ഗിൽ ആശുപത്രിയിൽ; കൊൽക്കത്ത ടെസ്റ്റിൽ കളിക്കില്ല
കൊൽക്കത്ത: കഴുത്തിന് പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആദ്യടെസ്റ്റിനിടെയാണ് പരുക്കേറ്റത്. ആദ്യ ടെസ്റ്റിൽ ഗിൽ തുടർന്ന് കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചതിനു തൊട്ടു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗിൽ ഇപ്പോഴും ഡോക്റ്ററുടെ നിരീക്ഷണത്തിൽ തുടരുകയാണ്.ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ബിസിസിഐ മെഡിക്കൽ സംഘവും താരത്തെ നിരീക്ഷിക്കും.
ഗില്ലിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിച്ചത്. മൂന്നാം ദിനവും പന്ത് തന്നെയായിരിക്കും നയിക്കുക.
മുപ്പത്തഞ്ചാം ഓവറിൽ സിമോൺ ഹാമറിന്‍റെ പന്ത് ബൗണ്ടറി കടത്തിയതിനു പിന്നാലെയാണ് ഗില്ലിന്‍റെ കഴുത്ത് ഉളുക്കിയത്. ഉടൻ തന്നെ റിട്ടയേഡ് ഔട്ടായി മൈതാനം വിട്ടു. കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിലാണ് ചികിത്സ ലഭ്യമാക്കിയത്. പരുക്കിന്‍റെ തീവ്ര വിലയിരുത്തി ഉചിതമായ ചികിത്സ ലഭ്യമാക്കും വരെ നിരീക്ഷണത്തിൽ തുടരും.