയോ സമ്മർവില്ലി നെതർലൻഡ്സിന്‍റെ അഞ്ചാം ഗോളും തികച്ചു.

അവസാന മിനിറ്റിൽ സ്വീഡന്‍റെ ഗുസ്താഫ് ലാഗർബീൽക്കെയുടെ ഒരു ഹെഡർ കൂടി വെർബ്രഗ്ഗൻ അവിശ്വസനീയമായി തടുത്തതോടെ നെതർലൻഡ്സ് 5-1 ന്‍റെ ആധികാരിക വിജയം ആഘോഷിച്ചു.

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ

ബോഫോഴ്സ് അഴിമതി: നിയമ നടപടികൾ അവസാനിപ്പിച്ചു

"നിങ്ങൾക്ക് മുട്ട പേടിയാണോ?" മഹുവ മൊയ്ത്രയോട് സുപ്രീം കോടതി

79 വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ സർക്കാർ ബസിനെ വരവേറ്റ് രാജസ്ഥാനിലെ ഗ്രാമീണർ |Video ‌