ഉറുഗ്വെക്കു വേണ്ടി സമനില ഗോൾ കണ്ടെത്തിയ മാക്സി അരൗഹോയുടെ ആഹ്ളാദ പ്രകടനം. മത്സരത്തിൽ എട്ട് സേവുകളുമായി സൗദി അറേബ്യയെ കാത്ത ഗോളി മുഹമ്മദ് അൽ ഉവൈസ് സമീപം.

 
FIFA World Cup

സൗദിയോട് സമനില വഴങ്ങി ഉറുഗ്വെ; ഒഴിഞ്ഞ കസേരകൾ സാക്ഷി!

അബ്ദുല്ലേല അൽ അമ്രിയുടെയും മാക്സി അരൗഹോയുടെയും ഗോളുകൾ സമനില ഉറപ്പിച്ചപ്പോൾ, ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകൾ ഫിഫയുടെ വാണിജ്യനയത്തെ ചോദ്യചിഹ്നമാക്കി

VK SANJU

2022 ലോകകപ്പിൽ അർജന്‍റീനയെ അട്ടിമറിച്ച സൗദി അറേബ്യ ഇത്തവണ മറ്റൊരു ലാറ്റിനമേരിക്കൻ കരുത്തരുടെ കൂടി കണ്ണീരൊഴുക്കുമെന്നു തോന്നിച്ച നിമിഷങ്ങൾ. പക്ഷേ, ആവേശം അവസാന മിനിറ്റ് വരെ നീണ്ടുനിന്ന 2026 ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ സൗദി അറേബ്യയോട് സമനില വഴങ്ങി മുൻ ചാമ്പ്യൻമാരായ ഉറുഗ്വെ രക്ഷപെട്ടു. ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു.

കളിയിലുടനീളം ആധിപത്യം പുലർത്തിയ് ഉറുഗ്വെ തന്നെയായിരുന്നു. എന്നാൽ, മികച്ച പ്രതിരോധത്തിലൂടെ സൗദി അവരെ തളച്ചു. നേരത്തെ നടന്ന മത്സരത്തിൽ കരുത്തരായ സ്പെയിനെ കേപ് വെർദെ അട്ടിമറി സമനിലയിൽ തളച്ചതോടെ ഗ്രൂപ്പ് എച്ചിലെ പോരാട്ടങ്ങൾ പ്രവചനാതീതവുമായി.

അതേസമയം, മത്സരത്തിന്‍റെ ആവേശത്തെക്കാൾ ലോകകപ്പ് വേദിയായ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നത്.

ഫിഫയെ ഞെട്ടിച്ച ആളില്ലാക്കസേരകൾ

ഏഴ് ടിക്കറ്റ് മാത്രമാണ് ബാക്കിയെന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ കാണിച്ചെങ്കിലും മത്സരത്തിന്‍റെ ഭൂരിഭാഗം സമയത്തും സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കസേരകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഫിഫയുടെ കടുത്ത വാണിജ്യവത്കരണത്തിനും ഊതിവീർപ്പിച്ച ടിക്കറ്റ് നിരക്കിനുമേറ്റ തിരിച്ചടിയായാണ് കായിക ലോകം ഇതിനെ വിലയിരുത്തുന്നത്.

ഒന്നാം കാറ്റഗറി ടിക്കറ്റിന് 430 ഡോളറും (ഏകദേശം 36,000 രൂപ) രണ്ടാം കാറ്റഗറിക്ക് 600 ഡോളറും (ഏകദേശം 50,000 രൂപ) ആയിരുന്നു വില. ബ്ലാക്ക് മാർക്കറ്റിൽ കൊള്ള ലാഭത്തിന് മറിച്ചുവിൽക്കാൻ ടിക്കറ്റുകൾ മൊത്തമായി വാങ്ങിക്കൂട്ടിയവർക്ക് അത് വിൽക്കാൻ സാധിക്കാതെ വന്നതാണ് ഗാലറി ഒഴിയാൻ കാരണമായതെന്നാണ് സൂചന. അതേസമയം, ഗ്യാലറി നിറയാത്തതിന് ഫിഫ പഴിക്കുന്നത് ഹൈവേയിലെ ഗതാഗതക്കുരുക്കിനെയും!

ബിയൽസയെ ഞെട്ടിച്ച സൗദി

പ്രശസ്ത പരിശീലകൻ മാഴ്സെലോ ബിയൽസയുടെ കീഴിലിറങ്ങിയ ഉറുഗ്വെ തുടക്കം മുതൽ പന്ത് കൈവശം വച്ച് (69%) ആക്രമിച്ചു കളിച്ചു. അഞ്ചാം മിനിറ്റിൽ തന്നെ റൊണാൾഡ് അരൗഹോയിലൂടെ അവർക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസ് തടുത്തു. ഇരുപതാം മിനിറ്റിൽ ഉറുഗ്വെ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

ഉറുഗ്വെയുടെ ആക്രമണങ്ങളെ പ്രതിരോധിച്ചു നിന്ന സൗദി, ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ സ്റ്റേഡിയത്തെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. 41-ാം മിനിറ്റിൽ മുസാബ് അൽ-ജുവൈറിന്‍റെ ക്രോസിൽ നിന്ന് ഹസ്സൻ അൽ-തംബക്തി തൊടുത്ത ഹെഡ്ഡർ ഉറുഗ്വെ ഗോളി ഫെർണാണ്ടോ മുസ്ലേര പ്രതിരോധിച്ചെങ്കിലും, റീബൗണ്ടിൽ നിന്ന് അബ്ദുല്ലേല അൽ-അമ്രി പന്ത് വലയിലാക്കുകയായിരുന്നു (1-0).

ഉറുഗ്വെയെ തുണച്ച മാറ്റങ്ങൾ

ആദ്യ പകുതിയിലെ മോശം പ്രകടനത്തെ തുടർന്ന് മുൻ ലിവർപൂൾ താരം ദാർവിൻ നുനിയെസ് അടക്കം രണ്ടു പേരെ മാറ്റിയാണ് ഉറുഗ്വെ രണ്ടാം പകുതിക്കിറങ്ങിയത്. സൂപ്പർ താരം ഫെഡറിക്കോ വാൽവെർദെയെ മധ്യനിരയുടെ ചുമതല ഏൽപ്പിച്ചതോടെ ഉറുഗ്വെ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.

നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 80-ാം മിനിറ്റിൽ ഉറുഗ്വെ കാത്തിരുന്ന സമനില ഗോൾ പിറന്നു.

മാറ്റിയാസ് ഒലിവേരയുടെ ക്രോസിൽ നിന്ന് വിനാസ് നൽകിയ പാസ് മാക്സി അരൗഹോ വലയിലെത്തിക്കുകയായിരുന്നു (1-1). ഇഞ്ചുറി ടൈമിൽ വാൽവെർദെയുടെയും ഡി ലാ ക്രൂസിന്‍റെയും ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ തടുത്തിട്ട് സൗദി കീപ്പർ ഒവൈസ് ടീമിന്‍റെ സമനില കാത്തുസൂക്ഷിച്ചു. മത്സരത്തിലുടനീളം 10 ഓൺ-ടാർഗെറ്റ് ഷോട്ടുകളാണ് ഉറുഗ്വെ ഉതിർത്തത്.

ഈ സമനിലയോടെ ഗ്രൂപ്പിൽ സ്പെയിനാണ് നിലവിൽ ആശ്വാസമായത്. കാബോ വെർദെയോട് സമനില വഴങ്ങിയതിന്‍റെ ക്ഷീണം ഒട്ടൊന്ന് കുറയ്ക്കാൻ ഇതവരെ സഹായിക്കും. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ സ്പെയിൻ സൗദി അറേബ്യയെയും, ഉറുഗ്വെ കാബോ വെർദെയെയും നേരിടും.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്