മത്സരത്തിൽ നിന്നും
ധാംബുള്ള: ഇന്ത‍്യ എ ടീമിനെതിരായ ഏകദിന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ എ ടീമിന് വിജയം. മഴ മൂലം 49 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത‍്യ 9 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 25.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് അടിച്ചെടുത്തിരുന്നു. വീണ്ടും മഴ വന്നതിനാൽ മത്സരം താത്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നു.
ഇതോടെ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം അഫ്ഗാനിസ്ഥാൻ വിജയിച്ചു. ക‍്യാപ്റ്റൻ ഇമ്രാനും (75 നോട്ടൗട്ട്) ബാഹിർ ഷായും (51 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. ഹസൻ ഐസഖിൽ 34 റൺസ് നേടിയപ്പോൾ ഖാലിദ് താനിവാലിന് തിളങ്ങാനായില്ല. ഇന്ത‍്യയ്ക്കു വേണ്ടി അർഷാദ് ഖാനും അങ്കുൽ റോയ്‌യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
കഴിഞ്ഞ മത്സരത്തിൽനിന്നു വ്യത്യസ്തമായി, വൈഭവ് സൂര്യവംശിയും പ്രഭ്സിമ്രൻ സിങ്ങും ചേർന്ന് ടീമിനു മികച്ച തുടക്കം നൽകി. 22 പന്തിൽ 44 റൺസെടുത്ത് സൂര്യവംശി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ഏഴോവറിൽ എഴുപത് പിന്നിട്ടിരുന്നു. പ്രിയാം ആര്യ (8) വേഗത്തിൽ മടങ്ങിയെങ്കിലും പ്രഭ്സിമ്രന് ഋതുരാജ് ഗെയ്ക്ക്വാദ് ഉറച്ച പിന്തുണ നൽകി. 69 പന്തിൽ 84 റൺസെടുത്താണ് പ്രഭ്സിമ്രൻ പുറത്തായത്. തുടർന്ന് തിലക് വർമയും ഒരുമിച്ച് ഗെയ്ക്ക്വാദിന്‍റെ കൂട്ടുകെട്ട്. ഇരുവരും 66 റൺസ് വീതം നേടി. ഏഴാം നമ്പറിലിറങ്ങിയ പേസ് ബൗളിങ് ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെ 27 പന്തിൽ 40 റൺസുമായി ടീമിന്‍റെ റൺ റേറ്റ് ഉയർത്തി. അഫ്ഗാനിസ്ഥാനു വേണ്ടി യുവ പേസ് ബൗളർമാരായ അബ്ദുള്ള അഹമ്മദ്സായ് അഞ്ച് വിക്കറ്റും ഫർമാനുള്ള സാഫി മൂന്ന് വിക്കറ്റും വീഴ്ത്തി.