ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ കഴുത്തിനു പരുക്കേറ്റ് പുറത്തേക്കു പോകുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.

 
Sports

ഗിൽ ആശുപത്രി വിട്ടു; രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല, പകരം മലയാളി താരം?

ശനിയാഴ്ച ഗോഹട്ടിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം അവസാന നിമിഷം മാത്രം. ഇന്ത്യൻ ടീമിൽ വലങ്കയ്യൻ ബാറ്റർമാരായി ഇനി കെ.എൽ. രാഹുലും ധ്രുവ് ജുറലും മാത്രം.

VK SANJU

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് ഞരമ്പ് വലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ കൊൽക്കത്തയിലെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു.

ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിവസം മൂന്ന് പന്തുകൾ മാത്രം നേരിട്ട ശേഷം പരുക്ക് കാരണം റിട്ടയേർഡ് ഹർട്ട് ആയതിനെ തുടർന്നാണ് ഗില്ലിനെ ആശുപത്രിയിലേക്കു മാറ്റിയത്. അദ്ദേഹത്തിന്‍റെ അഭാവം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ തകർച്ചയ്ക്ക് കാരണമാവുകയും 124 റൺസ് പിന്തുടർന്ന ഇന്ത്യ 30 റൺസിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

വിമാന യാത്ര ബുദ്ധിമുട്ട്

ഗില്ലിന്‍റെ യാത്രയും കായികക്ഷമതയുമാണ് നിലവിലുള്ള പ്രധാന ആശങ്ക. കഴുത്തിലെ പരുക്ക് കാരണം വാണിജ്യ വിമാന യാത്ര ഒഴിവാക്കണമെന്നാണ് ഡോക്റ്റർമാരുടെ ഉപദേശം. ബുധനാഴ്ച ഗോഹട്ടിയിലേക്കു യാത്ര തിരിക്കുന്ന ടീമിനൊപ്പം ചേരുന്നതിന് ഇതു തടസമാണ്.

തോൽവിക്കു ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീർ, ഗില്ലിന്‍റെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ഫിസിയോയും മെഡിക്കൽ സ്റ്റാഫും അദ്ദേഹത്തിന്‍റെ പുരോഗതി നിരീക്ഷിക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ കൊൽക്കത്തയിൽ നടത്തിയ ടീമിന്‍റെ പരിശീലന സെഷനിൽ ഗിൽ പങ്കെടുത്തിരുന്നില്ല.

ഗിൽ ഇല്ലെങ്കിൽ ആര്

ദേവദത്ത് പടിക്കൽ, സായ് സുദർശൻ.

ശുഭ്മൻ ഗിൽ ഗോഹട്ടി ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ, ഇന്ത്യൻ ടീം ഇടങ്കയ്യൻ ബാറ്റർമാരായ ബി. സായ് സുദർശൻ അല്ലെങ്കിൽ ദേവ്ദത്ത് പടിക്കൽ എന്നിവരെയാണ് പകരം പരിഗണിക്കുക. അടുത്തിടെ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ സുദർശൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഇന്ത്യ എ ടീമിന്‍റെ അനൗദ്യോഗിക ടെസ്റ്റുകളിലെ നാലിന്നിങ്സിൽ 32 റൺസായിരുന്നു ഉയർന്ന സ്കോർ.

ഓസ്ട്രേലിയക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും ഓരോ ടെസ്റ്റ് കളിച്ച മലയാളി താരം ദേവദത്ത് പടിക്കൽ മൂന്നിന്നിങ്സിലും ഒറ്റയക്ക സ്കോർ മാത്രമാണു നേടിയത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ 24 റൺസ് ആയിരുന്നു ഉയർന്ന സ്കോർ.

തന്ത്രപരമായ പ്രതിസന്ധി

കെ.എൽ. രാഹുൽ, ധ്രുവ് ജുറൽ

ഗില്ലിനു പകരം ടീമിലെത്തുന്നത് സുദർശൻ ആയാലും ദേവദത്ത് ആയാലും ഇന്ത്യൻ ബാറ്റിങ് നിരയിൽ ഇതോടെ ഏഴ് ഇടങ്കയ്യൻ ബാറ്റർമാർ വരാൻ സാധ്യതയുണ്ട്. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് മറ്റുള്ളവർ. സുന്ദറോ അക്ഷറോ അടുത്ത മത്സരത്തിൽ പുറത്തിരുന്നാൽ സുദർശനും ദേവദത്തും ഒരുമിച്ച് ടീമിലെത്തുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യത്തിൽ കെ.എൽ. രാഹുലും ധ്രുവ് ജുറലും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മാത്രമായിരിക്കും ബാറ്റിങ് നിരയിലെ വലങ്കയ്യൻ ബാറ്റർമാർ; ഫലത്തിൽ രാഹുലും ജുറലും മാത്രമായിരിക്കും സ്പെഷ്യലിസ്റ്റ് റൈറ്റ് ഹാൻഡർമാർ.

എന്നാൽ, ഇടങ്കയ്യൻ ബാറ്റർമാരെ അമിതമായി ഉൾപ്പെടുത്താനുള്ള ത്വര തിരിച്ചടിയാകുന്നതും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ കണ്ടതാണ്. ഓഫ് സ്പിന്നർ സൈമൺ ഹാർമർ നേടിയ എട്ട് വിക്കറ്റിൽ ആറും ഇടങ്കയ്യൻമാരുടേതായിരുന്നു. പാർട്ട് ഓഫ് സ്പിന്നറായ എയ്ഡൻ മാർക്രവും ഒരു ഇടങ്കയ്യനെ പുറത്താക്കി. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്‍റെ തിങ്ക് ടാങ്ക് സ്വീകരിക്കാൻ പോകുന്ന തന്ത്രപരമായ സമീപനം എന്തായിരിക്കും എന്നതും കൗതുകകരമാണ്.

ഗില്ലിന് അധ്വാന ഭാരം ഏറുന്നു

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ.

ഈ വർഷത്തെ ഐപിഎൽ മുതലിങ്ങോട്ട് തുടർച്ചയായി എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ശുഭ്മൻ ഗില്ലിന്‍റെ ജോലിഭാരം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരുക്ക് വീണ്ടും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ സമാനമായ ഞരമ്പ് വലിവ് കാരണം അദ്ദേഹം ഒരു ടെസ്റ്റ് നഷ്ടമായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരിക്കും അദ്ദേഹത്തിന്‍റെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. എന്നാൽ, തുടർന്നുള്ള പരമ്പരകളിൽ അദ്ദേഹത്തിന്‍റെ അധ്വാനഭാരം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകാം. നിലവിൽ ടെസ്റ്റ് - ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിന് ടി20 പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ടാൽ സഞ്ജു സാംസണോ യശസ്വി ജയ്സ്വാളോ അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളിയാകും.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി

അവഗണന; തൃശൂർ മുൻ ഡെപ‍്യൂട്ടി മേയർ പാർട്ടി വിട്ടു