യുസ്‌വേന്ദ്ര ചഹൽ, മുൻ ഭാര്യ ധനശ്രീക്കൊപ്പം ചഹൽ

 
Sports

"ഉറക്കമില്ലാതായി, മണിക്കൂറുകളോളം കരഞ്ഞു, മരിച്ചാലോ എന്നു പോലും ആലോചിച്ചു"; വെളിപ്പെടുത്തലുമായി ചഹൽ

മാനസിക സംഘർഷം മൂലം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നതോടെ ക്രിക്കറ്റിൽ നിന്ന് തന്നെ വിട്ടു നിൽക്കാൻ ആലോചിച്ചിരുന്നുവെന്നും ചഹൽ വെളിപ്പെടുത്തി.

ന്യൂഡൽഹി: വിവാഹമോചനത്തിനു പിന്നാലെയുണ്ടായ മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ. വഞ്ചകനെന്ന് മുദ്ര കുത്തപ്പെട്ട കാലത്ത് ജീവനൊടുക്കിയാലോ എന്ന് നിരന്തരമായി ചിന്തിച്ചിരുന്നുവെന്ന് രാജ് ഷമാനി പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ചഹൽ വെളിപ്പെടുത്തിയത്.

വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ തന്നെ ധനശ്രീ വർമയുമായി ചഹൽ വിവാഹമോചനം നേടിയിരുന്നു.‌ വിവാഹമോചനത്തിനു ശേഷം തന്നെ പലരും വഞ്ചകനെന്നു വിളിച്ചിട്ടുണ്ടെന്നു ചഹൽ പറഞ്ഞു. പക്ഷേ, എന്‍റെ ജീവിതത്തിൽ ഞാനാരെയും വഞ്ചിച്ചിട്ടില്ല. സാധാരണയിൽ കൂടുതൽ ആത്മാർഥത കാണിക്കുന്നൊരാളാണ് ഞാൻ. പ്രത്യേകിച്ച്, എന്‍റെ പ്രിയപ്പെട്ടവരുടെ കാര്യത്തിൽ ഞാനെപ്പോഴും ഹൃദയം കൊണ്ടാണ് ചിന്തിക്കാറുള്ളത്- ചഹൽ പറഞ്ഞു.

''അക്കാലത്ത് എനിക്ക് ആത്മഹത്യ ചെയ്താലോ എന്ന ചിന്തകൾ ഉണ്ടായിരുന്നു. ജീവിതം എന്നെ വല്ലാതെ തളർത്തിയിരുന്നു. ദിവസത്തിൽ രണ്ടു മണിക്കൂറെങ്കിലും ഞാൻ കരയാറുണ്ടായിരുന്നു. ഉറക്കം വെറും രണ്ടു മണിക്കൂറിലേക്ക് ചുരുങ്ങിയിരുന്നു. ഏതാണ്ട് നാൽപ്പത് ദിവസത്തോളം ഇതേ രീതിയിലായിരുന്നു ജീവിതം. ആങ്സൈറ്റി അറ്റാക്കും വിഷാദവും പലതവണ ഉണ്ടായി. ഞാനെങ്ങനെയുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് എന്നോട് അത്രയും അടുപ്പമുള്ളവർക്ക് മാത്രമേ അറിയാൻ സാധിച്ചിരുന്നുള്ളൂ'', ചഹൽ മനസ് തുറന്നു.

മാനസിക സംഘർഷം മൂലം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വന്നതോടെ ക്രിക്കറ്റിൽ നിന്ന് തന്നെ വിട്ടു നിൽക്കാൻ ആലോചിച്ചിരുന്നുവെന്നും ചഹൽ വെളിപ്പെടുത്തി. ജോലിയോടുള്ള സമർപ്പണം ഇരുവർക്കും അധികമായിരുന്നുവെന്നതും പരസ്പരം അകലുന്നതിൽ വലിയ പങ്കു വഹിച്ചുവെന്നും ചഹൽ.

വിവാഹം കഴിഞ്ഞ് അധിക കാലമാകും മുൻപേ അകൽച്ച ആരംഭിച്ചിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഉറപ്പാകും വരെ അക്കാര്യം തുറന്നു പറയാതിരിക്കാനാണ് തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിൽ ഞങ്ങൾ സാധാരണ ദമ്പതികളെപ്പോലെ പെരുമാറി. പക്ഷേ, അപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ബന്ധം മുന്നോട്ടു പോകാൻ വിട്ടുവീഴ്ച ആവശ്യമാണ്. രണ്ട് പേരും തിരക്കിലാകുമ്പോൾ അകലം കൂടിക്കൊണ്ടിരിക്കും- ചഹൽ പറയുന്നു.

അക്കാലത്ത് പടർന്നു പിടിച്ചിരുന്ന അഭ്യൂഹങ്ങളെല്ലാം തന്നെ ആഴത്തിൽ ബാധിച്ചിരുന്നു. രണ്ട് സഹോദരിമാരുണ്ടെന്നും, എങ്ങനെയാണ് സ്ത്രീകളെ ബഹുമാനിക്കേണ്ടതെന്നു തനിക്കറിയാമെന്നും ചഹൽ.

'ബി യുവർ ഓൺ ഷുഗർ ഡാഡി' എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ചഹൽ വിവാഹമോചന കേസിനു കോടതിയിൽ ഹാജരായത്. അതു താൻ ചിന്തിച്ചു ചെയ്തതാണെന്നും താരം പറയുന്നു. ഞാനൊരു തരത്തിലുള്ള ഡ്രാമയും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, അപ്പുറത്തു നിന്ന് അത്തരത്തിൽ ചിലത് സംഭവിച്ചിരുന്നു. അതു കൊണ്ട് അക്കാര്യത്തിൽ തനിക്കു പറയാനുള്ളത് വ്യക്തമാക്കാനാണ് ആ ടി ഷർട്ട് ധരിച്ചത്. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ചഹൽ.

എന്തു തന്നെയായാലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വിവാഹമോചനത്തെ പക്വതയോടെയും ഇരുപക്ഷത്തിന്‍റെയും സമ്മതത്തോടെയും കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും ചഹൽ.

2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും വെവ്വേറെ ഇടങ്ങളിലാണ് താമസിച്ചിരുന്നത്. ധനശ്രീക്കു 4.75 കോടി രൂപയാണ് ചഹൽ വിവാഹമോചന സമയത്ത് നഷ്ടപരിഹാരമായി നൽകിയത്.

നയം മാറ്റി ട്രംപ്; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു

തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

പൂയംകുട്ടി പുഴയിൽ വീണ്ടും കാട്ടാനകളുടെ ജഡം ഒഴുകി‍യെത്തി; ജഡത്തിന് രണ്ടാഴ്ചയിലേറെ പഴക്കം

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ