അച്ഛന്‍റെ നാടായ ടുണീഷ്യക്കെതിരേ ഗോളടിച്ച സ്വീഡൻ താരം യാസിൻ അയാരുയെട വികാരഭരിതമായ പ്രതികരണം.
മോണ്ടെറി: 2026 ലോകകപ്പിൽ തങ്ങളുടെ വരവറിയിച്ച് സ്വീഡൻ. ഗ്രൂപ്പ് എഫ്-ലെ പോരാട്ടത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. യാസിൻ അയാരിയുടെ ഇരട്ട ഗോളുകളും അലക്സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്രെസ് എന്നിവരുടെ മികച്ച പ്രകടനവുമാണ് സ്വീഡന് വമ്പൻ ജയം സമ്മാനിച്ചത്.
മെക്സിക്കോയിലെ എസ്റ്റാഡിയോ ബിബിവിഎയിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽക്കേ സ്വീഡൻ ആധിപത്യം പുലർത്തി. ഏഴാം മിനിറ്റിൽ തന്നെ യാസിൻ അയാരിയിലൂടെ സ്വീഡൻ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് അലക്സാണ്ടർ ഇസാക്കും വിക്ടർ ഗ്യോക്രെസും മാത്തിയാസ് സ്വാൻബർഗും ഗോളുകൾ നേടിയതോടെ ടുണീഷ്യൻ പ്രതിരോധം തകർന്നു. ടുണീഷ്യയ്ക്ക് വേണ്ടി ഒമർ റെകിക് ആശ്വാസ ഗോൾ നേടിയെങ്കിലും സ്വീഡന്‍റെ ഗോൾപ്രളയത്തിന് മുന്നിൽ അവർ അടിയറവ് പറഞ്ഞു.
രണ്ടാം പകുതിയുടെ അധിക സമയത്ത് യാസിൻ അയാരി തന്‍റെ രണ്ടാം ഗോളും നേടി സ്വീഡന്‍റെ പട്ടിക പൂർത്തിയാക്കി. തന്‍റെ പിതാവിന്‍റെ ജന്മനാടായ ടുണീഷ്യക്കെതിരായ ഗോൾ നേട്ടം അയാരി വളരെ വികാരപരമായാണ് സ്വീകരിച്ചത്
ഗ്രൂപ്പ് എഫ്-ൽ പോരാട്ടം കടുക്കുന്നു
അതേ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ നെതർലൻഡ്സും ജപ്പാനും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞത് സ്വീഡന് നേട്ടമായി. ഇതോടെ ഗ്രൂപ്പ് എഫ്-ൽ മൂന്ന് പോയിന്‍റുമായി സ്വീഡൻ മുന്നിലെത്തി. 2022-ലെ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ സ്വീഡൻ, ഇത്തവണ വലിയ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
ഏഴാം തവണ ലോകകപ്പിനെത്തുന്ന ടുണീഷ്യയ്ക്ക് ഇത്തവണയും ഗ്രൂപ്പ് ഘട്ടം കടക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വരും മത്സരങ്ങളിൽ കരുത്തരായ നെതർലൻഡ്സിനെതിരെയും ജപ്പാനെതിരെയും നടക്കാനിരിക്കുന്ന പോരാട്ടങ്ങൾ ഗ്രൂപ്പിന്‍റെ ഗതി നിർണയിക്കും.