സ്പോര്‍ട്സ് ലേഖകന്‍
ഇന്ത്യന്‍ ഫുട്ബോളിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലഘട്ടമാണിത്. ആദ്യം ഇന്റര്‍ കോണ്ടിനെന്റല് കപ്പ് സ്വന്തമാക്കി. ഇപ്പോഴിതാ സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് കിരീടത്തിന്റെ തൊട്ടരികില്‍. ഈ നേട്ടങ്ങള്‍ക്ക് കടപ്പിട്ടിരിക്കുന്നത് പലരോടായിരിക്കാം. സുനില്‍ ഛേത്രിയും അന്‍വര്‍ അലിയും സഹല്‍ അബ്ദുള്‍ സമദുമൊക്കെയുണ്ടാകും. എന്നാല്‍, കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയുടെ വിജയങ്ങള്‍ക്ക് കാരണമാകുന്നത് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പ്രകടനമാണെന്നു നിസംശയം പറയാം.
നിശബ്ദനായ പോരാളിയായി ഗോള്‍ പോസ്റ്റിനു മുന്നില്‍ നിലയുറപ്പിക്കുന്ന ഗുര്‍പ്രീതിന്റെ മികവിലാണ് സാഫ് ഫുട്ബോള്‍ സെമിയില്‍ ഇന്ത്യ ലെബനനെ ഷൂട്ടൗട്ടിൽ കീഴടക്കിയത്. ലെബനന് താരം ഹസന് മാറ്റുക്കിന്റെ കിക്ക് അവിശ്വസനീയമാം വണ്ണം ഗുര്‍പ്രീത് തടുത്തു. ബോക്സില്‍ നിറഞ്ഞുനില്ക്കുന്ന ഗുര്‍പ്രീതിനെ കണ്ട് ലെബനന്റെ ഖലീല്‍ ബാദറിന്റെ ഷോട്ട് ലക്ഷ്യം തെറ്റുകയും ചെയ്തു. ക്രിക്കറ്റില്‍ ഇന്ത്യയുടെ വൻമതിൽ എന്ന് നാം രാഹുല്‍ ദ്രാവിഡിനെ പറയുമെങ്കില്‍ ഫുട്ബോളിലേക്കു വരുമ്പോള്‍ ആ പേര് ഇണങ്ങുന്നത് ഗുര്പ്രീതിനാണ്.
61 മത്സരങ്ങള്‍ ഇന്ത്യക്കായി വല കാത്തപ്പോള്‍ അതില്‍ 24 ക്ലീന്‍ ഷീറ്റ്സാണ് ഗുര്‍പ്രീത് സൃഷ്ടിച്ചത്. ഇതൊരു റെക്കോഡാണ്. മറ്റൊരു ഇന്ത്യന്‍ ഗോള്‍ കീപ്പറായിരുന്ന സുബ്രത പാലിനായിരുന്നു ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ ഉണ്ടായിരുന്നത്. 67 മത്സരങ്ങളില്‍ 18 ക്ലീന്‍ ഷീറ്റ് ആയിരുന്നു സുബ്രതപാലിനുണ്ടായിരുന്നത്. മൂന്നാം സ്ഥാനം പീറ്റര്‍ തങ്കരാജിനാണ്, 55 മത്സരങ്ങളില്‍ 15 ക്ലീന്‍ ഷീറ്റുകള്‍. യുവേഫ യൂറോപ്പ ലീഗ് യോഗ്യതാ മത്സരത്തില്‍ കളിച്ച ഒരേയൊരു ഇന്ത്യന്‍ താരം കൂടിയാണ് ഗുര്‍പ്രീത്. 2016ല്‍ നോര്‍വീജിയന്‍ ക്ലബ് സ്റ്റാബോയിക് ഫുട്ബോളിനു വേണ്ടിയാണ് ഗുര്‍പ്രീത് സിങ് കളിച്ചത്. അതുപോലെ ഇന്ത്യന്‍ നായകനായ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടിയാണ് ഗുര്‍പ്രീത്. ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാക്കിന്റെ തന്ത്രങ്ങളുടെ കൂടി ഫലമാണ് ഗുര്‍പ്രീതിന്റെ വിജയം. ടീമിലെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ അമരീന്ദര്‍ സിങ്ങുള്ളപ്പോഴും റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഗുര്‍പ്രീതിന് അവസരങ്ങള്‍ ലഭിച്ചു. ഇതോടെ ഗുര്‍പ്രീതിനു തന്റെ കഴിവുകള്‍ പ്രദര്ശിപ്പാനുമായി. നാളെ കുവൈറ്റിനെതിരേയാണ് ഇന്ത്യ ഫൈനല്‍ കളിക്കേണ്ടത്. ടീമിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമാകുന്ന താരവും ഗുര്‍പ്രീത് സിങ് തന്നെ. ഇന്ത്യയുടെ തുടര്‍ച്ചയായ ഒമ്പതാം സാഫ് കപ്പ് ഫൈനല്‍ പ്രവേശനമാണിത്.
ഇതില്‍ 2005, 2009, 2011, 2015, 2021 വര്‍ഷങ്ങളില്‍ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയപ്പോള്‍ 2008, 2013, 2018 വര്‍ഷങ്ങളില്‍ ഫൈനലില്‍ പരാജയപ്പെട്ടു. ഒന്നര മണിക്കൂറോളം നേരം ശ്രീകണ്ഠീരവയില്‍ ആവേശാരവം മുഴക്കിയ ഇന്ത്യന്‍ കാണികള്‍ക്ക് ഇന്ത്യന്‍ വിജയത്തില്‍ നന്ദി പറഞ്ഞുകൊണ്ട് സുനില്‍ ഛേത്രിയും ഗുര്പീതും രംഗത്തെത്തി. കാണികളുടെ പ്രചോദനവും പ്രോത്സാഹനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായെന്ന് ഇരുവരും പറഞ്ഞു. ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം കാണികളെ അഭിവാദ്യം ചെയ്ത് വൈക്കിംഗ് ക്ലാപ് ചെയ്തു. ഇന്ത്യന്‍ വിജയത്തില്‍ ഇരട്ടിമധുരമായി ഈ കാഴ്ച. കാണികളാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ കരുത്ത് എന്ന വിശേഷണങ്ങള്‍ അടിവരയിട്ട് ഉറപ്പിക്കുന്ന കാഴ്ച കൂടിയായി ഇത്. നായകന് സുനില്‍ ഛേത്രിയടക്കമുള്ള എല്ലാ താരങ്ങളും വൈക്കിംഗ് ക്ലാപ്പിനുണ്ടായിരുന്നു.