ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയ സ്പെയിൻ പ്രീ ക്വാർട്ടറിലേക്കു മുന്നേറി.

 
FIFA World Cup

വിശ്വരൂപം കാട്ടി സ്പെയിൻ; ഓസ്ട്രിയ മുങ്ങി

ഓസ്ട്രിയയെ തകർത്ത് സ്പെയിൻ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ! ഒയാർസബാലിന് ഇരട്ട ഗോൾ; തന്ത്രങ്ങളൊരുക്കി ഫുൾബാക്കുകൾ

VK SANJU

ലോസ് ആഞ്ചലസ്: ഗ്രൂപ്പ് ഘട്ടത്തിലെ വിരസമായ പ്രകടനങ്ങൾക്കു ശേഷം തങ്ങളുടെ യഥാർഥ വീര്യം പുറത്തെടുത്ത് മുൻ ചാംപ്യന്മാരായ സ്പെയിൻ. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് സ്പെയിൻ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മുന്നേറി.

എഴുപതിനായിരത്തോളം കാണികളെ സാക്ഷിയാക്കി നടന്ന മത്സരത്തിൽ മിഷേൽ ഒയാർസബാലിന്‍റെ ഇരട്ട ഗോളും പെഡ്രോ പോറോയുടെ കന്നി അന്താരാഷ്ട്ര ഗോളുമാണ് സ്പെയിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം 65 ശതമാനം പന്തടക്കവും 23 ഷോട്ടുകളുമായി സ്പെയിൻ കളം നിറഞ്ഞപ്പോൾ ഓസ്ട്രിയൻ മധ്യനിര വെറും കാഴ്ചക്കാരായി മാറി.

ഗ്രൂപ്പ് ഘട്ടത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയും, സൗദി അറേബ്യ, ഉറുഗ്വെ എന്നിവർക്കെതിരെ കഷ്ടിച്ച് ജയിച്ചും ആരാധകരെ നിരാശപ്പെടുത്തിയ സ്പെയിനെയല്ല ഓസ്ട്രിയക്കെതിരേ കണ്ടത്. ആദ്യ മിനിറ്റ് മുതൽ ആക്രമണത്തിന്‍റെ വേലിയേറ്റങ്ങൾ തീർത്ത സ്പെയിൻ 36-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.

29-ാം മിനിറ്റിൽ ഡിഫെൻഡർ മാർക്ക് കുക്കുറെല്ല നേടിയ ഗോൾ വാർ (VAR) പരിശോധനയിൽ ഓഫ്‌സൈഡ് എന്ന് കണ്ട് റെഫറി നിഷേധിച്ചിരുന്നു. ഇതിന്‍റെ നിരാശ മായ്ക്കുന്നതായി 36-ാം മിനിറ്റിൽ കുക്കുറെല്ല തന്നെ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് റയൽ സൊസീഡാഡ് താരം ഒയാർസബാൽ നേടിയ ഗോൾ.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യുവ വിസ്മയം ലാമിൻ യമാലിന്‍റെ ഒരു തകർപ്പൻ ഷോട്ടും ഫ്രീക്കിക്കും ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗർ അവിശ്വസനീയമാംവിധം തടുത്തിട്ടതുകൊണ്ടാണ് ആദ്യ പകുതിയിൽ സ്പെയിന്‍റെ ലീഡ് ഒന്നിലൊതുങ്ങിയത്.

യമാലിനെയും നിക്കോ വില്യംസിനെയും പൂട്ടാൻ ഓസ്ട്രിയൻ പ്രതിരോധം കോട്ട കെട്ടിയപ്പോൾ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്‍റെ തന്‍റെ ഫുൾ ബാക്കുകളെ രഹസ്യായുധങ്ങളാക്കുകയായിരുന്നു. കുക്കുറെല്ലയും പെഡ്രോ പോറോയും വിങ്ങുകളിലൂടെ നിരന്തരം ഓസ്ട്രിയൻ ബോക്സിലേക്ക് ഇരച്ചുകയറി. 66-ാം മിനിറ്റിൽ വിങ്ങർ അലക്സ് ബായേന ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ ക്രോസിൽ കൃത്യമായി തലവെച്ച് വിങ് ബാക്ക് പെഡ്രോ പോറോ സ്പെയിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

കളി കൈവിട്ടുപോയതോടെ ഓസ്ട്രിയൻ നിരയിൽ നിരാശ പടർന്നു. ക്യാപ്റ്റൻ ഡേവിഡ് അലാബയും ഫ്ലോറിയൻ ഗ്രിലിഷും മൈതാനത്ത് പരസ്യമായി തർക്കിക്കുന്ന കാഴ്ചയും കണ്ടു. മാഴ്സെൽ സാബിറ്റ്സറുടെ ക്രോസിൽ 61-ാം മിനിറ്റിൽ സാസ കാലാജിച്ച് എടുത്ത ഹെഡ്ഡർ ലക്ഷ്യം കാണാതെ പോയത് മാത്രമാണ് ഓസ്ട്രിയയ്ക്ക് കിട്ടിയ ഏക സുവർണാവസരം. മത്സരത്തിൽ ഒരൊറ്റ ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് അടിക്കാൻ സ്പെയിൻ പ്രതിരോധം ഓസ്ട്രിയയെ അനുവദിച്ചില്ല.

കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ മാർക്ക് കുക്കുറെല്ല നൽകിയ രണ്ടാമത്തെ അസിസ്റ്റിൽ നിന്ന് ഒയാർസബാൽ രണ്ടാം ഗോൾ നേടി സ്പെയിന്‍റെ ആധികാരിക വിജയം പൂർത്തിയാക്കി. കഴിഞ്ഞ 14 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള ഒയാർസബാലിന്റെ 15-ം ഗോളായിരുന്നു ഇത്.

മത്സരത്തിലുടനീളം തകർപ്പൻ ഡ്രിബ്ലിങ്ങുകളുമായി കളം നിറഞ്ഞ ലാമിൻ യമാലിനെ 85-ാം മിനിറ്റിൽ പിൻവലിച്ച് ഗാവിയെ കളത്തിലിറക്കിയപ്പോൾ എഴുന്നേറ്റു നിന്നാണ് കാണികൾ കൈയടിച്ചത്.

ഈ ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളിലും സ്പെയിൻ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല. മുന്നേറ്റ നിരയിലെ സൂപ്പർ താരങ്ങൾക്കൊപ്പം പ്രതിരോധ നിരയും ഫുൾബാക്കുകളും ഒരുപോലെ തിളങ്ങുന്നത് സ്പെയിനെ ഈ ടൂർണമെന്‍റിലെ ഏറ്റവും ഭയപ്പെടേണ്ട ടീമാക്കി മാറ്റുന്നു.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌