നിഷാന്ത് സിന്ധു.
File
രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ എ ടീമിന് ഒമ്പത് വിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ 2-0 എന്ന അപരാജിത ലീഡ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റ് വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്.
രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാർക്കസ് ആക്കർമാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, 30.3 ഓവറിൽ അവർ 132 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ നിഷാന്ത് സിന്ധുവാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 21 റൺസിനു മൂന്ന് വിക്കറ്റ് നേടിയ ഹർഷിത് റാണയും മികവ് പുലർത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ തിലക് വർമയ്ക്കും കിട്ടി ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ (22 പന്തിൽ 33) അധിക നേരം തുടർന്നില്ലെങ്കിലും, ഋതുരാജ് ഗെയ്ക്ക്വാദും തിലക് വർമയും ചേർന്ന് 28ാം ഓവറിൽ തന്നെ ടീമിനെ ജയത്തിലെത്തിച്ചു. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ഗെയ്ക്ക്വാദ് ഇക്കുറി 68 റൺസെടുത്ത് പുറത്താകാതെ നിന്നു. തിലക് 29 നോട്ടൗട്ട്. അതേസമയം അഭിഷേക് ആദ്യ മത്സരത്തിലും 31 റൺസ് മാത്രമാണു നേടിയത്.