ബി. സായ് സുദർശനും കെ.എൽ. രാഹുലും മത്സരത്തിനിടെ.
ലഖ്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പര ഇന്ത്യ എ ടീം സ്വന്തമാക്കി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 412 വിജയലക്ഷ്യം പിന്തുടർന്ന് ഐതിഹാസിക നേട്ടമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. രണ്ടാമിന്നിങ്സിൽ 176 റൺസെടുത്ത് പുറത്താകാതെ നിന്ന ഓപ്പണർ കെ.എൽ. രാഹുലും 100 റൺസെടുത്ത വൺ ഡൗൺ ബാറ്റർ ബി. സായ് സുദർശനും 56 റൺസെടുത്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറലുമാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ.
നോരത്തെ, 420 റൺസ് എന്ന ഓസ്ട്രേലിയ എ ടീമിന്‍റെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ ഇന്ത്യ എ 194 റൺസിന് ഓൾഔട്ടായിരുന്നു. എന്നാൽ, ഓസ്ട്രേലിയ എയുടെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ എ, രണ്ടാം ഇന്നിങ്സിൽ 412 റൺസ് എന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു.
ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലാകെ എട്ട് വിക്കറ്റ് നേടിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാർ ടീമിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ടിന്നിങ്സിലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാർ ഈ പരമ്പരയുടെ കണ്ടെത്തലാണ്.
വെസ്റ്റിൻഡീസിനെ നേരിടാനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നിതീഷ് കുമാർ റെഡ്ഡിയും ഈ മത്സരത്തിൽ കളിച്ചു. സിറാജ് രണ്ടിന്നിങ്സിലായി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ആദ്യ ഇന്നിങ്സിൽ മാത്രം പന്തെറിഞ്ഞ പ്രസിദ്ധിന് ഒരു വിക്കറ്റ് മാത്രമാണ് കിട്ടിയത്. നിതീഷിന് രണ്ടിന്നിങ്സിലും വിക്കറ്റില്ല. ആദ്യ ഇന്നിങ്സിൽ ഒരു റണ്ണിനു പുറത്തായ നിതീഷ്, രണ്ടാമിന്നിങ്സിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു.
റിസർവ് ഓപ്പണറും ബാക്കപ്പ് വിക്കറ്റ് കീപ്പറുമായി ടെസ്റ്റ് ടീമിലെത്തിയ എൻ. ജഗദീശനാണ് രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആദ്യ ഇന്നിങ്സിൽ 38 റൺസും രണ്ടാമിന്നിങ്സിൽ 34 റൺസും നേടി.
210 പന്തിൽ 16 ഫോറും നാല് സിക്സും സഹിതം 176 റൺസെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ് പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്സിൽ 11 റൺസിനു പുറത്തായിരുന്നു. അതേസമയം, രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടും മുൻപ് സായ് സുദർശൻ ആദ്യ ഇന്നിങ്സിൽ 75 റൺസുമായി ഇന്ത്യ എയുടെ ടോപ് സ്കോററുമായി.