Sports

കളമൊഴിഞ്ഞിട്ടും കലിയടങ്ങാതെ ഗംഭീർ

ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‌ലിയും ദേശീയ ടീമിന്‍റെ മുൻ ഓപ്പണർ ഗൗതം ഗംഭീറും തമ്മിലുള്ള കുപ്രസിദ്ധമായ വൈരത്തിൽ പുതിയ അധ്യായം തുറന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ലഖ്നൗ സൂപ്പർ ജയന്‍റ്സും തമ്മിലുള്ള ഐപിഎൽ മത്സരം.

ചെറിയ സ്കോർ പ്രതിരോധിച്ച് ബാംഗ്ലൂർ 18 റൺസ് വിജയം കുറിച്ച ശേഷമായിരുന്നു ലഖ്നൗ ടീമിന്‍റെ മെന്‍ററായ ഗംഭീറുമായി ബാംഗ്ലൂർ താരം കോഹ്‌ലിയുടെ കൊമ്പുകോർക്കൽ. ഇതെത്തുടർന്ന് ഇരുവർക്കും മാച്ച് ഫീസിന്‍റെ നൂറു ശതമാനം പിഴയും വിധിച്ചു.

എൽഎസ്ജി ഓപ്പണർ കൈയ്ല് മെയേഴ്സാണ് പ്രശ്നം തുടങ്ങിവച്ചതെന്നാണ് സൂചന. മത്സരശേഷം ഇരു ടീമംഗങ്ങളും പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ മെയേഴ്സും കോഹ്‌ലിയും തമ്മിൽ സംസാരിക്കുന്നതും, മെയേഴ്സിനെ ഗംഭീർ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ഇതിനു ശേഷം ലഖ്നൗവിന്‍റെ അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൽ ഹഖുമായി കോഹ്‌ലി വാഗ്വാദത്തിലായി. ഇതും കഴിഞ്ഞാണ് കോഹ്‌ലിക്കു നേരേ ഗംഭീർ പാഞ്ഞടുക്കുന്നത്. പരുക്കേറ്റ ക്യാപ്റ്റൻ കെ.എൽ. രാഹുൽ അടക്കമുള്ള ലഖ്നൗ താരങ്ങൾ ചേർന്നാണ് ഗംഭീറിനെ പിടിച്ചുമാറ്റിയത്. എന്നാൽ, ഇരുവരും വാഗ്വാദം തുടർന്നു.

ഡൽഹിക്കും വേണ്ടിയും ഇന്ത്യയ്ക്കു വേണ്ടിയും ഒരുമിച്ചു കളിച്ചിട്ടുള്ളവരാണ് ഗംഭീറും കോഹ്‌ലിയും. ബംഗളൂരുവിൽ വച്ച് ഇരു ടീമുകളും ഇതിനു മുൻപ് ഏറ്റുമുട്ടിയ സമയത്ത് ഗംഭീർ കാണികളെ നോക്കി മിണ്ടരുതെന്ന് ആംഗ്യം കാട്ടിയിരുന്നു. ഇതിനു പ്രതികരണമെന്നോണം, തിങ്കളാഴ്ച രാത്രി കളി ജയിച്ച ശേഷം കോഹ്‌ലി ശബ്ദമുണ്ടാക്കാൻ കാണികളോട് ആംഗ്യത്തിലൂടെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന