Sports

അമ്പയറെ വിമർശിച്ച് ട്വീറ്റ്; ശുഭ്‌മാൻ ഗില്ലിന് പിഴ

ഓവർ റേറ്റ് കുറഞ്ഞതിന് ഇന്ത്യയ്ക്ക് മാച്ച് ഫീസിന്‍റെ 100 ശതമാനവും ഓസ്ട്രേലിയയ്ക്ക് 80 ശതമാനവും പിഴ

VK SANJU

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തേഡ് അമ്പയറുടെ തീരുമാനത്തെ പരസ്യമായി വിമർശിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് മാച്ച് ഫീസിന്‍റെ പതിനഞ്ച് ശതമാനം പിഴ.

രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18 റൺസെടുത്ത ഗില്ലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോട്ട് ബോലാൻഡിന്‍റെ പന്തിൽ കാമറൂൺ ഗ്രീൻ ഗള്ളിയിൽ എടുത്ത ഡൈവിങ് ക്യാച്ചാണ് വിവാദ വിഷയം.

ഗ്രീൻ ക്യാച്ചെടുത്ത ശേഷം പന്ത് തറയിൽ മുട്ടിയെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ, പന്തിനും ബാറ്റിനുമിടയിൽ വിരലുകൾ ഉണ്ടെന്ന ന്യായത്തിന്‍റെ അടിസ്ഥാനത്തിൽ തേഡ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ ഔട്ട് വിധിക്കുകയായിരുന്നു.

ഇതിനു ശേഷം ഗ്രീനിന്‍റെ കൈയിലുള്ള പന്ത് നിലത്ത് മുട്ടുന്നതിന്‍റെ വ്യക്തമായ ദൃശ്യം ഗിൽ ട്വീറ്റ് ചെയ്തു. ഇതാണ് അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതായി മാച്ച് റഫറി വ്യാഖ്യാനിച്ചിരിക്കുന്നത്.

അന്താരാഷ്‌ട്ര മത്സരത്തിനിടെ നടക്കുന്ന എന്തെങ്കിലും സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പരസ്യ വിമർശനമോ അനുചിതമായ അഭിപ്രായപ്രകടനമോ പാടില്ല എന്ന ആർട്ടിക്കിൾ 2.7 വ്യവസ്ഥ ആധാരമാക്കിയാണ് നടപടി.

ആരോപിക്കപ്പെട്ട കുറ്റം ഗിൽ അംഗീകരിച്ചതിനാൽ വിഷയത്തിൽ വാദപ്രതിവാദങ്ങളൊന്നും വേണ്ടിവന്നില്ല.

അതേസമയം, നിശ്ചിത ഓവറുകൾ സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കാത്തതിന് ഇന്ത്യൻ ടീമിന്‍റെ മാച്ച് ഫീസ് പൂർണമായും പിഴയായി വിധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് മാച്ച് ഫീസിന്‍റെ എൺപതു ശതമാനവും പിഴ.

പൗരങ്ങൾക്ക് ഭീഷണിയാവുന്നവരെ പ്രവേശിപ്പിക്കില്ല; കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎസ്

സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; പൊട്ടിയത് പടക്കമെന്ന് പൊലീസ്

ഐപിഎൽ ലേലത്തിൽ പൊന്നും വിലയ്ക്ക് വിളിച്ചെടുത്ത താരം ആഷസിൽ ഡക്ക്; ഓസീസിന് 5 വിക്കറ്റ് നഷ്ടം

കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര പുരവാസ്തു കടത്ത്; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി