ഷഫാലി വർമ
ന‍്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെ ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി യുവ താരം ഷഫാലി വർമ. 21കാരിയായ ഷഫാലി നിലവിൽ ടി20 ബാറ്റർമാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.
ശ്രീലങ്കയ്ക്കെതിരായ 4 ടി20 മത്സരത്തിൽ നിന്ന് 3 അർധസെഞ്ചുറി അടക്കം 236 റൺസാണ് ഷഫാലി അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ പരമ്പരയ്ക്ക് മുൻപ് ഐസിസി റാങ്കിങ്ങിൽ പത്താം സ്ഥാനത്തായിരുന്നു താരം. അതേസമയം, ഷഫാലിക്കു പുറമെ സ്മൃതി മന്ഥനയും ജെമീമ റോഡ്രിഗസുമാണ് ബാറ്റർമാരുടെ പട്ടികയിൽ ആദ‍്യ പത്തിൽ ഇടം പിടിച്ച മറ്റു ഇന്ത‍്യൻ താരങ്ങൾ.
767 റേറ്റിങ് പോയിന്‍റുകളുമായി സമൃതി മൂന്നാം സ്ഥാനത്തും 643 റേറ്റിങ് പോയിന്‍റുകളുമായി ജെമീമ പത്താം സ്ഥാനത്തുമാണ്. ബൗളിങ്ങിൽ ഇന്ത‍്യയുടെ ദീപ്തി ശർമയാണ് ഒന്നാം സ്ഥാനത്ത്. ദീപ്തിക്കു പുറമെ രേണുക സിങ് ഠാക്കൂർ മാത്രമാണ് ആദ‍്യ പത്തിൽ ഇടം പിടിച്ച മറ്റു ഇന്ത‍്യൻ ബൗളർ.