ലോകകപ്പിൽ സ്പെയ്നെ സമനിലയിൽ തളച്ച മത്സസരത്തിനു ശേഷം കേപ്പ് വെർദെ പതാകയുമായി ഗോൾ കീപ്പർ വോസീന്യ.

 
FIFA World Cup

വോസീന്യ: കേപ്പ് വെർദെയിലെ മുത്തശ്ശി

സ്പെയിനിനെതിരെ ലോകകപ്പിൽ അത്ഭുത സമനില നേടി, നാല്പതു വയസ്സുകാരൻ ഹോസിമർ ഡയസ് വോസീന്യ കേപ്പ് വെർദെയുടെ പോരാട്ടചിഹ്നമായി ഉയർന്ന രാത്രി

VK SANJU

ഫിഫ ലോകകപ്പിൽ സ്പെയിനിനെതിരേ അത്ഭുത സമനില നേടിയ കേപ്പ് വെർദെയുടെ 40കാരൻ ഗോൾകീപ്പർ വോസീന്യയുടെ കണ്ണീരിൽ പതിറ്റാണ്ടുകളുടെ പോരാട്ടവും സ്വപ്നസാഫല്യവും കലർന്നിരുന്നു. 25-ാം വയസ്സിൽ മാത്രമാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവന്നത്. മോൾഡോവ മുതൽ പോർച്ചുഗൽ വരെ ചെറുക്ലബുകളിൽ അലഞ്ഞു തിരിഞ്ഞ അയാളെ, 90 അന്താരാഷ്ട്ര മത്സരങ്ങൾക്കു ശേഷമാണ് ലോകം തിരിച്ചറിഞ്ഞത്.

‌വി.കെ. സഞ്ജു

അവസാന വിസിൽ മുഴങ്ങുമ്പോൾ, അറ്റ്ലാന്‍റയിലെ ലോകകപ്പ് സ്റ്റേഡിയത്തിന്‍റെ ഒരു പകുതിയിൽ യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിന്‍റെ നിരാശ തളംകെട്ടി നിന്നു. മറുപകുതിയിൽ, വോസീന്യ എന്ന നാൽപ്പതു വയസുകാരൻ തന്‍റെ ഗോൾ വലയ്ക്കരികിൽ മുട്ടുകുത്തിയിരുന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി. പതിറ്റാണ്ടുകൾ പഴക്കമുള്ളൊരു സ്വപ്നം പൂവണിഞ്ഞതിന്‍റെ നിർവൃതിയായിരുന്നു ആ കണ്ണീർ, അനുഭവങ്ങളുടെ തീച്ചൂളയിൽ തിളച്ച വികാരവിക്ഷോഭങ്ങൾ ലോകം കീഴടക്കിയ സംതൃപ്തിക്കു വഴിമാറുകയായിരുന്നു.

മത്സരത്തിനു ശേഷം കണ്ണീരണിഞ്ഞ വോസീന്യ.

ലോകകപ്പിലെ കന്നിയങ്കത്തിനിറങ്ങിയ കേപ് വേർഡെ എന്ന കൊച്ചുദ്വീപ് രാഷ്ട്രം, കരുത്തരായ സ്പെയിനിനെതിരേ നേടിയത് വെറുമൊരു സമനിലയായിരുന്നില്ല. കുറസോവയെ ജർമനി തകർത്തതു പോലെ, അല്ലെങ്കിൽ അതിലും വലിയൊരു തകർച്ച പ്രവചിച്ചവരെയെല്ലാം നിശബ്ദരാക്കിക്കൊണ്ട് വൊസീന്യയും കൂട്ടുകാരും കളം വാണ ദിവസം; അതൊരു വിസ്മയമായിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ വാണരുളിയ മത്സരത്തിൽ, 27 തവണ സ്പെയിൻ താരങ്ങൾ ലക്ഷ്യത്തിലേക്കു പന്തടിച്ച കളിയിൽ, പ്രതിരോധം പിഴച്ചിടത്തെല്ലാം ആ 40-കാരന്‍റെ കൈകൾ കോട്ട കെട്ടിയ ദിവസം. പെഡ്രിയും റോഡ്രിയും ടോറസും പിന്നെ ലമിൻ യമാലും അടക്കമുള്ള സ്പാനിഷ് സൂപ്പർ താരങ്ങൾ വോസീന്യ എന്ന മനുഷ്യമതിലിനു മുന്നിൽ തലകുനിച്ച ദിവസം.

"എന്‍റെ ജീവിതം മുഴുവൻ ഞാൻ ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്," മത്സരം കഴിഞ്ഞ് മാൻ ഒഫ് ദ മാച്ച്' പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ വോസീന്യയുടെ വാക്കുകൾ ഇടറിയിരുന്നു. മെസിയെയും ക്രിസ്റ്റ്യാനോയെയും യമാലിനെയും പോലെ കൗമാരത്തിലൊന്നുമല്ല, ഇരുപത്തിയഞ്ചാം വയസിൽ മാത്രം പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവന്നവനാണ് വോസീന്യ. ഈ ലോകകപ്പ് അയാൾക്കൊരു വിദൂര സ്വപ്നം മാത്രമായിരുന്നു. പലതവണ തോൽവി സമ്മതിച്ച് കളി നിർത്താൻ ആലോചിച്ചെങ്കിലും, മുത്തച്ഛനും മുത്തശ്ശിയും പകർന്ന ധൈര്യം അവനു കരുത്തായി.

ആ വിജയനിമിഷത്തിൽ വോസീന്യയുടെ കണ്ണുകളിൽ നിന്നൊഴുകിയത് സന്തോഷാശ്രുക്കൾ മാത്രമായിരുന്നില്ല. ഒപ്പമില്ലാത്ത പ്രിയപ്പെട്ടവരുടെ ഓർമകളും അതിൽ അലിഞ്ഞു ചേർന്നിരുന്നു. തന്നെ വളർത്തിയ അപ്പൂപ്പനും അമ്മൂമ്മയും ഏതാനും വർഷം മുൻപ് മരിച്ചു. കേപ്പ് വെർദെയ്ക്ക് യുഎസ് ഏർപ്പെടുത്തിയ ഭീമൻ വിസാ ഫീസ് കണ്ടെത്താൻ കഴിയാതെ പോയതുകൊണ്ട്, ഏറ്റവും വലിയ ആരാധികയായ സ്വന്തം അമ്മയ്ക്ക് യുഎസ് മണ്ണിൽ കാല് കുത്താൻ പോലും കഴിഞ്ഞില്ലെന്ന ദുഃഖം അയാളുടെ വാക്കുകളിൽ നിഴലിച്ചിരുന്നു.

മത്സരത്തിനു മുൻപ് അൻപതിനായിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന വോസിന്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്, മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ദശലക്ഷത്തോളം ഫോളോവേഴ്സിലേക്ക് കുതിച്ചു. പോൾ പോഗ്ബയെപ്പോലുള്ള ഫുട്ബോൾ ഇതിഹാസങ്ങൾ അയാളുടെ പ്രകടനത്തെ വാഴ്ത്തി.

പോർച്ചുഗീസ് ഭാഷയിൽ വോസീന്യ എന്ന വാക്കിന് 'മുത്തശ്ശി' എന്നാണ് അർഥം. മുൻപ് മുതിർന്ന കുട്ടികൾ കളിയാക്കുമ്പോൾ മുത്തശ്ശിയുടെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടുന്നതിന് അവരിട്ട ഇരട്ടപ്പേരായിരുന്നു അത്. യഥാർഥ പേര് ഹോസിമർ ഡയസ്. പഴയ ബ്രസീൽ താരം ഹോസിമറുടെ ഓർമയ്ക്ക് ഇട്ട പേര്. പിൽക്കാലത് കളിച്ച ഒരു ടീമിൽ ഹോസിമർ എന്ന പേരിൽ തന്നെ ഒരു സഹതാരം വന്നപ്പോൾ അയാൾ തന്‍റെയാ പഴയ ഇരട്ടപ്പേര് സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു- വോസീന്യ! ഇന്ന് ലോക ഫുട്ബോളിന്‍റെ ചരിത്രത്താളുകളിൽ ആ പേര് സ്വർണലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു.

കേപ്പ് വെർദെ ഗോളി വോസീന്യ.

"ഞങ്ങൾ വന്നത് ലോകകപ്പ് ആസ്വദിക്കാനാണെന്നു പലരും കരുതുന്നു. പക്ഷേ, അതല്ല സത്യം; രാജ്യത്തിനു വേണ്ടി പോരാടാനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്," വോസീന്യയുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പുന്നു. തനിക്കു കിട്ടിയ മാൻ ഒഫ് ദ മാച്ച് പുരസ്കാരം സഹതാരങ്ങൾക്കെല്ലാമുള്ളതാണെന്ന് പറയുമ്പോൾ, വോസീന്യ വെറുമൊരു ഗോൾകീപ്പറല്ല, മറിച്ച് കേപ്പ് വെർദെ എന്ന കൊച്ച് രാജ്യത്തിലെ പോരാട്ടവീര്യത്തിന്‍റെ കൊടിയടയാളമായി മാറുകയായിരുന്നു. അറ്റ്ലാന്‍റയിലെ ആ രാത്രി, 40-ാം വയസ്സിൽ ലോകം കീഴടക്കിയ വോസിന്യയുടേതു മാത്രമാകുന്നു!

അവിടേക്ക് അയാൾ നടന്നുതീർത്ത വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഫുട്ബോളിൽ ഒരു കരിയർ സ്വന്തമാക്കാൻ മോൾഡോവയിലും റൊമാനിയയിലും സ്ലോവാക്യയിലും അങ്കോളയിലും സൈപ്രസിലും പോർച്ചുഗലിലും അലഞ്ഞു. ഇപ്പോൾ പോർച്ചുഗീസ് സെകൻഡ് ഡിവിഷൻ ക്ലബ്ലായ ഷാവേസിൽ കളിക്കുന്നു. പക്ഷേ, 2012 മുതൽ കേപ്പ് വെർദെയുടെ ഗോൾ വല കാക്കുന്ന വോസീന്യയെ ലോകമറിയാൻ പതിനഞ്ച് വർഷവും 90 അന്താരാഷ്ട്ര മത്സരങ്ങളും വേണ്ടിവന്നു. കൂടെ കളിച്ച പലരും റിട്ടയർ ചെയ്തിട്ടും അയാൾ കളിക്കളത്തിൽ തുടർന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നു.

പകർച്ചവ‍്യാധികൾ നിയന്ത്രിക്കാൻ ഹൈപവർ കമ്മിറ്റി; പ്രതിരോധ നടപടികളുമായി സർക്കാർ

മുട്ടിൽ മരംമുറി കേസ്: 4 കോടി രൂപ മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ കോടതിയുടെ അനുമതി

ഐപിഎല്ലിലെ അതിവേഗ പേസർ ഇനി ഇന്ത‍്യ എ ടീമിൽ

കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധം: ഉത്തരവിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

'ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും എന്‍റെ കഥയിൽ നിന്നു മോഷ്ടിച്ചത്', ആർ. ശ്രീലേഖ