വൈഭവ് സൂര്യവംശി

 
Sports

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

സെൻട്രൽ സോണിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് 15 വയസും 157 ദിവസവും പ്രായമുള്ള വൈഭവ് ഈ നേട്ടത്തിലെത്തിയത്

Sarath Nath MS

ബെംഗളൂരു: 15ാം വയസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്. സെൻട്രൽ സോണിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് 15 വയസും 157 ദിവസവും പ്രായമുള്ള വൈഭവ് ഈ നേട്ടത്തിലെത്തിയത്.

42 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് മൂന്ന് സിക്സും അഞ്ച് ഫോറും നേടി. ഇതോടെ 57 വർഷം പഴക്കമുള്ള ലക്ഷ്മൺ സിങ്ങിന്‍റെ റെക്കോർഡാണ് താരം മറികടന്നത്. 1969ൽ 16 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് ലക്ഷ്മൺ സിങ് ദുലീപ് ട്രോഫിയിൽ അർധസെഞ്ചുറി നേടിയത്. ദുലീപ് ട്രോഫിയിൽ ഏറ്റവും പ്രായം കുറഞ്ഞ അർധസെഞ്ചുറി താരങ്ങളുടെ പട്ടികയിൽ വൈഭവ് ഒന്നാമതെത്തി. ലക്ഷ്മൺ സിങ് രണ്ടാം സ്ഥാനത്തും പിയൂഷ് ചൗള മൂന്നാം സ്ഥാനത്തുമാണ്. 16 വയസും 307 ദിവസവും പ്രായമുള്ളപ്പോഴാണ് ചൗള ദുലീപ് ട്രോഫിയിൽ അർധസെഞ്ചുറി നേടിയത്.

സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദുലീപ് ട്രോഫി താരമെന്ന റെക്കോർഡും വൈഭവിന്‍റെ മുന്നിലുണ്ടായിരുന്നു. എന്നാൽ സെഞ്ചുറിക്ക് എട്ട് റൺസ് അകലെ 92 റൺസിൽ താരം പുറത്തായി. 81 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സും ഉൾപ്പെടുന്നതായിരുന്നു വൈഭവിന്‍റെ തകർപ്പൻ ഇന്നിങ്സ്.

നിലവിലെ ദുലീപ് ട്രോഫി സെമിഫൈനലിൽ ഈസ്റ്റ് സോണിനായാണ് വൈഭവ് കളിക്കുന്നത്. ക്യാപ്റ്റൻ ഇഷാൻ കിഷൻ പരുക്കേറ്റ് കളത്തിന് പുറത്തായതിനെ തുടർന്ന് വൈഭവാണ് ടീമിനെ നയിച്ചത്. ഇഷാൻ കിഷന് വലത് കൈത്തണ്ടയ്ക്ക് പരുക്കേറ്റതിനെ തുടർന്നാണ് വൈഭവ് ക്യാപ്റ്റന്‍റെ താത്കാലിക ചുമതല ഏറ്റെടുത്തത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത സെൻട്രൽ സോണിനെ 266 റൺസിന് ഈസ്റ്റ് സോൺ പുറത്താക്കി.