എംബാപ്പെയുടെ നിഴലിനെക്കാളേറേ സമയം അയാൾക്കൊപ്പം സഞ്ചരിച്ചത് കുബാർസി ആയിരുന്നു എന്നു തോന്നിച്ച മാൻ-ടു-മാൻ മാർക്കിങ്, എലീറ്റ് ഡിഫൻസ്, ഫിഫ ലോകകപ്പ് 2026 സെമി ഫൈനൽ മത്സരത്തിലെ നിർണായക പ്രകടനം.
ലോകകപ്പിൽ ലമിൻ യമാലിന്റെ ഗോൾ സ്കോറിങ് മികവിനെക്കാൾ മുന്നിലാണ്, സ്പാനിഷ് പ്രതിരോധത്തിന്റെ മാന്ത്രികപ്പൂട്ടായി മാറിയ കൗമാരതാരം പൗ കുബാർസി. എംബാപ്പെ, ഡെംബലെ, ഒലിസെ, ബാർകോള എന്നിവരടങ്ങിയ ഫ്രഞ്ച് ആക്രമണനിരയെ പൂർണമായി തടുത്ത കുബാർസി, 96 ശതമാനം പാസിങ് കൃത്യതയോടെ ബാക്ക് ലൈനിൽ നിന്ന് കളി മെനഞ്ഞു. മാൾഡീനിയും മത്തേവൂസും പുയോളും റാമോസും പിക്വെയും ചേർന്ന സമ്പൂർണ ഡിഫെൻഡറുടെ ഗുണങ്ങൾ അവനിൽ കാണാം.
വി.കെ. സഞ്ജു
ഈ ലോകകപ്പിന്‍റെ കൗമാര വിസ്മയമെന്ന് ടൂർണമെന്‍റ് തുടങ്ങും മുൻപേ ഫുട്ബോൾ ലോകം വാഴ്ത്തിപ്പാടിയത് ലമിൻ യമാലിനെക്കുറിച്ചായിരുന്നു. അതല്ലെങ്കിലും അങ്ങനെയാണ്..., ഗോളടിക്കുന്നവർക്ക് പേരും പെരുമയും പെട്ടെന്നുകിട്ടും, അതു തടുക്കുന്നവർ അംഗീകരിക്കപ്പെടാൻ സമയമെടുക്കും. സെമി ഫൈനൽ വരെ ഏഴ് മത്സരങ്ങളിൽ സ്പെയിൻ 13 ഗോളടിച്ചപ്പോൾ ഒരെണ്ണം മാത്രമാണ് യമാലിന്‍റെ പേരിലുള്ളത്. എന്നാൽ, ഇത്രയും കളിയിൽ ഒരേയൊരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധത്തിന്‍റെ നടുനായകത്വത്തിൽ മറ്റൊരു കൗമാരക്കാരൻ നെഞ്ചുവിരിച്ച് നിൽക്കുന്നുണ്ട്- പൗ കുബാർസി: സ്പാനിഷ് ഡിഫൻസിന്‍റെ പുതിയ മാന്ത്രികപ്പൂട്ട്!
ക്രിസ്റ്റ്യാനോയും മെസിയും നെയ്മറും എംബാപ്പെയുമെല്ലാം കൗമാരത്തിൽ തന്നെ ആരാധകരെ സൃഷ്ടിച്ച മുന്നേറ്റനിരക്കാരായിരുന്നെങ്കിൽ, മാൾഡീനിയും ബെക്കൻബോവറും മത്തേവൂസും കന്നാവരോയുമൊക്കെ കരിയറിന്‍റെ പീക്കിൽ മാത്രം വ്യാപകമായി തിരിച്ചറിയപ്പെട്ട പ്രതിരോധനിരക്കാരാണ്. ആ ചരിത്രത്തിന് ഒരപവാദമാണ് കുബാർസി; എംബാപ്പെയും ഡെംബലെയും ഒലിസയും ബാർകോളയും ആർത്തിരമ്പിയ ഭയാനകമായ ഫ്രഞ്ച് ആക്രമണങ്ങൾക്കു മുന്നിൽ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അവൻ പൂട്ടിയ പൂട്ട് അഭേദ്യമായിരുന്നു. എംബാപ്പെയുടെ നിഴലിനെക്കാളേറേ സമയം അയാൾക്കൊപ്പം സഞ്ചരിച്ചത് അവനാണെന്നു തോന്നിച്ച മാൻ-ടു-മാൻ മാർക്കിങ്. സ്ലൈഡ് ടാക്കിളും ബാക്ക് ടാക്കിളുമൊക്കെ പരമാവധി ഒഴിവാക്കുന്ന ക്ലീൻ ഡിഫൻസ്.
ഗോൾ കീപ്പർ ഉനായ് സിമോൺ കാക്കുന്ന സ്പാനിഷ് കോട്ടയുടെ ദ്വാരപാലകരിൽ നടുനായകത്വം വഹിച്ചത് പൗ കുബാർസിയും അയ്മെറിക് ലാപോർട്ടെയും ചേർന്നാണ്. മാർക്ക് കുക്കുറെല്ലയും പെഡ്രോ പോറോയും വിങ്ങുകളിലൂടെ നിരന്തരം കുതിച്ചു കയറുമ്പോഴും സ്പാനിഷ് പ്രതിരോധത്തിൽ വിള്ളൽ വീഴുന്നില്ലെന്ന് ഇവർ ഉറപ്പാക്കുന്നു.
2026 ലോകകപ്പിൽ കളിച്ച ഏഴു മത്സരങ്ങളിൽ ആറിലും സ്പെയിൻ ക്ലീൻ ഷീറ്റ് നിലനിർത്തിയത് സിമോണിന്‍റെ മാത്രം മികവായിരുന്നില്ല. 96 ശതമാനം പാസിങ് കൃത്യതയോടെ ബാക്ക് ലൈനിൽ നിന്ന് കളി മെനയുന്ന കുബാർസി, ഹാൻസി ഫ്ലിക്കിന്‍റെ ബാഴ്സലോണയിലും ഡെ ലാ ഫ്യൂന്‍റെയുടെ സ്പെയിനിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞു.
കളിക്കളത്തിലെ മികവിനപ്പുറം, പ്രായത്തെക്കാൾ പക്വമായ വാക്കുകൾ കൊണ്ടും കുബാർസി ശ്രദ്ധ നേടുന്നു. ഫ്രാൻസിന്‍റെ ദേശീയ ടീമിൽ കളിക്കുന്നത് ഫ്രഞ്ചുകാരല്ലെന്ന സ്പാനിഷ് മുൻ പ്രസിഡന്‍റ് മരിയാനോ രജോയിയുടെ വംശീയ പരാമർശത്തോടുള്ള കുബാർസിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു: "നിറം പ്രസക്തമല്ല, നമ്മളെല്ലാം മനുഷ്യരാണ്, ഫ്രാൻസിനു വേണ്ടി കളിക്കുന്നുണ്ടെങ്കിൽ അവർ ഫ്രഞ്ചുകാർ തന്നെ."
കുബാർസിയുടെ കേളിശൈലി ഫുട്ബോൾ ആരാധകരെ ക്ലാസിക് ഡിഫൻസിന്‍റെ സുവർണകാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. പൗലോ മാൾഡീനിയുടെ പൊസിഷനിങ്ങും, ലോതർ മത്തേവൂസിന്‍റെ പാസിങ്ങും, കാർലെസ് പുയോളിന്‍റെ പോരാട്ടവീര്യവും, സെർജിയോ റാമോസിന്‍റെ നേതൃമികവും ജെറാർഡ് പിക്വെയുടെ തന്ത്രങ്ങളും ഒത്തുചേർന്ന സമ്പൂർണ ഡിഫെൻഡറാണ് കുബാർസി.
ഈ ലോകകപ്പിൽ ഫ്രാൻസിനെതിരായ സെമി ഫൈനലിൽ കിലിയൻ എംബാപ്പെയെയും സംഘത്തെയും മണിച്ചിത്രത്താഴിട്ടു പൂട്ടിയ കുബാർസിയുടെയും കൂട്ടരുടെയും പ്രകടനം ഇതിഹാസതുല്യമായിരുന്നു. പോർച്ചുഗലിനും ഓസ്ട്രിയക്കുമെതിരേയും സമാനമായ ആധിപത്യം പുലർത്തിയ കുബാർസി, സ്പാനിഷ് കോട്ടയുടെ കാവൽക്കാരൻ മാത്രമല്ല, ടീമിന്‍റെ ആക്രമണങ്ങൾക്ക് തുടക്കമിടുന്ന ഒരു സ്വീപ്പർ കൂടിയാണെന്ന് തെളിയിച്ചു.
പുയോളിനും റാമോസിനും പിന്നാലെ സ്പാനിഷ് പ്രതിരോധ നിരയിലെ തിളങ്ങുന്ന താരമായി കുബാർസി മാറുമ്പോൾ, കാറ്റലൻ മണ്ണിൽ അടുത്ത ഇതിഹാസം ഉദയം ചെയ്യുന്നു എന്ന് ഉറപ്പിച്ചു പറയാം.